'പറയാനുള്ളത് ആരോടായാലും കൃത്യമായി പറയുന്ന ആളാണ് രാജു, സുകുവേട്ടന്റെ ചോരയുടെ ​ഗുണം കാണാതെയിരിക്കുമോ?'; സായ് കുമാർ

'പറയാനുള്ളത് ആരോടായാലും കൃത്യമായി പറയുന്ന ആളാണ് രാജു, സുകുവേട്ടന്റെ ചോരയുടെ ​ഗുണം കാണാതെയിരിക്കുമോ?'; സായ് കുമാർ
Published on

പൃഥ്വിരാജ് എന്ന നടനോടും സംവിധായകനോടും സ്നേഹം കൊണ്ടുള്ള ഒരു കൗതുകമാണ് തനിക്ക് എപ്പോഴും തോന്നുന്നത് എന്ന് നടൻ സായ് കുമാർ. സുകുവേട്ടൻ പറയുന്നത് അനുസരിച്ചു വളർന്ന ഒരു കൊച്ചു കുട്ടിയിൽ നിന്ന് ഇന്ന് തനിക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായി സഹപ്രവർത്തരോട് സംവദിക്കുന്ന പൃഥ്വിരാജിലേക്കുള്ള മാറ്റം വളരെ കൗതുകകരമാണ് എന്നും പൃഥ്വിരാജ് എന്ന നടനെക്കാൾ പൃഥ്വിരാജ് എന്ന സംവിധായകനെയാണ് തനിക്ക് കൂടുതൽ ഇഷ്ടം എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ്കുമാർ പറഞ്ഞു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിൽ സായ് കുമാർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ വർമ്മ എന്ന കഥാപാത്രമായാണ് സായ് കുമാർ എത്തിയത്. പൃഥ്വിയുടെ സംവിധാനത്തിൽ അഭിനയിക്കുക എന്നത് സുഖകരമായ കാര്യമാണ് എന്നും സായ് കുമാർ കൂട്ടിച്ചേർത്തു.

സായ് കുമാർ പറഞ്ഞത്:

വളരെ ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാണ് അവനെ. അതിൽ നിന്നും ഇപ്പോഴത്തെ രാജു എന്ന് പറയുന്നത് എനിക്ക് സ്നേഹം കൊണ്ടുള്ള ഒരു കൗതുകമാണ്. "നീ അത് എടുക്കണ്ട ഇങ്ങോട്ട് മാറി നിൽക്ക് എന്ന്" സുകുവേട്ടൻ പറയുമ്പോൾ മാറി നിന്നിട്ടുള്ള ആള് "അങ്ങനെ അല്ല ചേട്ടാ ഇങ്ങനെ ചെയ്യണേ" എന്ന് പറയുമ്പോഴുണ്ടാകുന്ന നമ്മുടെ ഒരു കൗതുകം ഉണ്ടല്ലോ? എനിക്ക് പൃഥ്വിരാജ് എന്ന നടനെയും സംവിധായകനെയും വച്ച് നോക്കുകയാണെങ്കിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പൃഥ്വിരാജ് എന്ന സംവിധായകനെയാണ്. അതൊരു മാജിക്കാണ്. സുഖമാണ്. രാജുവിന്റെ കൂടെ അഭിനയിക്കാൻ നമുക്ക് വലിയ സുഖമാണ്. അഭിനയിക്കുമ്പോഴും സുഖമാണ്. എന്നാൽ സംവിധാനം ചെയ്യുമ്പോൾ രാജു പറഞ്ഞു തരുന്നതിൽ ഒരു സംശയങ്ങളോ അല്ലെങ്കിൽ ഇല്ല മോനെ ഇങ്ങനെയല്ലേ ചെയ്യേണ്ട എന്ന് ചോദിക്കേണ്ട ഒരു അവസരമോ തരില്ല. എനിക്ക് അതാണ് വേണ്ടതെങ്കിൽ എനിക്ക് അതാണ് വേണ്ടത് എന്ന് കൃത്യമായി പറയുന്ന ഒരാളാണ്. അത് ആരോടായാലും. നമ്മളോട് ഇങ്ങനെയായിരിക്കണം എന്ന് പറഞ്ഞു തന്നിട്ടുള്ള സുകുവേട്ടന്റെ മക്കളാണല്ലേ അത്. ആ ചോരയല്ലേ? അതുകൊണ്ട് ആ ​ഗുണം തീർച്ചയായും ഉണ്ടായിരിക്കണമല്ലോ?

Related Stories

No stories found.
logo
The Cue
www.thecue.in