ഇതരജാതിക്കാരെ വിവാഹം കഴിക്കുന്നവരെ ഒറ്റപ്പെടുത്തും, ചടങ്ങുകളില്‍ പങ്കെടുപ്പിക്കില്ല; സ്വന്തം സമുദായത്തിലെ ജാതീയതയെ കുറിച്ച് സായ് പല്ലവി

ഇതരജാതിക്കാരെ വിവാഹം കഴിക്കുന്നവരെ ഒറ്റപ്പെടുത്തും, ചടങ്ങുകളില്‍ പങ്കെടുപ്പിക്കില്ല; സ്വന്തം സമുദായത്തിലെ ജാതീയതയെ കുറിച്ച് സായ് പല്ലവി
Published on

സ്വന്തം സമുദായത്തിലെ ജാതീയതയെ കുറിച്ച് തുറന്നുപറഞ്ഞ് നടി സായി പല്ലവി. നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത തമിഴ് ആന്തോളജി പാവ കഥൈകളിലെ 'ഊര്‍ ഇരവ്' എന്ന ചെറു ചിത്രം ചര്‍ച്ചയായിരിക്കെയാണ്, സ്വന്തം സമുദായത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ കുറിച്ച് നടി വെളിപ്പെടുത്തുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ഊര്‍ ഇരവില്‍ സായ് പല്ലവിയും പ്രകാശ് രാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറ്റൊരു സമുദായത്തില്‍ നിന്നുള്ളയാളെ വിവാഹം കഴിച്ചാല്‍ സമൂഹം ഒറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ചിത്രത്തില്‍ പ്രതിപാദിക്കുന്ന ബഡാഗ വിഭാഹത്തില്‍പ്പെട്ട സായ് പല്ലവി പറയുന്നു. ദ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. 'നിങ്ങള്‍ ബഡാഗ കമ്മ്യൂണിറ്റിയില്‍ നിന്നു വരുന്നയാളാണ്, വളര്‍ന്നുവരുമ്പോള്‍, ജാതിയെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ച്ചപ്പാട് എന്തായിരുന്നു?', എന്ന ചോദ്യത്തിനായിരുന്നു സായ് പല്ലവിയുടെ മറുപടി.

'സത്യസന്ധമായി പറഞ്ഞാല്‍ എന്റെ കമ്മ്യൂണിറ്റിയില്‍ നടന്നിരുന്ന ചില കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് പറയാനാവില്ല. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് ഈ ക്രൂരതയെകുറിച്ചും, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എത്രമാത്രം അക്രമങ്ങള്‍ നടക്കുന്നു എന്നതിനെ കുറിച്ചുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ കമ്മ്യൂണിറ്റിയിലെ ആളുകള്‍ കുറച്ച് സോഫ്റ്റ് ആണ്. പക്ഷെ ചെറിയ കുട്ടിയായിരുന്ന സമയം മുതല്‍ തന്നെ വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു.

കുറെ പേര്‍ സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അതിന് ശേഷം അവരാരും തന്നെ കോട്ടഗിരിയില്‍ ഹാട്ടിയില്‍ താമസിക്കുന്നില്ല. നിങ്ങള്‍ ബഡാഗ സമുദായത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ ഗ്രാമത്തിലുള്ളവര്‍ നിങ്ങളെ വേറൊരു രീതിയിലാണ് കാണുക. അവര്‍ നിങ്ങളോട് ഇടപഴകില്ല, ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും നിങ്ങളെ ക്ഷണിക്കില്ല. മപണാനന്തര ചടങ്ങുകള്‍ക്ക് പോലും പോകാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടാകില്ല. ഇത് അവരുടെ ജീവിതരീതിയെ തന്നെ ബാധിക്കാം. ആ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ല.

ഈ സിനിമയ ചെയ്ത ശേഷം ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞു, എനിക്ക് എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കേണ്ടി വരും. മറ്റ് സമുദായങ്ങളെപ്പറ്റി എനിക്ക് അറിയില്ലായിരിക്കാം പക്ഷെ എന്റെ സമുദായത്തെക്കുറിച്ച് എനിക്ക് അറിയാം. സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിക്കുന്നത് എല്ലായിടത്തും നടക്കുന്ന കാര്യമല്ലേയെന്നും അത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു അച്ഛന്റെ മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും ഇതു പറഞ്ഞ് ഒരാളെ നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെ തെരഞ്ഞെടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. ഇത് വല്ലാതെ അസ്വസ്ഥത പെടുത്തുന്ന കാര്യമാണെന്നും ഞാന്‍ പറഞ്ഞു.

അച്ഛന്‍ എന്റെയും സഹോദരിയുടെയും കാര്യത്തില്‍ സ്വതന്ത്രമായി ചിന്തിക്കുമെങ്കിലും മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച് പൊതുവായി പറയുമ്പോള്‍ അത് അങ്ങനെയാണെന്നും, അതൊന്നും അദ്ദേഹത്തിന് മാറ്റാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്', സായ് പല്ലവി പറഞ്ഞു.

Sai Pallavi About Her Community

Related Stories

No stories found.
logo
The Cue
www.thecue.in