'സിനിമയിലേക്ക് പോകരുതെന്ന് അമ്മ പറഞ്ഞു' ; 'മഹായാനം' പരാജയപ്പെട്ടപ്പോൾ കുടുംബം ഒരുപാട് താഴേക്ക് പോയിരുന്നെന്ന് റോബി വർ​ഗീസ്

'സിനിമയിലേക്ക് പോകരുതെന്ന് അമ്മ പറഞ്ഞു' ; 'മഹായാനം' പരാജയപ്പെട്ടപ്പോൾ കുടുംബം ഒരുപാട് താഴേക്ക് പോയിരുന്നെന്ന് റോബി വർ​ഗീസ്
Published on

താൻ സിനിമയിലേക്ക് വരാനുള്ള കാരണം അച്ഛൻ സി.ടി.രാജനാണെന്നും പക്ഷേ അദ്ദേഹത്തിന് അത് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ഛായാ​ഗ്രാഹകനും സംവിധായകനുമായ ​റോബി വർ​ഗീസ്. അച്ഛൻ പ്രൊഡ്യൂസറായിരുന്നു എന്നും പക്ഷേ നിർമിച്ച സിനിമ മൊത്തത്തിൽ പരാജയമായിരുന്നു എന്നും ​റോബി വർ​ഗീസ് പറയുന്നു. മമ്മൂട്ടിയെ നായകനാക്കി 1989 ൽ ലോഹിതദാസ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത മഹായാനം എന്ന ചിത്രം നിർമിച്ചത് ​റോബി വർ​ഗീസിന്റെ അച്ഛൻ സി.ടി.രാജനായിരുന്നു. വലിയ നിരൂപക പ്രശംസ നേടിയ ചിത്രത്തിന് എന്നാൽ അക്കാലത്ത് മികച്ച ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം കുടുംബം വളരെ താഴേക്ക് പോയിരുന്നു എന്നും അമ്മയുടെ ​ഗവൺമെന്റ് ജോലികൊണ്ടാണ് പിടിച്ചു നിന്നതെന്നും ​റോബി വർ​ഗീസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റോബി വർ​ഗീസ് പറഞ്ഞത് :

എന്റെ അച്ഛൻ ശരിക്കും പ്രൊഡ്യൂസറായിരുന്നു. പക്ഷേ അത് മൊത്തത്തിൽ വളരെ ലോസായ ഒരു പടമായിരുന്നു. ഞങ്ങൾ ഫാമിലിയായി വളരെ താഴേക്ക് പോയ സമയമായിരുന്നു അത്. അതിന് ശേഷം മെല്ലെ അഡ്ജസ്റ്റ് ചെയ്ത് പോകുകയായിരുന്നു. അമ്മയ്ക്ക് ​ഗവൺമെന്റ് ജോലിയായിരുന്നു. അതൊക്കെ വച്ചാണ് മാനേജ് ചെയ്ത് പോയ്ക്കൊണ്ടിരുന്നത്. ഈ സമയത്ത് പടം ചെയ്യുമ്പോൾ ഞാൻ ഇതൊന്നും ഓർത്തിരുന്നില്ല, ഞാൻ സിനിമയിലേക്ക് വരാനുള്ള കാരണം അച്ഛൻ തന്നെയാണ്. പക്ഷേ അദ്ദേഹത്തിന് തന്നെയത് മനസ്സിലായിട്ടില്ല ശരിക്കും.

ഒരിക്കലും സിനിമ തെരഞ്ഞെടുത്തതിൽ വീട്ടുകാർ ഹാപ്പി ആയിരുന്നില്ല, കാരണം അതിന്റെ ബാക്ക് സ്റ്റോറി എന്ന് പറയുന്നത് വളരെ ഇമോഷണലായിട്ടുള്ള ഒരു ബാക്ക് സ്റ്റോറിയാണ്. അമ്മയൊക്കെ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് മോനെ സിനിമയിലേക്ക് ഇനി പോകണ്ട. ഇത്രയും പ്രശ്നങ്ങളായി നമുക്ക്, അതുകൊണ്ട് ഇനി അത് വേണ്ട എന്ന്. എന്റെ സഹോദരൻ ഡോക്ടറായതിന് ശേഷം അതും വിട്ടിട്ട് നേരെ സിനിമയിലേക്ക് ഇറങ്ങിയതാണ്. അതുകൊണ്ട് ഒരു സെെഡിൽ ആ പ്രഷർ ഉണ്ട്. അതിന്റെ കൂടെ, കുറച്ചു കൂടി കഴിഞ്ഞപ്പോൾ ‍ഞാൻ കൂടി സനിമയിലേക്ക് ഇറങ്ങി. ഞാൻ ഐടിയിലായിരുന്നു വർക്ക് ചെയ്തുകൊണ്ടിരുന്നത്. നാല് വർഷത്തോളം ഞാൻ ആ ജോലി ചെയ്തിരുന്നു. ഞാൻ ക്യാമറമാനായി എട്ടൊമ്പത് സിനിമ ചെയ്തിട്ടും അമ്മയ്ക്ക് ഇപ്പോഴും പ്രത്യേകിച്ച് വലിയ സന്തോഷമില്ല, അമ്മ എപ്പോഴും പറയും നന്നാവുമോ ഇത്? സൂക്ഷിച്ച് വേണെ മോനേ, തിരിച്ച് ഇനി ഐടിക്ക് പോണോ? ഇത് വല്ലതും നടക്കുമോ? എന്നൊക്കെ. ഇപ്പോ ശരിക്കും അവർ ഹാപ്പിയാണ്.

ഒമ്പത് സിനിമകളിൽ ഞാൻ ഡി ഒ പി ആയി പ്രവർത്തിച്ചു. എന്നിട്ട് ആ സന്തോഷം എനിക്ക് കൊടുക്കാൻ പറ്റിയിട്ടില്ല, പടം അവർ തന്നെ കണ്ണിൽ കണ്ടപ്പോൾ അവർക്ക് വളരെ സന്തോഷമുണ്ട്, അവർക്ക് ഇപ്പോഴാണ് തോന്നിയത്, ഇവൻ ചെറുതായിട്ട് നന്നായി വരുന്നുണ്ട് എന്ന്.

എ എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സണ്ണി വെയ്ൻ , വിജയരാഘവൻ, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in