സ്ത്രീപക്ഷ എഴുത്തുകാരിയും സാമൂഹ്യവിമർശകയുമായ പ്രൊഫസർ ജെ ദേവികയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കണമെന്ന് നടി റിമ കല്ലിങ്കൽ. വിമൺ ഓഫ് ഡിഫറന്റ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലെ ജെ ദേവികയുടെ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു കൊണ്ടാണ് റിമ അഭിപ്രായം അറിയിച്ചത്.
എം സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ അടുത്ത അധ്യക്ഷ ആരായിരിക്കണമെന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ് . കമ്മീഷന്റെ കാലാവധി അവസാനിക്കുവാൻ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു ജോസഫൈന്റെ രാജി. സമൂഹമാധ്യമങ്ങളിലൂടെ വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റണമെന്ന് സിപിഐഎം അനുഭാവികളില്‍ നിന്നും പോലും പരക്കെ ആവശ്യം ഉയര്‍ന്നിരുന്നു. സ്ത്രീ സുരക്ഷയ്ക്കും വനിതാ ശാക്തീകരണത്തിനും വലിയ പ്രധാന്യം നല്‍കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ഘട്ടത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയിരുന്നു.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് എം.സി ജോസഫൈന്‍. ഗാര്‍ഹിക പീഡനം നേരിട്ട സ്ത്രീയോട് അപര്യാദയായി പെരുമാറിയ എം.സി ജോസഫൈന്റെ രീതി ശരിയായില്ലെന്ന അഭിപ്രായം നേതാക്കള്‍ക്കിടയിലുണ്ടായിരുന്നു. അതേസമയം പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജോസഫൈന്‍ മുന്നോട്ട് വന്നിരുന്നു.ടെലിഫോണ്‍ അഭിമുഖത്തിനിടയില്‍ എറണാകുളം സ്വദേശിനിയായ സഹോദരി എന്നെ ഫോണില്‍ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആ ഘട്ടത്തില്‍ അവരോട് അല്‍പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്.
എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിയെ എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ജോസഫൈന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ കൊല്ലത്ത് സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട്ടില്‍ വച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു.
സ്ത്രീധനം നല്‍കുന്നുവെങ്കില്‍ അത് സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ ആയിരിക്കണമെന്നാണ് ജോസഫൈന്‍ പറഞ്ഞത്.സ്ത്രീകള്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത് സ്വത്താവകാശമാണ്. ജന്മസിദ്ധമായ സ്വത്തവാശം. മാതാപിതാക്കളുടെ സ്വത്തില്‍ ഉള്ള അവകാശം. ഇനി അഥവാ സ്ത്രീധനം കൊടുക്കുകയാണെങ്കില്‍ സ്ത്രീയുടെ പേരില്‍ ആയിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍. ഇത്തരത്തില്‍ ഉള്ള മാറ്റങ്ങള്‍ ഉണ്ടാകണം എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്.