വയസ്സായ കഥാപാത്രത്തെ അവതരിപ്പിക്കാനാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു, പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ച് രമ്യ നമ്പീശന്‍

വയസ്സായ കഥാപാത്രത്തെ അവതരിപ്പിക്കാനാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു, പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ച് രമ്യ നമ്പീശന്‍
Published on

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി നവരസയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 എന്ന സിനിമയില്‍ രണ്ട് പ്രായമുള്ള കഥാപാത്രത്തെയാണ് രമ്യ നമ്പീശന്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ യൗവനവും വാര്‍ധക്യവും അവതരിപ്പിക്കേണ്ടതിനാല്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നുവെന്ന് രമ്യ നമ്പീശന്‍. പ്രത്യേകിച്ചും വയസായ കഥാപാത്രമാകുമ്പോള്‍ അതിന് പറ്റുമോ എന്ന കാര്യത്തില്‍ എനിക്ക് ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ സര്‍ നമ്മളെ കംഫര്‍ട്ടബിള്‍ ആക്കും. ഓരോ സീന്‍ ചെയ്യുമ്പോഴും പ്രോത്സാഹനം നല്‍കുമെന്നും രമ്യ നമ്പീശന്‍. യോഗി ബാബുവും നെടുമുടിവേണുവും മണിക്കുട്ടനുമാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് രമ്യ നമ്പീശന്‍ അവതരിപ്പിക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസയിലെ ചിത്രങ്ങള്‍. സൂര്യ, പ്രകാശ് രാജ്, രേവതി, ഗൗതം മേനോന്‍, സിദ്ധാര്‍ഥ് , വിജയ് സേതുപതി, രോഹിണി, പാര്‍വതി, യോഗി ബാബു, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ആന്തോളജിയില്‍ ഓരോ ചിത്രങ്ങളിലെയും പ്രധാന താരങ്ങള്‍. മണിരത്നമാണ് നിര്‍മ്മാണത്തിന് പുറമേ സര്‍ഗാത്മക മേല്‍നോട്ടം. എ.ആര്‍. റഹ്മാന്‍, ജിബ്രാന്‍, ഡി.ഇമന്‍, അരുള്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് സംഗീതസംവിധാനം.

പ്രതിഫലം വാങ്ങാതെയാണ് ആന്തോളജിയില്‍ മുന്‍നിര താരങ്ങളും സംവിധായകരും സഹകരിക്കുന്നത്. കൊവിഡ് മൂലം തൊഴില്‍ നഷ്ടവും ദുരിതവും അനുഭവിക്കുന്ന തമിഴ് സിനിമയിലെ ദിവസവേതനക്കാര്‍ക്കായി ആന്തോളജിയില്‍ നിന്നുള്ള വരുമാനം നീക്കിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിന് നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in