ടൊവിനോ റിലീസ് വരെ പ്രതിഫലം വാങ്ങുന്നില്ല, ജോജു കുറച്ചു; പ്രശ്‌ന പരിഹാരമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ടൊവിനോ റിലീസ് വരെ
പ്രതിഫലം വാങ്ങുന്നില്ല, ജോജു കുറച്ചു; പ്രശ്‌ന പരിഹാരമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
Published on

ചലച്ചിത്ര സംഘടനകളുടെ ധാരണ മറികടന്ന് ടൊവിനോ തോമസും ജോജു ജോര്‍ജ്ജും പ്രതിഫലം ഉയര്‍ത്തിയെന്ന വിവാദത്തില്‍ പ്രശ്‌ന പരിഹാരം. ജോജു ജോര്‍ജ്ജ് പ്രതിഫലം കുറച്ചതായും, ടൊവിനോ തോമസ് സിനിമ പുറത്തിറങ്ങിയ ശേഷമേ പ്രതിഫലം സ്വീകരിക്കൂ എന്ന് തീരുമാനിച്ചിരുന്നതായും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്. ഷംസുദ്ദീന്‍ നിര്‍മ്മിച്ച് മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം കാണെക്കാണെ, അബാം നിര്‍മ്മിക്കുന്ന ജോജു ജോര്‍ജ്ജ് ചിത്രം എന്നിവയെച്ചൊല്ലിയായിരുന്നു തര്‍ക്കം.

ജോജു ജോര്‍ജ്ജ് പുതിയ ചിത്രത്തിനായി അമ്പത് ലക്ഷം രൂപയും, ടൊവിനോ തോമസ് ഒരു കോടി രൂപയും ഈടാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിഫലം കുറക്കാനെടുത്ത തീരുമാനം ലംഘിച്ചതിനാല്‍ ടൊവിനോ തോമസിന്റെയും ജോജു ജോര്‍ജ്ജിന്റെയും സിനിമകളുടെ ചിത്രീകരണാനുമതി പിന്‍വലിക്കുമെന്നും നിര്‍മ്മാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ടൊവിനോ തോമസ് സിനിമ പുറത്തിറങ്ങും വരെ പ്രതിഫലം വേണ്ടെന്ന് അറിയിച്ചിരുന്നതായി നിര്‍മ്മാതാവ് ടി ആര്‍ ഷംസുദ്ദീന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചു. ജോജു ജോര്‍ജ്ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന മാനിച്ച് അമ്പത് ലക്ഷം മുപ്പത് ലക്ഷമായി കുറക്കാന്‍ തയ്യാറായെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് മാധ്യമങ്ങളെ അറിയിച്ചു.

രണ്ട് സിനിമകളുടെയും പ്രൊജക്ട് റിപ്പോര്‍ട്ടും എഗ്രിമെന്റും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ സമര്‍പ്പിച്ചപ്പോഴാണ് ജോജു ജോര്‍ജ്ജിന്റെയും ടൊവിനോ തോമസിന്റെയും പ്രതിഫലം കൂടുതലാണെന്ന് മനസിലാക്കിയതെന്ന് ആന്റോ ജോസഫ്. ടൊവിനോ തോമസ് ഒരു രൂപ പോലും ശമ്പളം വാങ്ങാതെയാണ് സിനിമ വാങ്ങുന്നതെന്ന് നിര്‍മ്മാതാവ് ഷംസുദ്ദീന്‍ പിന്നീട് അറിയിച്ചെന്നും ആന്റോ ജോസഫ്. സിനിമ റിലീസ് ചെയ്ത ശേഷം എന്ത് വരുമാനം വരുന്നു എന്നതിനെ അനുസരിച്ചാണ് പ്രതിഫലം നിര്‍ണയിക്കുകയെന്ന് നിര്‍മ്മാതാവ് അറിയിച്ചതായും ആന്റോ ജോസഫ്. എഗ്രിമെന്റില്‍ ഒരു കോടിയെന്ന് കണ്ടതിനാലാണ് അസോസിയേഷന്‍ ഇടപെട്ടതെന്നും ആന്റോ ജോസഫ്. ടൊവിനോ തോമസിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ തൊട്ടടുത്ത സിനിമയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ ചേര്‍ത്തതാണെന്ന് അറിയിച്ചിരുന്നുവെന്നും ആന്റോ ജോസഫ്.

നിര്‍മ്മാതാക്കളുമായി ഏറ്റവും നന്നായി സഹകരിക്കുന്ന താരമാണ് ടൊവിനോ തോമസെന്നും ആന്റോ ജോസഫ്. കൃത്യമായി വരികയും സഹകരിക്കുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. സാധാരണ ഒരു സിനിമ പരാജയത്തിലേക്ക് വന്നാല്‍ അതിന്റെ കൂടെ അവസാനം വരെ നിന്ന് ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാമെന്ന് നോക്കുന്ന നടനാണ് ടൊവിനോ തോമസ് എന്നും ആന്റോ ജോസഫ്. അഞ്ച് മിനുട്ട് പോലും എടുക്കാതെയാണ് ഇക്കാര്യത്തില്‍ ടൊവിനോ ധാരണയിലെത്തിയതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in