സോഷ്യല്‍ മീഡിയയില്‍ റാസ്പുടിന്‍ പാട്ടിനൊപ്പമുള്ള ഡാന്‍സ് ആദ്യം തരംഗമായത് തൃശൂരിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു. ആ ഡാന്‍സിന്റെ മറ്റൊരു വേര്‍ഷനുമായി 'കുടിയന്‍' ശൈലിയില്‍ ഒരാളെത്തിയപ്പോള്‍ അതിന് ലഭിച്ചത് അമ്പരപ്പിക്കുന്ന സ്വീകാര്യത. പിന്നെ താരതമ്യവും കയ്യടിയും കുടിയന്‍ മോഡിലുള്ള ഡാന്‍സിന് പിന്നിലെ ആളേ തേടിയുള്ള അന്വേഷണവുമായി. ആ കുടിയന്‍ വേര്‍ഷന്‍ ഡാന്‍സിന് പിന്നിലെ കലാകാരന്‍ ഇവിടുണ്ട്. തൃശൂര്‍ പാഞ്ഞാള്‍ സ്വദേശി സനൂപ് കുമാറാണ് മദ്യപാനിയുടെ സ്വാഭാവിക ചേഷ്ടകളോടെ റാസ്പുടിന്‍ പുതിയ വേര്‍ഷന്‍ ഒരുക്കിയത്.
വീഡിയോ വൈറലായതോടെ സനൂപിന്റെ ഫോണിന് വിശ്രമമമില്ല. പല കോണില്‍ നിന്നും സനൂപിന് അഭിനന്ദനങ്ങള്‍ എത്തുകയാണ്. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന സനൂപിന് സിനിമയില്‍ അഭിനയിക്കുകയാണ് ആത്യന്തിക ലക്ഷ്യം. അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളും അടങ്ങുന്നതാണ് സനൂപിന്റെ കുടുംബം. ഡാന്‍സ് വീഡിയോ വൈറല്‍ ആയതോടെ കുടുംബത്തില്‍ എല്ലാവരും ത്രില്ലിലാണെന്ന് സനൂപ് കുമാര്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മദ്യപിച്ചിട്ടാണോ ഡാൻസ് ചെയ്യുന്നതെന്ന് എല്ലാവരും ചോദിച്ചിരുന്നു. പക്ഷെ ഞാൻ മദ്യപിച്ചിരുന്നില്ല. ക്രിയേറ്റെവ് ആയി ചെയ്യുകയായിരുന്നു ലക്‌ഷ്യം.
ട്രാക്ക് കേട്ടപ്പോള്‍ മനസില്‍ തോന്നിയത് ചെയ്തു, ടിക് ടോക്കില്‍ സജീവമായിരുന്നു യൂടൂബിലെ വീഡിയോസ് കണ്ടാണ് ഡാന്‍സ് പഠിച്ചത്. സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചിരുന്നു. ഇങ്ങനെയൊരു ഡാന്‍സ് ചലഞ്ചിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ എന്തെങ്കിലും ക്രിയേറ്റിവ് ആയി ചെയ്യണമെന്ന് തോന്നി. അവര്‍ കട്ട് കട്ടായാണ് ഡാന്‍സ് കളിക്കുന്നത്. ട്രാക്ക് കേട്ടപ്പോള്‍ അപ്പോള്‍ മനസ്സില്‍ തോന്നിയത് അങ്ങ് ചെയ്തു. വലിയ തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ടിക് ടോക് അക്കൗണ്ട് ഉണ്ടായിരുന്നു. അതിലും ഡാന്‍സ് വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. വാത്തി ഗാനത്തിന്റെ ഡാന്‍സ് ടിക് ടോക്കില്‍ ശ്രദ്ധിക്കപ്പെട്ടു. കുടിയന്‍ വേര്‍ഷനിലുള്ള ഡാന്‍സ് ആയിരുന്നു ഇന്‍സ്റ്റയിലും ടിക് ടോക്കിലുമൊക്കെ വൈറല്‍ ആയത്. എനിക്ക് എല്ലാം പരീക്ഷിക്കുവാന്‍ ഇഷ്ടമാണ്.
നാട്ടിലെ സിനിമ തീയറ്ററിലാണ് ജോലി ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഇതിനോടകം രണ്ട് ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചു. ഒരു സിനിമയിലേയ്ക്ക് ക്ഷണം വന്നിട്ടുണ്ട്. അല്പം നെഗറ്റിവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണ്. അതൊക്കെ നടക്കുമോയെന്ന് അറിയില്ല. ഇപ്പോള്‍ കൊറോണയൊക്കെ ആയതിനാല്‍ തീയറ്ററില്‍ വര്‍ക്കും കുറവാണ്. ഇപ്പൊ ഡാന്‍സ് വൈറല്‍ ആയപ്പോള്‍ കുറെ പേര്‍ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്.