'ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ഒരു അടയാളം കൂടി അവിടെയുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്'; രഞ്ജിത്ത് സജീവ്

'ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ഒരു അടയാളം കൂടി അവിടെയുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്'; രഞ്ജിത്ത് സജീവ്
Published on

നവാഗതനായ സംജാദിന്റെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ​ഗോളം. ചിത്രത്തിൽ എ സി പി സന്ദീപ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് സജീവ് അവതരിപ്പിക്കുന്നത്. ഷൂട്ടിന് മുമ്പ് രണ്ടാഴ്ചയോളം നീണ്ട ടേബിൾ റീഡിം​ങ്ങ് സെക്ഷൻ സന്ദീപ് കൃഷ്ണ എന്ന കഥാപാത്രത്തിലേക്ക് എത്താനും മുഴുവൻ ടീമും തമ്മിൽ ഒരു കെമസ്ട്രി വർക്ക് ചെയ്ത് എടുക്കാനും സഹായിച്ചു എന്ന് നടൻ രഞ്ജിത് സജീവ് പറയുന്നു. മുമ്പ് അഭിനയിച്ച രണ്ട് സിനിമകളിലും സംവിധായകനൊപ്പമിരുന്ന് കഥാപാത്രത്തെ മോൾഡ് ചെയ്തെടുക്കാനുള്ള ശ്രമം ഈ സിനിമയിലും ആവർത്തിച്ചിട്ടുണ്ട് എന്നും ഒരു കഥാപാത്രത്ത അവതരിപ്പിക്കുമ്പോൾ തന്റേതായ ഒരു അടയാളം ആ കഥാപാത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് സജീവ് പറഞ്ഞു.

രഞ്ജിത്ത് സ‍ജീവ് പറഞ്ഞത്:

ഞങ്ങൾ മുഴുവൻ കാസ്റ്റിം​ഗ് ആന്റ് ക്രൂവിനും രണ്ടാഴ്ചയോളം ഒരു ടേബിൾ റീഡിം​ങ്ങ് സെക്ഷനുണ്ടായിരുന്നു. ഒരു ടേബിളിന് ചുറ്റുമിരുന്ന് എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ കഥാപാത്രമായി നിന്ന് വായിക്കും. കൂടെ സ്പീക്കർ ഒക്കെ വച്ച് മ്യൂസിക്കും പ്ലേ ചെയ്യും. അത് ഒരു മൂഡ് ക്രിയേറ്റ് ചെയ്യും. അത് കഥാപാത്രത്തിലേക്ക് എത്താനും ആ മുഴുവൻ ടീമിന്റെ കെമസ്ട്രി ബിൽഡ് ചെയ്യാനും അത് ഒരുപാട് ​ഗുണം ചെയ്തിട്ടുണ്ട്. പിന്നെ ഈ സിനിമ മാത്രമല്ല, മെെക്ക് ആണെങ്കിലും ഖൽബാണെങ്കിലും ഞാൻ ഡയറക്ടറിനൊപ്പമിരുന്ന് ഞങ്ങൾ ഒരുമിച്ചാണ് ആ കഥാപാത്രത്തെ മോൾഡ് ചെയ്ത് എടുക്കുന്നത്. ആ രീതിൽ സംജാദും പ്രവീണും എന്നെ ഒരുപാട് സഹായിച്ചു ഈ കഥാപാത്രത്തിന് വേണ്ടി. ഞാൻ ഒരു അഭിനേതാവാണ് എന്റെ കടമ എന്താണെന്നാൽ അവരുടെ കാഴ്ച എന്നിലൂടെ കൊണ്ടുവരിക അത് പ്രേക്ഷകരിൽ എത്തിക്കുക എന്നതാണ്. എന്നെ തെരഞ്ഞെടുക്കാൻ അവർക്കും ഒരു കാരണം ഉണ്ടായിരിക്കുമല്ലോ? അവർ എന്നിൽ എവിടെയോ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള പൊട്ടൻഷ്യൽ കണ്ടു. അതിലും എനിക്ക് വിശ്വാസമുണ്ടായിരുന്നു. മാത്രമല്ല ഞാൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ഒരു അടയാളം കൂടി അവിടെയുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അത് രണ്ടും ബാലൻസ് ചെയ്താണ് ഈ കഥാപാത്രത്തെ ഞങ്ങൾ മോൾഡ് ചെയ്ത് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.

ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ഐസക് ജോൺ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതും തുടർന്ന് ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രഞ്ജിത്ത് സജീവിന്റെ കഥാപാത്രമായ എ സി പി സന്ദീപ് കൃഷ്ണയെയും ചുറ്റിപ്പറ്റിയാണ് നടക്കുന്ന കഥയാണ് ​ഗോളം. പ്രവീൺ വിശ്വനാഥും സംജാദും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവും ആണ് നിർമിക്കുന്നത്. ചിത്രം ജൂൺ 7 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in