സെവന്‍ ബെല്‍സിന് ശ്വാസം പകര്‍ന്ന വിദ്യാസാഗര്‍'; ദേവദൂതനിലെ സെവന്‍ ബെല്‍സിന്റെ രൂപകല്‍പനയെ കുറിച്ച് രഘുനാഥ് പലേരി

സെവന്‍ ബെല്‍സിന് ശ്വാസം പകര്‍ന്ന വിദ്യാസാഗര്‍'; ദേവദൂതനിലെ സെവന്‍ ബെല്‍സിന്റെ രൂപകല്‍പനയെ കുറിച്ച് രഘുനാഥ് പലേരി
Published on

ദേവദൂതനില്‍ സെവന്‍ ബെല്‍സ് എന്ന സംഗീത ഉപകരണത്തിന് ശബ്ദം പകര്‍ന്നപ്പോളാണ് ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ വിദ്യാസാഗര്‍ തന്നെ വിസ്മയിപ്പിച്ചതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. സെവന്‍ ബെല്‍സ് എന്ന സംഗീത ഉപകരണത്തില്‍ നിന്ന് 'ഹ' എന്നുള്ള ഒരു ശബ്ദം മിക്‌സ് ചെയ്ത വിദ്യാസാഗര്‍ തന്നെ അതിശയിപ്പിച്ചുവെന്ന് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ രഘുനാഥ് പലേരി പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്റെ തിരക്കഥ ഒരുക്കിയത് രഘുനാഥ് പലേരിയായിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസിനെത്തിയിരിക്കുകയാണ്. ആദ്യം റിലീസ് ചെയ്തപ്പോള്‍ വലിയ പരാജയമായ ചിത്രത്തിനും ചിത്രത്തിലെ ഗാനങ്ങള്‍ക്കും ഇന്ന് വലിയ ആരാധകരുണ്ട്.

രഘുനാഥ് പലേരി പറഞ്ഞത്:

ചിത്രത്തിലെ സംഗീത ഉപകരണത്തെക്കുറിച്ച് എന്റെ മനസ്സില്‍ പൂര്‍ണ്ണമായ രൂപമുണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു സെവന്‍ ബെല്‍സ് എന്ന സംഗീത ഉപകരണം ഇല്ല. പിയാനോ ആയി അതിനെ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, ഈ കഥയില്‍ അപൂര്‍വമായ ഒരു സംഗീത ഉപകരണം ഉണ്ടാവുകയും അത് വായിക്കാന്‍ പ്രത്യേകം ആളെ വടക്കുനിന്ന് കൊണ്ടുവരികയും ചെയ്യണമെങ്കില്‍ ലോകത്തിന്റെ ഏതോ ഭാഗത്ത് നിന്ന് വന്ന പ്രത്യേകതയുള്ള ഒന്നായിരിക്കണം അത്. പ്രകാശ് മൂര്‍ത്തിയാണ് സംഗീത ഉപകരണം ഡിസൈന്‍ ചെയ്യുന്നത്. പ്രകാശ് മൂര്‍ത്തി വരച്ച ചിത്രമാണ് പിന്നീട് സിനിമയില്‍ ഉപയോഗിച്ചത്. ചിത്രത്തിന്റെ കലാസംവിധായകനാണ് പിന്നീട് അതിനൊരു യഥാര്‍ത്ഥ രൂപമുണ്ടാക്കുന്നത്.

സംഗീതത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് കാറ്റാണ്. കാറ്റില്‍ നിന്നാണല്ലോ സംഗീതത്തിന്റെ ആരംഭം. ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ വിദ്യാസാഗര്‍ എന്നെ അതിശയിപ്പിച്ചത്, ബെല്ലോസ് വെച്ച് 'ഹ' എന്നുള്ള ശബ്ദം അതില്‍ മിക്‌സ് ചെയ്തപ്പോഴായിരുന്നു. സംഗീതത്തിന്റെ ഉള്ളിലെ ആത്മാവിന്റെ ശ്വാസമായി ഞാന്‍ അതിനെ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഒരു കഥാപത്രമാണ് ഇതിലെ സെവന്‍ ബെല്‍സ്. നിഖില്‍ മഹേശ്വര്‍ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം തരുന്നത് അതാണ്. അതിന്റെ ഉള്ളില്‍ ശ്വാസം എന്ന് പറയുന്ന സാധനം ഉണ്ടാക്കിയെടുത്ത സംഗീത സംവിധായകനെ നമ്മള്‍ സമ്മതിച്ചു കൊടുക്കണ്ടേ?ഞാന്‍ വിചാരിച്ചതിലും എത്രയോ മുകളിലായിരുന്നു അത്.

Related Stories

No stories found.
logo
The Cue
www.thecue.in