'ഏട്ട് മണിക്കൂറോളം കിരീടം ചൂടി, വേഷം കെട്ടി മോഹൻലാൽ ഇരുന്നത് ഞാൻ കണ്ടിട്ടുണ്ട്'; രഘുനാഥ് പലേരി

'ഏട്ട് മണിക്കൂറോളം കിരീടം ചൂടി, വേഷം കെട്ടി മോഹൻലാൽ ഇരുന്നത് ഞാൻ കണ്ടിട്ടുണ്ട്'; രഘുനാഥ് പലേരി
Published on

'വാനപ്രസ്ഥം' എന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ച് തിരക്കഥാകൃത്ത് രഘുനാഥ് പലേരി. 1999 ൽ ഷാജി എൻ‌ കരുണിന്റെ സംവിധാനത്തിൽ മോഹൻലാൽ സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു വാനപ്രസ്ഥം. ചിത്രത്തിൽ കുഞ്ഞിക്കുട്ടൻ എന്ന കഥകളി ആർട്ടിസ്റ്റായാണ് മോഹൻലാൽ എത്തിയത്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരകസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ കുഞ്ഞിക്കുട്ടന് വേണ്ടി എട്ട് മണിക്കൂറോളം കഥകളി വേഷം കെട്ടി കിരീടവും ചൂടി മോഹൻലാൽ സെറ്റിലിരുന്നത് താൻ കണ്ടിട്ടുണ്ടെന്ന് രഘുനാഥ് പലേരി പറയുന്നു. വാനപ്രസ്ഥം എന്ന ചിത്രത്തിന്റെ ഒരു ഭാ​ഗമാകാൻ കഴിഞ്ഞത് ഭാ​ഗ്യം തന്നെയാണെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രഘുനാഥ് പലേരി പറഞ്ഞു.

രഘുനാഥ് പലേരി പറഞ്ഞത്:

വാനപ്രസ്ഥത്തിന്റെ ചില ഷൂട്ടിം​ഗ് സയമത്ത് ഒക്കെ ഞാൻ അവിടെയുണ്ടായിരുന്നു. എഴുതിക്കൊടുത്ത സീനിനെ അതിനും മുകളിലേക്ക് ഉയർത്തുന്നത് ഒന്ന് ലാലിന്റെ അഭിനയമാണ്. രണ്ട് അതിന്റെ ഫോട്ടോ​ഗ്രഫി പിന്നൊന്ന് ആ ​ഗുരുവിന്റെ മുഖഭാവങ്ങളാണ് അതിനെക്കാളുപരി ഇത് എടുക്കുന്ന ആളായ ഷാജി എൻ കരുണിന്റെ സിനിമ സങ്കൽപ്പം. ഇതെല്ലാം ആ സിനിമയെ ഉയർത്തിയ കാര്യങ്ങളാണ്. ലാലിന്റെ അതിമനോഹരമായ പെർഫോമൻസായിരുന്നു അത്. പിന്നെ സിനിമയായി വരുമ്പോൾ അതിൽ വരുന്ന സം​ഗീതം. സാക്കീർ ഹുസൈന്റെ അസാധ്യമായ വേദന തരുന്ന ഒരു മെലഡിയുണ്ട് അവിടെ. തിരുവനന്തപുരത്തെ ഒരു മാളികയിൽ വച്ചിട്ടാണ് ആ സിനിമയുടെ വലിയൊരു ഭാ​ഗവും ഷൂട്ട് ചെയ്തത്. അവിടെ കിരീടം വച്ച് എട്ട് മണിക്കൂറോളം വേഷം കെട്ടി ലാൽ ഇരുന്നതൊക്കെ അടുത്തു പോയി ഇരുന്ന് ഞാൻ കണ്ടിട്ടുണ്ട്. അതൊരു വലിയ സിനിമയായിരുന്നു വാസ്തവത്തിൽ. എഴുതി കഴിഞ്ഞു കഴിഞ്ഞാൽ‌ വലിയൊരു ആശ്വാസമുണ്ടാകും നമ്മളിൽ. പിന്നെ ആ സിനിമയുടെ ഭാ​ഗമാകാൻ സാധിച്ചു എന്നത് ഒരു ഭാ​ഗ്യമാണ്. കുഞ്ഞിക്കുട്ടന്റെ കഥാപാത്രത്തെക്കുറിച്ച് എല്ലാം എനിക്ക് പറഞ്ഞ് തന്നതും ഷാജിയാണ്. ആ കഥാപാത്രത്തെ കൺസീവ് ചെയ്തത് ഷാജിയായിരുന്നു. സീൻ ഉണ്ടാക്കി എഴുതിയത് ഞാനാണ്. ആശയം മറ്റൊരാൾ തന്നു എന്നതുകൊണ്ട് അതിന്റെ ലാഘവത്തം കുറയുന്നില്ല. അതിനെ ഒരു രൂപത്തിലേക്ക് മാറ്റുക എന്നത് വലിയൊരു പ്രോസ്സസാണ്.

Related Stories

No stories found.
logo
The Cue
www.thecue.in