ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' 100 കോടി ക്ലബ്ബില്‍. മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയത്. 100 കോടി നേടിയ ഒരു ചിത്രത്തില്‍ ചെലവുകള്‍ കഴിഞ്ഞ് നിര്‍മാതാവിന് കിട്ടുക 35 കോടിയോളം ആയിരിക്കുമെന്ന് നിര്‍മാതാവായ വേണു കുന്നപ്പിള്ളി ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയുടെ കളക്ഷന്‍സ് മെയിന്‍ ആയി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്ങ് അതില്‍ തന്നെ മള്‍ട്ടിപ്ലെക്‌സ് ആണെങ്കില്‍ ശതമാനം 50 -50 ആയി മാറും. ഒരാഴ്ച കഴിഞ്ഞു സാധാരണ തിയറ്ററുകളും 50 ആയി മാറും. ഓരോ ആഴ്ചയിലും ഇത് ഇങ്ങനെ കുറഞ്ഞു കുറഞ്ഞു വരുമെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. പിന്നെയത് 60 -40 ആവും അതായത് തീയേറ്ററുകള്‍ക്ക് 60 നിര്‍മാതാക്കള്‍ക്ക് 40ഉം. ശരാശരി നോക്കുമ്പോള്‍ പല ചെലവുകളും കഴിഞ്ഞു 100 കോടി നേടിയിട്ടുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ക്ക് കിട്ടാന്‍ പോകുന്നത് 35 കോടി വരെയായിരിക്കുമെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന ചിത്രം കൂടിയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ : മോഹന്‍ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ : ഗോപകുമാര്‍ ജികെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടര്‍ : സൈലക്‌സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആര്‍ ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് : സിനറ്റ് & ഫസലുള്‍ ഹഖ്, വി എഫ് എക്‌സ് : മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്, ഡിസൈന്‍സ് : യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.