ആദ്യമായി നിർമിക്കാൻ തീരുമാനിച്ച ചിത്രം കുറച്ച് പ്രശ്നങ്ങൾ കാരണം നടക്കാൻ കഴിയാതെ പോയതിനെ തുടർന്ന് പിന്നീട് കേട്ട നിരവധി കഥകൾക്കിടെ ആണ് പത്മരാജന്റെ ഒരു കഥയുടെ റെെറ്റ് ഉണ്ടെന്ന് അറിയുന്നതെന്ന് പ്രാവിന്റെ നിർമാതാവ് തകഴി രാജശേഖരൻ. നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച് അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പ്രാവ്. പത്മരാജൻ സാറിന്റെ അന്തിരവൾ തന്റെ സുഹൃത്തായിരുന്നുവെന്നും അവരുമായി സംസാരിച്ചാണ് കഥയുടെ അവകാശം വാങ്ങുന്നതെന്നും രാജശേഖരൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തകഴി രാജശേഖരൻ പറഞ്ഞത്
ഞാൻ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത് 2014 ലാണ്. ആദ്യം ഒരു സിനിമ ചെയ്യാൻ തീരുമാനിച്ച് ഷൂട്ടിംഗിന്റെ വക്കിലെത്തിയ സമയത്താണ് കുറച്ച് പ്രശ്നങ്ങൾ കാരണം അത് നടക്കാതെ പോയത്. അതിന് ശേഷം കുറെ കഥകൾ ഒക്കെ ആലോചിച്ചു. വേറെ ഒരു സിനിമ ചെയ്യാനുള്ള പ്ലാനിലിരിക്കുമ്പോഴാണ് ഈ കഥയുടെ റെെറ്റ് ഉണ്ടെന്ന് അറിയുന്നത്. എന്റെ ഒരു സുഹൃത്താണ് പത്മരാജൻ സാറിന്റെ അനന്തരവൾ. സിങ്കപ്പൂരിൽ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അപ്പോൾ അവരുമായി സംസാരിച്ചാണ് ആ റെെറ്റസ് കിട്ടുന്നത്. അതിന്റെ റെെറ്റ്സ് കിട്ടിയ സമയത്ത് മറ്റേ സിനിമ അവിടെ നിൽക്കട്ടെ ഇത് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു.
സൗഹൃദത്തിനും നർമത്തിനും പ്രാധാന്യമുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം എന്ന സൂചനയാണ് പ്രാവിന്റെ ട്രെയ്‌ലർ നൽകിയത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ പി ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയും സംഗീതം ബിജിബാലുമാണ് നിർവഹിക്കുന്നത്.