നടി പ്രിയാമണിയുമായുള്ള മുസ്‍തഫ രാജിന്റെ വിവാഹം നിയമപരമല്ലന്ന ആരോപണമുയര്‍ത്തി അദ്ദേഹത്തിന്‍റെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആയിഷയുടെ ആരോപണം അവാസ്തവമാണെന്നും 2013ല്‍ വിവാഹ മോചനം നടന്നെന്നുമായിരുന്നു മുസ്‍തഫയുടെ പ്രതികരണം. ഇപ്പോഴിതാ മുസ്‍തഫയും താനുമായുള്ള വിവാഹബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി പ്രിയാമണി. തങ്ങളുടെ ബന്ധം സുരക്ഷിതമാണെന്നും പരസ്പരമുള്ള ആശയവിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ ശക്തിയെന്നും ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു.
"എനിക്കും മുസ്‍തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാല്‍, ആശയവിനിമയത്തിനാണ് അവിടെ ഏറ്റവും പ്രാധാന്യം. ഞങ്ങളുടെ ബന്ധം സുരക്ഷിതമാണ്. യുഎസിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. എത്ര ദൂരത്താണെങ്കിലും എല്ലാ ദിവസവും പരസ്‍പരം സംസാരിക്കണമെന്ന് ഞങ്ങൾ ഉറപ്പാക്കും. ഒരുപക്ഷെ സംസാരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഒരു ടെക്സ്റ്റ് മെസേജെങ്കിലും ഞങ്ങള്‍ പരസ്‍പരം അയക്കാറുണ്ട്. ജോലിത്തിരക്കുള്ള ദിവസമാണെങ്കില്‍ ഒഴിവു കിട്ടുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിന്റെയും അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണ്", പ്രിയാമണി പറഞ്ഞു.
മുസ്‌തഫയും താനും ഇപ്പോഴും നിയമപരമായി വിവാഹിതരാണെന്നും അതിനാൽ തന്നെ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നുമായിരുന്നു ആയിഷയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്‍തഫയ്ക്കും പ്രിയാമണിക്കുമെതിരെ ക്രിമിനല്‍ കേസും ഗാര്‍ഹിക പീഡനം ആരോപിച്ച് മുസ്‍തഫയ്ക്കെതിരെ മറ്റൊരു കേസും ആയിഷ നൽകിയിട്ടുണ്ട്. പ്രിയാമണിയുമായുള്ള മുസ്‍തഫയുടെ വിവാഹം നടക്കുന്ന സമയത്ത് തങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുപോലുമില്ലെന്ന് ആയിഷ ആരോപിക്കുന്നു.
എന്തുകൊണ്ടാണ് ആയിഷ ഇക്കാലമത്രയും നിശബ്ദത പാലിച്ചതെന്നും താനും ആയിഷയും 2010 മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്നും മുസ്തഫ പ്രതികരിച്ചു. ആയിഷയും താനും തമ്മിൽ 2013ല്‍ വിവാഹമോചിതരായി. 2017 ലാണ് പ്രിയാമണിയുമായുള്ള വിവാഹം നടക്കുന്നത്.