എം.ടി.വാസുദേവന്‍ നായരുടെ രചനയില്‍ സിനിമ ചെയ്യണമെന്ന ആഗ്രഹം വൈകാതെ നടക്കുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അടുത്തിടെ പറഞ്ഞിരുന്നു. മോഹന്‍ലാലിനെ നായകനാക്കി എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പ്രഖ്യാപിച്ച രണ്ടാമൂഴം എന്ന സിനിമയുടെ സംവിധാനം പ്രിയദര്‍ശന്‍ ഏറ്റെടുക്കുന്നുവെന്ന തരത്തില്‍ ഇതിന് പിന്നാലെ അഭ്യൂഹമുണ്ടായി.
എംടിയുടെ രചനയിലുള്ള സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് ''തീര്‍ച്ചയായും. ഒരു വലിയ സിനിമയല്ലെങ്കില്‍ ഒരു ചെറിയ സിനിമ ഈ വര്‍ഷം തന്നെ എംടി സാറിന്റെ കൂടെ ഉണ്ട്'' എന്നായിരുന്നു പ്രിയദര്‍ശന്‍ നല്‍കിയ മറുപടി. കോഴിക്കോട് എന്‍ഐടിയുടെ വാര്‍ഷിക സാംസ്‌കാരികോത്സവമായ 'രാഗ'ത്തിന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്നത്.
മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന് വേണ്ടി ഒരുങ്ങുന്ന ആന്തോളജിയില്‍ എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഒരു ചെറുചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വി.എ ശ്രീകുമാര്‍ സംവിധായകനായി പ്രഖ്യാപിച്ച രണ്ടാമൂഴം നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് മുടങ്ങിയിരുന്നു. കോടതി ഉത്തരവ് പ്രകാരം ശ്രീകുമാര്‍ തിരക്കഥ എം.ടിയെ തിരിച്ചേല്‍പ്പിച്ചു. മറ്റൊരു സംവിധായകനൊപ്പം രണ്ടാമൂഴം ചെയ്യുമെന്ന് പിന്നീട് എം.ടി മാധ്യമങ്ങളെ അറിയിച്ചിരുന്നു. 1000 കോടി ബജറ്റില്‍ ബി.ആര്‍ ഷെട്ടിയുടെ ബാനറാണ് രണ്ടാമൂഴം ബഹുഭാഷാ ചിത്രമായി നിര്‍മ്മിക്കാനിരുന്നത്.