മലയാള സിനിമ അടുത്ത് കാലത്ത് കണ്ടതില്‍ ഏറ്റവും അധികം താരനിരയുള്ള സിനിമയായിരിക്കും അല്‍ഫോന്‍സ് പുത്രന്റെ ഗോള്‍ഡെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സിനിമയിലെ അഭിനേതാക്കളുടെ പേര് ഒരു പേജില്‍ ഒതുങ്ങുന്നതല്ലെന്നും പൃഥ്വിരാജ് പറയുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന റെഡ്.എഫ്.എമ്മിന്റെ പരിപാടിയില്‍ വെച്ചായിരുന്നു പൃഥ്വിരാജ് ഗോള്‍ഡിനെ കുറിച്ച് സംസാരിച്ചത്.
പൃഥ്വിരാജ് പറഞ്ഞത്:
ഗോള്‍ഡ് മലയാള സിനിമയില്‍ അടുത്തകാലത്ത് കണ്ട ഏറ്റവും അധികം താരനിരയുള്ള സിനിമയായിരിക്കും. ഞങ്ങള്‍ അതിന്റെ കാസ്റ്റ് ലിസ്റ്റ് എഴുതുമ്പോള്‍ ശരിക്കും പിഡിഎഫില്‍ ഒരു പേജിലൊന്നും ഒതുങ്ങുന്നില്ല. കാരണം അത്രയ്ക്കും അഭിനേതാക്കളുണ്ട്. ആരോട് ചോദിച്ചാലും എല്ലാവരും പറയും അല്‍ഫോന്‍സ് പുത്രന്‍ സിനിമയാണെന്ന്. അപ്പോള്‍ ഈ അല്‍ഫോന്‍സ് പുത്രന്‍ സിനിമയുടെ ജോണര്‍ അല്‍ഫോന്‍സ് പുത്രന്‍ ജോണറാണ്. അതുകൊണ്ട് തന്നെ ഗോള്‍ഡ് പൂര്‍ണമായും അല്‍ഫോന്‍സിന്റെ പടമാണ്. ആ സിനിമയെ സംബന്ധിച്ചടത്തോളം എന്റെ ഏറ്റവും വലിയ നേട്ടമെന്ന് പറയുന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതുപോലൊരു ഫിലിംമേക്കറിനെ കണ്‍വിന്‍സ് ചെയ്ത് തിരിച്ച് കൊണ്ട് വരാന്‍ പറ്റി എന്നതാണ്.
പിന്നെ ഇതിന്റെ ഭാഗമായ എല്ലാവരും അല്‍ഫോന്‍സിന്റെ സിനിമയില്‍ അഭിനയിക്കണം എന്ന് ഭയങ്കര ആഗ്രഹമുള്ള ആള്‍ക്കാരാണ്. ആ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും, വെറും 30 സെക്കന്റ് മാത്രമുള്ള സീനില്‍ പോലും മുന്‍നിര നടനാണ് വന്നു അഭിനയിച്ചിരിക്കുന്നത്. അല്‍ഫോന്‍സിന്റെ പടം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അവരൊക്കെ ഓക്കേ പറയും. അതാണ് ആ സംവിധായകന്റെ വിജയം. ഞാനും അല്‍ഫോന്‍സ് പുത്രന്‍ സിനിമയുടെ ഭാഗമാകാന്‍ വേണ്ടിയാണ് ഗോള്‍ഡില്‍ അഭിനയിച്ചത്.
ഓണം റിലീസായാണ് ഗോള്‍ഡ് തിയേറ്ററിലെത്തുന്നതെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. നേരമോ, പ്രേമമോ പോലൊരു സിനിമ ഗോള്‍ഡില്‍ നിന്ന് പ്രതീക്ഷിക്കരുതെന്നും അല്‍ഫോന്‍സ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഗോള്‍ഡില്‍ 40തില്‍ അധികം താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ലാലു അലക്‌സ്, റോഷന്‍ മാത്യു, ചെമ്പന്‍ വിനോദ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, ബാബുരാജ്, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, ജഗതീഷ്, പ്രേംകുമാര്‍, മല്ലിക സുകുമാരന്‍, തെസ്‌നിഖാന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അബു സലീം തുടങ്ങി വമ്പന്‍ താരനിര അടങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.