കോവിഡ് നിയണന്ത്രങ്ങള്‍ക്ക് വിധേയമായി സിനിമ സംവിധാനം ചെയ്യാനുള്ള തീരുമാനം അറിയിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മകള്‍ അലംകൃത എഴുതിയ സ്റ്റോറി ലൈന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൊണ്ടാണ് ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള ആലോചനയെക്കുറിച്ച് പൃഥ്വിരാജ് അറിയിച്ചത്. ലോക്ക് ഡൗണില്‍ കേട്ട മികച്ച സ്റ്റോറി ലൈനെന്ന് അലംകൃത എഴുതിയ കഥയെ വിശേഷിപിച്ച പൃഥ്വിരാജ് ഇതേ ഫേസ്ബുക്ക് പോസ്റ്റിൽ എമ്പുരാന് മുമ്പ് സംവിധാനം ചെയ്യുന്ന പ്രൊജക്ടിനെക്കുറിച്ച് സൂചന നല്‍കുന്നു.
പൃഥ്വിരാജ് സുകുമാരന്റെ പോസ്റ്റ്
ഈ ലോക്ഡൗണ്‍ സമയത്ത് ഞാന്‍ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈന്‍ ഇതാണ്. ഒരു പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ഇത് ചിത്രീകരിക്കുന്നത് ഒരു സാധ്യതയല്ലെന്ന് തോന്നിയതിനാല്‍, ഞാന്‍ മറ്റൊരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്ക്ക് പിന്നില്‍ പോകാന്‍ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേമായി ചിത്രീകരിക്കാവുന്ന ഒരു സിനിമ ചെയ്യാന്‍. വിശദാംശങ്ങള്‍ ഉടന്‍ തന്നെ അറിയിക്കും
അലംകൃത എഴുതിയ കഥ
അച്ഛനും മകനും അമേരിക്കയില്‍ ജീവിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടാം ലോക മഹായുദ്ധം ഉണ്ടായത്. അപ്പോള്‍ അവര്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് തിരിച്ചു. അവിടെ രണ്ട് വര്‍ഷം താമസിച്ചു. യുദ്ധം അവസാനിച്ചപ്പോള്‍ അവര്‍ മടങ്ങിയെത്തി സന്തോഷത്തോടെ ജീവിച്ചു.
പൃഥ്വിരാജ്- മോഹന്‍ലാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു. 2022 മധ്യത്തോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി ദ ക്യു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥിവിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി നേരത്തെ സൂചന നല്‍കിയിരുന്നു. എപ്പിസോഡിക് സ്വഭാവത്തില്‍ സിനിമയെക്കാള്‍ വെബ് സീരീസിന് അനുയോജ്യമായ രീതിയിലാണ് ലൂസിഫര്‍ ആലോചിച്ചിരുന്നത്. സിനിമയാക്കാമെന്ന തീരുമാനത്തില്‍ എത്തിയപ്പോഴും ട്രിലജി എന്ന നിലയ്ക്കാണ് ആലോചിച്ചതെന്ന് മുരളി ഗോപി മുന്‍പ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.