മിമിക്രിക്കാര്‍ സിനിമയില്‍ തമാശ പറഞ്ഞാല്‍ ആളുകള്‍ അതിനെ മറ്റൊരു രീതിയില്‍ കാണും; പിഷാരടി

മിമിക്രിക്കാര്‍ സിനിമയില്‍ തമാശ പറഞ്ഞാല്‍ ആളുകള്‍ അതിനെ മറ്റൊരു രീതിയില്‍ കാണും; പിഷാരടി
Published on

മിമിക്രി പശ്ചാത്തലമുള്ളവരാണ് സിനിമയില്‍ തമാശ പറയുന്നതെങ്കില്‍ ആളുകള്‍ അതിനെ മിമിക്രി തമാശയായി കാണുമെന്ന് രമേശ് പിഷാരടി. അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും തമാശ പറഞ്ഞതുകൊണ്ടാണ് ആളുകള്‍ 'മിമിക്രി തമാശ' എന്ന അളവുകോലില്‍ കാണാതിരുന്നത്. എത്ര ഹിറ്റ് സിനിമകള്‍ ചെയ്താലും ജനങ്ങള്‍ നമ്മുടെ സിനിമകളെ ആ രീതിയില്‍ അളക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് തന്നോട് നേരത്തെ പറഞ്ഞിരുന്നു. മലയാളത്തില്‍ അനവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരാണ് തന്നോട് അക്കാര്യം പറയുന്നത്. ഈ വിഷയം സംവിധായകന്‍ നാദിര്‍ഷയോടും സംസാരിച്ചിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിഷാരടി പറഞ്ഞു.

രമേശ് പിഷാരടി പറഞ്ഞത്:

ആ സിനിമയില്‍ നിറയെ മിമിക്രി തമാശകളാണ് എന്ന് പൊതുവെ ആളുകള്‍ പറയാറുണ്ട്. ഒരു ദിവസം സംവിധായകന്‍ സിദ്ദിക്ക് സാര്‍ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. എത്ര ഹിറ്റ് നമ്മള്‍ ചെയ്താലും ഇക്കാര്യങ്ങള്‍ വെച്ച് ആളുകള്‍ നമ്മളെ അളക്കും. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടാണ് ഇവിടെ ഏറ്റവും വലിയ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. മലയാളത്തില്‍ ഇന്നോളം ഏറ്റവും കൂടുതല്‍ തിയറ്ററില്‍ ഓടിയ സിനിമ ഗോഡ്ഫാദര്‍ ആണ്. അതിന്റെ സംവിധായകരാണ് ഈ കാര്യം പറയുന്നത്. എല്ലാം മിമിക്രി തമാശയാണെന്ന് ആരോപണം വരുമെന്ന് അവരാണ് പറയുന്നത്.

ഒരു ദിവസം ഞങ്ങള്‍ ഇതുപോലെ വെറുതെ സംസാരിക്കുന്നതിനിടയ്ക്ക് ഒരാള്‍ സിനിമയില്‍ മിമിക്രി തമാശയാണെന്ന് അഭിപ്രായം പറഞ്ഞു. എങ്കില്‍ നീയെനിക്ക് 3 മിമിക്രി തമാശയും 3 സിനിമാ തമാശയും പറഞ്ഞു തരൂ എന്ന് ഞാന്‍ അയാളോട് പറഞ്ഞപ്പോള്‍ ഇയാള്‍ കുറെ ആലോചിച്ചു. എന്നിട്ട് പറഞ്ഞതെല്ലാം മിമിക്രിയില്‍ ഉണ്ടായിരുന്ന ആളുകള്‍ സിനിമയില്‍ പറഞ്ഞ തമാശകളായിരുന്നു. ഇതേ കാര്യം ഞാന്‍ നാദിര്‍ഷിക്കയോടും പറഞ്ഞിരുന്നു. അമര്‍ അക്ബര്‍ അന്തോണിയിലെ തമാശകള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും പറയുന്നത് കൊണ്ടാണ് മിമിക്രി തമാശ അല്ലാതെ തോന്നുന്നത്. ദിലീപേട്ടനാണ് പറയുന്നതെങ്കിലും ഈ ആരോപണം വരും. ദിലീപേട്ടനും നാദിര്‍ഷിക്കയും ഒരുമിച്ചാണ് ആ സിനിമ ചെയ്തിരുന്നതെങ്കില്‍ 'മാവേലി കൊമ്പത്ത്' പരിപാടിയാണ് അവര്‍ സിനിമയാക്കിയതെന്ന് ആളുകള്‍ പറയും.

Related Stories

No stories found.
logo
The Cue
www.thecue.in