എന്നെ കണ്ടിട്ടാണ് കുട്ടിയമ്മയെ എഴുതിയതെന്ന് മജു പറഞ്ഞിട്ടുണ്ട്: 'അപ്പന്‍' സിനിമയെ കുറിച്ച് നടി പോളി വല്‍സന്‍

എന്നെ കണ്ടിട്ടാണ് കുട്ടിയമ്മയെ എഴുതിയതെന്ന് മജു പറഞ്ഞിട്ടുണ്ട്: 'അപ്പന്‍' സിനിമയെ കുറിച്ച് നടി പോളി വല്‍സന്‍
Published on

കുട്ടിയമ്മ എന്ന കഥാപാത്രത്തെ തന്നെ കണ്ടിട്ടാണ് എഴുതിയതെന്ന് 'അപ്പന്‍' സിനിമയുടെ സംവിധായകന്‍ മജു പറഞ്ഞു എന്ന് നടി പോളി വല്‍സന്‍. കഥാപാത്രത്തെ കൃത്യമായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ് കുട്ടിയമ്മയെ നല്ല രീതിയില്‍ അവതരിപ്പിക്കാനായതെന്നും പോളി വല്‍സന്‍ ദ ക്യുവിനോട് പറഞ്ഞു.

പോളി വല്‍സന്‍ പറഞ്ഞത് :

മജു കഥ പറഞ്ഞ് തന്നതിന് ശേഷം മാത്രമാണ് ഇങ്ങനൊരു കഥാപാത്രമാണ് ചെയ്യാന്‍ പോകുന്നതെന്ന് മനസിലായത്. പക്ഷേ അത് തന്‍മയത്വത്തോടെ ചെയ്യാന്‍ പറ്റി. കഥാപാത്രങ്ങള്‍ നല്‍കുമ്പോള്‍ നമ്മള്‍ അതിലേക്ക് ആകും. എല്ലാ വേഷങ്ങളും ഓട്ടോമാറ്റിക് ആയിട്ട് അങ്ങനെയാണ് നമ്മള്‍ ചെയ്യുന്നത്. നാടകത്തില്‍ ആയാലും അങ്ങനെ തന്നെയാണ്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കഴിഞ്ഞാല്‍ നമുക്കത് നിഷ്പ്രയാസം ചെയ്യാന്‍ പറ്റും. എന്നെ കണ്ടിട്ടാണ് കുട്ടിയമ്മയെ എഴുതിയതെന്ന് മജു പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഒരു കഥാപാത്രം ആയി കഴിഞ്ഞാല്‍ ഞാന്‍ അത് ജീവിതം പോലെ മനസിലേക്ക് ഏറ്റെടുക്കുകയാണ്. എന്ന് പറഞ്ഞാല്‍ അങ്ങനെയൊരു അവസ്ഥ എനിക്ക് ഉണ്ടായാല്‍ എങ്ങനെയായിരിക്കും എന്ന് ഞാന്‍ കാണും. നമ്മളും മാനസികമായി അതിനോട് ഒരുങ്ങുകയാണ്. ഒരു പെണ്ണ്, അല്ലെങ്കില്‍ ഭാര്യ എന്ന നിലയില്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ് കുട്ടിയമ്മ എന്ന കഥാപാത്രം ഇത്ര നല്ല രീതിയില്‍ ചെയ്യാന്‍ പറ്റിയത്. എല്ലാ വശത്ത് നിന്നും നോക്കി കണ്ട് ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു എന്നത് സംവിധായകന്‍ മജുവിന്റെ കഴിവാണ്.

'ഞങ്ങള്‍ ഒരു കുടുംബം പോലെ ആയിരുന്നു സിനിമയുടെ സെറ്റില്‍. നാല്‍പ്പത് ദിവസം ഞങ്ങള്‍ ആ വീട്ടിലെ അംഗങ്ങളായിരുന്നു. കൊറോണ ആയിരുന്നത് കൊണ്ട് ഒരാളും സ്വന്തം വീട്ടില്‍ പോയില്ല. ഞങ്ങള്‍ എല്ലാവരും അവിടെ കുടുംബം ആയിട്ട് വെക്കലും വേവിക്കലും കഴിക്കലും ഒക്കെ ആയിട്ട് അവിടെ തന്നെ ആയിരുന്നു' എന്നും പോളി വല്‍സന്‍ പറഞ്ഞു.

സണ്ണി വെയ്ന്‍, ഗ്രേസ് ആന്റണി, അനന്യ, വിജിലേഷ് കാരയാട്, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ.ശിവറാം, ഉണ്ണിരാജ, ഗീതി സംഗീത എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in