'കൃതികളെ സിനിമയാക്കുമ്പോള്‍ കുറച്ചുകൂടി തുറന്ന മനസ്സോടെ പ്രേക്ഷകര്‍ ആസ്വദിക്കണം എന്നാഗ്രഹമുണ്ട്': പാര്‍വ്വതി തിരുവോത്ത്

'കൃതികളെ സിനിമയാക്കുമ്പോള്‍ കുറച്ചുകൂടി തുറന്ന മനസ്സോടെ പ്രേക്ഷകര്‍ ആസ്വദിക്കണം എന്നാഗ്രഹമുണ്ട്': പാര്‍വ്വതി തിരുവോത്ത്
Published on

കൃതികളെ സിനിമയാക്കുമ്പോള്‍ പ്രേക്ഷകര്‍ കുറച്ചുകൂടി തുറന്ന മനസ്സോട് കൂടെ അതിനെ നോക്കിക്കാണണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പാര്‍വ്വതി തിരുവോത്ത്. കൃതികളുടെ കാര്‍ബണ്‍ കോപ്പി അല്ല സിനിമയില്‍ നടത്തുന്നത്. ഒരു സമര്‍പ്പണം എന്ന നിലയിലാണ് ഇങ്ങനെയുള്ള സിനിമകള്‍ അവതരിപ്പിക്കുന്നത്. ഒരിക്കലും സിനിമകള്‍ ബുക്കുകളുടെ അത്രയും നന്നാവില്ല എന്ന ചിന്ത നിലനില്‍ക്കുന്നുണ്ടെന്നും എഴുത്തുകാരന്റെ ചിന്തകളില്‍ നിന്ന് സിനിമയിലേക്ക് വരുമ്പോള്‍ കഥയ്ക്ക് പുതിയൊരു പരിഭാഷ ഉണ്ടാവുന്നുണ്ടെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരിസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. അതേ സമയം പാര്‍വ്വതി നായികയായ 'തങ്കലാന്‍' എന്ന ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി നടിയായ മാളവികാ മോഹനനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

പാര്‍വ്വതി തിരുവോത്ത് പറഞ്ഞത്:

ഒരിക്കലും സിനിമകള്‍ ബുക്കുകളുടെ അത്രയും നന്നാവില്ല എന്നാണ് ആളുകള്‍ കരുതുന്നത്. ഞാനും അത് പറഞ്ഞിട്ടുണ്ട് പലപ്പോഴും. പക്ഷെ മീഡിയം വ്യത്യസ്തമാണ് എന്നുള്ളത് ഇപ്പോഴാണ് വ്യക്തമാകുന്നത്. ചില ബുക്കുകള്‍ വായിക്കുമ്പോള്‍, അത് സിനിമയാക്കി അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്. എന്നിരുന്നാലും കൃതികളെ സിനിമയാക്കുമ്പോള്‍ അവസാനം എന്തൊക്കെ തന്നെ പറഞ്ഞാലും അതൊരു അനുകരണം മാത്രമാണ്. എം ടി സാറിന്റെ മനസ്സിലുള്ള സുധ എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോഴും ഏതെങ്കിലും ഒരു നിമിഷത്തില്‍ അതിനൊരു പരിഭാഷ സംഭവിക്കും. ഞാന്‍ ചിന്തിക്കുന്ന രീതിയും ശ്യാമപ്രസാദ് എന്ന സംവിധായകന്റെ ചിന്തകളും കലര്‍ന്നായിരിക്കും സിനിമ രൂപപ്പെടുക. സത്യസന്ധത പുലര്‍ത്തിയോ എന്ന ചോദ്യം ചിലപ്പോള്‍ വലിയ പരാജയമാകും. അതിന് പകരം ഇതിനെ ഒരു സമര്‍പ്പണം എന്ന നിലയിലാണ് കാണേണ്ടത്. രാച്ചിയമ്മ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എഴുതിയതല്ല സിനിമയാക്കിയത് എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ അവിടെയും ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മളൊരു കാര്‍ബണ്‍ കോപ്പി അല്ല ചെയ്യുന്നത്. കൃതികളെ സിനിമയാക്കുമ്പോള്‍ പ്രേക്ഷകര്‍ കുറച്ചുകൂടി തുറന്ന മനസ്സോട് കൂടെ അതിനെ നോക്കിക്കാണണം എന്നെനിക്ക് ആഗ്രഹമുണ്ട്. മനോരഥങ്ങളിലെ എല്ലാ ചിത്രങ്ങളോടും അതുണ്ടാകണം.

Related Stories

No stories found.
logo
The Cue
www.thecue.in