'സാരി അല്ല ശാരി'; പത്മരാജന്‍ പേരിട്ടതിനെ കുറിച്ച് നടി ശാരി

'സാരി അല്ല ശാരി'; പത്മരാജന്‍ പേരിട്ടതിനെ കുറിച്ച് നടി ശാരി
Published on

ദേശാടനകിളികള്‍ കരയാറില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകന്‍ പത്മരാജനാണ് തനിക്ക് ശാരി എന്ന പേരിട്ടതെന്ന് നടി ശാരി. 'ചിത്രീകരണം തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോള്‍ പപ്പേട്ടന്‍ പറഞ്ഞു, നിന്റെ പേര് ശാരി എന്നാണെന്ന്. അന്ന് എനിക്ക് ഒരു വാക്ക് പോലും മലയാളം അറിയില്ലായിരുന്നു. ആ പേര് കേട്ടതും ഞാന്‍ പപ്പേട്ടനോട് പറഞ്ഞു സാരി , ബ്ലൗസ്, എന്നതിനെക്കാളും സാധന എന്ന പേര് മതിയെന്ന്. അപ്പോള്‍ പപ്പേട്ടന്‍ പറഞ്ഞു സാരി അല്ല ശാരി ആണെന്ന്. അന്ന് മുതലാണ് ഞാന്‍ ശാരിയായത്', എന്ന് ശാരി ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

പത്മരാജന്റെ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും, പത്മരാജന്‍ ലെജന്‍ഡറി സംവിധായകനാന്നെന്നും ശാരി കൂട്ടിച്ചേര്‍ത്തു.

'പപ്പേട്ടന്റെ സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമാണ്. ദേശാടനകിളികള്‍ കരയാറില്ല എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഒരു മലയാളം വാക്കുപോലും അറിയില്ലായിരുന്നു. ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമയിലെ സാലി എന്ന കഥാപാത്രം വളരെ ബോള്‍ഡാണ്. ഞാന്‍ ആണെങ്കില്‍ നേരെ തിരിച്ചും. ദേശാടനകിളികളില്‍ എനിക്ക് ഒരുപാട് ഡയലോഗിക്കുകള്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്ന എനിക്ക് ആ റോള്‍ മനോഹരമാക്കാന്‍ സാധിച്ചത് പപ്പേട്ടന്‍ കാരണമാണ്', എന്നും ശാരി പറയുന്നു.

ഡിജോ സംവിധാനം ചെയ്ത ജനഗണമനയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് ശാരി. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസിന്റെ അമ്മയുടെ കഥാപാത്രമാണ് ശാരി അവതരിപ്പിക്കുന്നത്. ഷബാന എന്ന റിട്ടയേഡ് അധ്യാപികയായാണ് സിനിമയില്‍ എത്തുന്നത്. താന്‍ ഇതുവരെ അത്തരമൊരു കഥാപാത്രം അവതരിപ്പിച്ചിട്ടില്ലെന്നും ആദ്യമായി തന്റെ ചിത്രം വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണെന്നും ശാരി വ്യക്തമാക്കി.

ഏപ്രില്‍ 28നാണ് ജനഗണമന തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in