കഥ പറയുമ്പോൾ എന്ന സിനിമയിലെ ക്ലെെമാക്സ് സീനിലെ മമ്മൂക്കയുടെ നാല് മിനിറ്റ് നീളുന്ന പ്രസംഗം മുഴുവൻ തുടർച്ചയായി ഒറ്റ ടേക്കിൽ എടുത്തതാണെന്ന് സിനിമാറ്റോഗ്രാഫർ പി. സുകുമാർ. മമ്മൂക്കയുടെ ഒരു ബ്രില്ല്യന്റ് പെർഫോമൻസാണ് അതെന്നും ആ സീനിന് വേണ്ടി റിഹേഴ്സൽ ചെയ്തിരുന്നില്ല എന്നും പി. സുകുമാർ പറയുന്നു. ഡയലോഗ് പറയാനാവാതെ തൊണ്ടയിടറി നിൽക്കുന്നത് അദ്ദേഹത്തിന് ശരിക്കും സംഭവിച്ചതാണെന്നും അതുപോലെ തന്നെ മമ്മൂക്കയുടെ ഡയലോഗ് മുഴുവൻ തിരിച്ച് കേൾപ്പിച്ച് ഒറ്റയടിക്ക് എടുത്തതാണ് ശ്രീനിവാസന്റെ റിയാക്ഷൻസ് മുഴുവനും എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പി സുകുമാർ പറഞ്ഞു.
പി സുകുമാർ പറഞ്ഞത്:
മമ്മൂക്കയുടെ ഒരു ബ്രില്ല്യന്റ് പെർഫോമൻസാണ് അത്. അത് റിഹേഴ്സ്ഡ് ചെയ്തതല്ല. ഡയലോഗ്സ് മുഴുവൻ അദ്ദേഹം മനസ്സിലാക്കിയിട്ട് അദ്ദേഹത്തിന്റെ ബേസിൽ അദ്ദേഹത്തിന്റെ മൂഡിൽ തന്നെ പറഞ്ഞതാണ്. രണ്ട് ക്യാമറയുണ്ട്. ഒരു ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നത് സുധി എന്ന ക്യാമറാമാനാണ്. എന്റെ കൂടെ അസോസിയേറ്റായിരുന്നു പണ്ട്. ഈ രണ്ട് ക്യാമറയും വച്ച് വർക്ക് ചെയ്യുമ്പോൾ, മമ്മൂക്കയ്ക്ക് ശരിക്കും തൊണ്ടയൊക്കെ ഇടറി ഡയലോഗ് വരാതെ, അത് റിയലായിട്ട് വന്നതാണ്. കാരണം ആ സീനിൽ അത്ര ഇൻവോൾവ്ഡായിട്ട് ചെയ്തതാണ്.
ഞാൻ ഇടയ്ക്ക് ഇങ്ങന കണ്ണ് തുറന്ന് നോക്കും, അപ്പോ എനിക്കൊരു ഡൗട്ട് തോന്നി ഞാൻ സുധിയെ നോക്കിയപ്പോൾ സുധി കട്ട് ചെയ്യണോ എന്ന് രീതിയിൽ നിൽക്കുകയാണ്. തൊണ്ടയിടറി ഡയലോഗ് പറയുകയാണെല്ലോ? ഞാൻ പറഞ്ഞു കട്ട് ചെയ്യേണ്ട വിട്ടോളാൻ. അങ്ങനെ ഒറ്റ ലെങ്ത്തിൽ നാല് മിനിറ്റ് തുടർച്ചയായി എടുത്ത സീനാണ് അത്. ആ ഇമോഷണൽ ഫ്ലോ ഉണ്ട് അതിൽ. അതെപ്പോഴും മൾട്ടിപ്പിൾ ക്യാമറ ഉപയോഗിക്കുന്നതിന്റെ ഗുണവും കൂടിയാണ്. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അത് നല്ലതാണ്. കാരണം ഇമോഷൻസിന് ഒരു ഫ്ലോ കിട്ടും. ഇട്യ്ക്കിടയ്ക്ക് കട്ട് ചെയ്ത് എടുക്കുമ്പോൾ ഇവരൊക്കെ നല്ല ബ്രില്ല്യന്റായിട്ടുള്ള അഭിനേതാക്കളായതുകൊണ്ട് അവർ മാച്ച് ചെയ്യുമായിരിക്കും, പക്ഷേ എന്നാലും നമുക്ക് ഒരു റിയലസ്റ്റിക്കായിട്ട് തോന്നുന്നത് അപ്പോഴാണ്. കഥ പറയുമ്പോൾ എന്ന സിനിമയിൽ തന്നെ മമ്മൂക്കയുടെ ഡയലോഗ്സ് ഒക്കെ എടുത്ത് തിരിച്ച് ശ്രീനിയേട്ടനെ കേൾപ്പിച്ച് ഒറ്റയടിക്ക് എടുത്തതാണ് ശ്രീനിയേട്ടന്റെ റിയാക്ഷൻസ് മുഴുവനും.
മമ്മൂക്കയുടെ കറുത്ത പക്ഷികൾ എന്ന സിനിമയിലെ ഒരു റിയാക്ഷനും തനിക്ക് മറക്കാൻ കഴിയാത്ത പെർഫോമൻസായിരുന്നു എന്ന് പി സുകുമാർ പറയുന്നു. ശ്രീനിവാസന്‍റെ തിരക്കഥയില്‍ എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കഥ പറയുമ്പോൾ. മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് ആയി എത്തിയ ചിത്രത്തില്‍ ബാലന്‍ എന്ന ബാര്‍ബറായാണ് ശ്രീനിവാസൻ എത്തിയത്. മലയാളത്തില്‍ വന്‍ വിജയം നേടിയ ചിത്രം പിന്നീട് ഹിന്ദി അടക്കമുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് ചിത്രത്തിന്റെ കഥാതന്തുവിലേക്ക് താൻ എത്തിപ്പെട്ടത് എന്ന് മുമ്പ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിരുന്നു.