പത്തോളം ഫാന്‍സ് പേജുകള്‍ ബ്ലോക്ക് ചെയ്യേണ്ടിവന്നതിനെക്കുറിച്ച് നിഖില വിമല്‍. സ്വകാര്യ ജീവിതം തനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സാമൂഹ്യമാധ്യങ്ങളില്‍ താന്‍ ഫോളോ ചെയ്യുന്ന അടുപ്പമുള്ളവരെ മാധ്യമങ്ങളും പിന്തുടരുന്നുണ്ട്. തന്റെ അടുപ്പക്കാരില്‍ നിന്ന് കോണ്‍ടെന്റ് കിട്ടുമോ എന്നുള്ളതാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആലോചിക്കുന്നത്. അത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. തന്നെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള്‍ പുറത്തു വിട്ടതുകൊണ്ട് പത്തോളം ഫാന്‍സ് പേജുകളെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. മാധ്യമങ്ങളുടെ ഈ പ്രവണത പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ നിഖില വിമല്‍ പറഞ്ഞു. കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടി.
നിഖില വിമല്‍ പറഞ്ഞത്:
എന്റെ പ്രൈവസി എനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് എന്റെ വ്യക്തിജീവിതത്തില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്നുള്ളത് ഒരുപാട് ആളുകള്‍ക്ക് അറിയില്ല. സിനിമാ സംബന്ധമായ കാര്യങ്ങളിലാണ് നിങ്ങള്‍ എന്നെ ഏറ്റവും കൂടുതല്‍ കാണുന്നത്. ഞാന്‍ എവിടെയെങ്കിലും പോകുകയാണെങ്കില്‍ തന്നെ അതൊന്നും ഇന്‍സ്റ്റാഗ്രാമില്‍ ഞാന്‍ പങ്കുവെക്കാറില്ല. ഞാന്‍ ഒരാളെ ഫോളോ ചെയ്താല്‍ തന്നെ എന്റെ ഫാന്‍ പേജുകളും അയാളെ ഫോളോ ചെയ്യും. എനിക്കത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. അത് അംഗീകരിക്കാന്‍ എന്തുകൊണ്ടോ എനിക്ക് കഴിയുന്നില്ല. കാരണം എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളുകളായിരിക്കാം.
ഞാന്‍ ഒരാളെ ഫോളോ ചെയ്യുന്നത് അവരെ വ്യക്തിപരമായി ഇഷ്ടമുള്ളത് കൊണ്ടാകും. പക്ഷെ മീഡിയ ഇവരെ ഫോളോ ചെയ്യുക എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും കോണ്‍ടെന്റ് അവരില്‍ നിന്ന് കിട്ടുമോ എന്നറിയാനാണ്. എനിക്ക് വളരെ അടുപ്പമുള്ള ഒരാളെ മീഡിയ സ്റ്റോക്ക് ചെയ്യുന്നതാണ് എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഞാന്‍ തന്നെ എന്റെ പത്തോളം വരുന്ന ഫാന്‍സ് പേജുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അവര്‍ക്ക് ചിലപ്പോള്‍ അതിന്റെ കാരണം അറിയില്ലായിരിക്കും. എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും വ്യക്തിപരമായ കണ്ടെന്റുകള്‍ അവര്‍ പ്രസിദ്ധീകരിച്ചാല്‍ ഞാന്‍ ബ്ലോക്ക് ചെയ്യും. അങ്ങനെയുള്ള ഒരു കാര്യം പ്രോത്സാഹിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ല.