ഫ്ളോപ്പ് ആയി അവസാനിപ്പിച്ചിടത്ത് നിന്ന് ഉയിര്‍പ്പ്, തോറ്റ് തോറ്റാണ് പ്രൊഫസറും സംഘവും ഇവിടെത്തിയത്; മണിഹെയ്സ്റ്റ് ചരിത്രമായ കഥ

ഫ്ളോപ്പ് ആയി അവസാനിപ്പിച്ചിടത്ത് നിന്ന് ഉയിര്‍പ്പ്, തോറ്റ് തോറ്റാണ് പ്രൊഫസറും സംഘവും ഇവിടെത്തിയത്; മണിഹെയ്സ്റ്റ് ചരിത്രമായ കഥ
Published on

ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട വെബ് സീരീസുകളില്‍ ഒന്ന്, 'മണി ഹെയ്സ്റ്റ്' അഥവാ 'ല കാസ ഡെ പാപെല്‍'. ഏറ്റവുമധികം ആളുകള്‍ കണ്ട സീരീസ് എന്നതിനൊപ്പം ഏറ്റവും കൂടുതല്‍ ആരാധകര്‍ സ്വന്തമായുള്ള ബിഞ്ച് വാച്ച് സീരീസുമാണ് മണി ഹെയ്സ്റ്റ്. 2021 പുതുവര്‍ഷപ്പിറവി മുതല്‍ മണിഹൈസ്റ്റ് ആരാധകര്‍ കാത്തിരുന്നത് അഞ്ചാം സീസണിന് വേണ്ടിയാണ്. ലോകത്തെ നടക്കുന്ന ഹൈടെക്ക് കൊള്ളയുടെ ആസൂത്രകനും ബുദ്ധികേന്ദ്രവുമായ പ്രൊഫസര്‍ക്ക് എന്ത് സംഭവിക്കുമെന്ന് കൂടി അറിയണം. സീരീസിന്റെ അഞ്ചാം സീസണ്‍ സെപ്റ്റംബര്‍ 3 മുതലാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക. രണ്ട് ഭാഗങ്ങളിലായി ഇറങ്ങുന്ന അഞ്ചാം സീസണോടെ സീരീസ് അവസാനിക്കുമെന്നും നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

'പ്രൊഫസറുടെ' നേതൃത്വത്തിലുള്ള സംഘം ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന മോഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും അത് നടപ്പിലാക്കുന്നതുമാണ് ത്രില്ലര്‍ ഡ്രാമാ സീരീസ് ഗണത്തിലുള്ള മണിഹെസ്റ്റിന്റെ പ്രമേയം. അവതരണത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും പിടിച്ചിരുത്തുന്ന കഥ പറച്ചിലൂടെയും ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ വെബ് സീരീസിന് പിന്നിലുമുണ്ട് ഒരു അതിജീവനത്തിന്റെ കഥ. ആദ്യ സീസണുകളോടെ പരാജയം മൂലം നിര്‍ത്താന്‍ ആലോചിച്ച സീരീസായിരുന്നു മണിഹൈസ്റ്റ്.

ഒരിക്കല്‍ ഉപേക്ഷിച്ച അതേ പ്രേക്ഷകരെ ആരാധകരാക്കി അതിന്റെ പതിന്മടങ്ങ് ആളുകളെ കാഴ്ചക്കാരാക്കിയുമാണ് മണിഹൈസ്റ്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തതോടെയാണ് പുതിയ മുഖവുമായി സ്‌പെയിനിന്റെ അതിരുകള്‍ കടന്നുള്ള കാഴ്ച്ചക്കാരിലേക്ക് എത്തിയത്.

'ല കാസ ഡെ പാപെല്‍', സ്പാനിഷ് ടിവിയിലെ പാവം സീരീസ്

2017ല്‍ സ്പാനിഷ് ടിവി ചാനലായ ആന്റിന 3ലൂടെയായിരുന്നു 'ല കാസ ഡെ പാപെല്‍' എന്ന പേരില്‍ മണി ഹെയ്സ്റ്റിന്റെ പ്രീമിയര്‍. ദൈര്‍ഘ്യം കൂടിയ 15 എപ്പിസോഡുകള്‍ രണ്ട് ഭാഗങ്ങളായി സംപ്രേഷണം ചെയ്യാനായിരുന്നു തീരുമാനം. ആദ്യകാലങ്ങളില്‍ 4.3 ദശലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സീരീസിന് സാധിച്ചു. എന്നാല്‍ പിന്നീട് ഷോയുടെ കാഴ്ച്ചക്കാരില്‍ ഗണ്യമായ കുറവാണുണ്ടായത്. ഇതോടെയാണ് സീരീസിന്റെ സ്രഷ്ടാവ് അലക്‌സ് പിനയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജെസസ് കോള്‍മെനറും സീരീസ് പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.

അക്കാലത്ത് എഴുത്തുകാരനായ ജാവിയര്‍ ഗോമസ് സന്‍താണ്ടര്‍ സീരീസിനെ വിശേഷിപ്പിച്ചത് 'പരാജയത്തിന്റെ കഥ' എന്നായിരുന്നു. ആദ്യ ഭാഗത്തിന്റെ ചിത്രീകരണത്തിന് ശേഷം ഇനി ഒരിക്കലും 'ല കാസ ഡെ പാപെലി'ന്റെ ലൊക്കേഷനിലേക്ക് മടങ്ങി വരില്ലെന്നാണ് വിചാരിച്ചിരുന്നതെന്ന് സീരീസിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മണിഹൈസ്റ്റ് ചരിത്രം ഇതിവൃത്തമാക്കിയ 'ദ ഫിനോമിനോം' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

രണ്ട് സീസണുകളുടെ സംപ്രേഷണത്തിന് ശേഷമാണ് സീരീസ് നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുക്കുന്നത്. 15 വലിയ എപ്പിസോഡുകള്‍ അവര്‍ ആകാംക്ഷ സൃഷ്ടിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റി. ഇംഗ്ലീഷില്‍ മണി ഹെയ്സ്റ്റ് എന്ന പേരു നല്‍കി നെറ്റ്ഫ്ളിക്സിന്റെ ഇന്റര്‍നാഷനല്‍ കണ്ടന്റുകള്‍ക്കൊപ്പം ചേര്‍ത്തു. പിന്നെ നടന്നതെല്ലാം ചരിത്രമാണ്. ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റും എത്തി. നെയ്മറിനെ പോലുള്ള സെലിബ്രിറ്റികള്‍ പോലും നെറ്റ്ഫ്‌ളിക്‌സ് സീരീസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സംസാരിക്കാന്‍ തുടങ്ങി.

ലോകത്തെ ജനപ്രിയ ടിവി ഷോകളുടെ ഐ.എം.ഡി.ബി റേറ്റിങില്‍ രണ്ടാം സ്ഥാനത്താണ് മണി ഹെയ്സ്റ്റ്. 2018ല്‍ മികച്ച ഡ്രാമാ സീരീസിനുള്ള എമ്മി അവാര്‍ഡും സീരീസ് സ്വന്തമാക്കി. സ്പെയിനില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു മണി ഹെയ്സ്റ്റിന്റെ ആദ്യ സീസണുകളുടെ ചിത്രീകരണം. പരിമിതമായ ബജറ്റില്‍ തീര്‍ക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ അടുത്ത സീസണുകള്‍ നെറ്റ്ഫ്‌ളിക്‌സ് ചിത്രീകരിച്ചത് വമ്പന്‍ ബഡ്ജറ്റിലായിരുന്നു. തായ്‌ലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ചിത്രീകരണം വ്യാപിപ്പിച്ചു.

കഥാപാത്രങ്ങള്‍ക്ക് എന്തുകൊണ്ട് സ്ഥലങ്ങളുടെ പേര്

അല്‍വാരോ മോര്‍ട്ടെ അവതരിപ്പിക്കുന്ന പ്രൊഫസര്‍ എന്ന കഥാപാത്രം മുന്‍പ് കുറ്റം ചെയ്തിട്ടുള്ള ക്രിമിനലുകളെ ഒപ്പം ചേര്‍ത്താണ് മോഷണം ആസൂത്രണം ചെയ്യുന്നത്. ടോക്കിയോ, ബെര്‍ലിന്‍, നൈറോബി എന്നിങ്ങനെ സംഘത്തിലെ ഓരോരുത്തരും പല സ്ഥലങ്ങളുടെ പേരുകളിലാണ് അറിയപ്പെടുന്നത്. ഓരോരുത്തര്‍ക്കും മോഷണത്തില്‍ ഓരോ ജോലികളുണ്ട്.

അല്‍വാരോ മോര്‍ട്ടെക്കൊപ്പം ഇറ്റ്‌സിയാര്‍ ഇറ്റിയൂനോ, ഉര്‍സുല കോര്‍ബെറോ, പെട്രോ അലന്‍സോ, മിഖായേല്‍ ഹാരെണ്‍, ജെയ്മി ലൊറെന്റെ, എസ്‌തെര്‍ അകെബോ, ഉര്‍സുല കോര്‍ബെറോ, എന്റിഖ് ആര്‍സ്, ആല്‍ബ ഫ്‌ളോര്‍സ്, ഡാര്‍കോ പെര്‍ക്, ഫെര്‍ണാഡോ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എന്തുകൊണ്ടാണ് കഥാപാത്രങ്ങള്‍ക്ക് സ്ഥലപേരുകള്‍ നല്‍കിയതെന്ന് സീരീസില്‍ പൂര്‍ണമായും വിശദീരിച്ചില്ല. പ്രൊഫസറുടെ ചിന്താഗതിയില്‍, വര്‍ഷങ്ങളായി കവര്‍ച്ച ആസൂത്രണം ചെയ്യുന്ന പ്രൊഫസര്‍ ടീമിലെ അംഗങ്ങള്‍ പരസ്പരം അറിയാതിരിക്കാനും, വ്യക്തിപരമായ അടുപ്പങ്ങള്‍ ഉണ്ടാക്കാതിരിക്കാനുമാകും സ്ഥലപേരുകള്‍ തെരഞ്ഞെടുത്തത് എന്ന് സീരീസ് കാണുന്നവര്‍ക്ക് ഊഹിക്കാം. ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടെ വ്യക്തിത്വങ്ങളുമായി ചേരുന്ന സ്ഥലങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നതും.

എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥലപേരുകള്‍ നല്‍കാനുള്ള തീരുമാനം വളരെ യാദൃശ്ചികമായിരുന്നുവെന്നാണ് അലക്‌സ് പിന 2020ല്‍ ലൈഫ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പ്രത്യേകതയുള്ള പേരുകള്‍ കഥാപാത്രങ്ങള്‍ക്ക് വേണമെന്ന് അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു, ഒരു ടീഷര്‍ട്ടില്‍ നിന്നാണ് സ്ഥല പേരുകള്‍ നല്‍കാനുള്ള തീരുമാനമുണ്ടായതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇതേകുറിച്ച് അലക്‌സ് പിന പറഞ്ഞത് ഇങ്ങനെയാണ്; 'കഥാപാത്രങ്ങളുടെ പേരുകള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് കുറച്ച് ഐഡിയകള്‍ ഉണ്ടായിരുന്നു. ആദ്യം കരുതിയത് ഗ്രഹങ്ങളുടെ പേരിടാം എന്നായിരുന്നു. അങ്ങനെയിരിക്കെയാണ് ടോക്കിയോ എന്നെഴുതിയ ടീഷര്‍ട്ടിട്ട് ഒരാള്‍ വരുന്നത് കണ്ടത്, അങ്ങനെയാണ് ഈ പേരുകള്‍ തെരഞ്ഞെടുക്കുന്നത്. യുറാനസ്, മെര്‍കുറി, ജുപീറ്റര്‍ ഇങ്ങനെ ഗ്രഹങ്ങളുടെ പേരുകളായിരുന്നു കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരുന്നതെങ്കിലോ, ഒന്ന് ആലോചിച്ച് നോക്കൂ.'

ചുവന്ന ജമ്പ് സ്യൂട്ടും, സാല്‍വദോര്‍ ഡാലി മാസ്‌കും

മണി ഹെയ്സ്റ്റ് ജനപ്രീതി നേടിയതിനൊപ്പം ശ്രദ്ധനേടിയതാണ് സീരീസില്‍ താരങ്ങള്‍ ഉപയോഗിക്കുന്ന സാല്‍വദോര്‍ ഡാലി മാസ്‌കും, ചുവന്ന ജമ്പ് സ്യൂട്ടും, ബെല്ലാ ചൗ എന്ന ഗാനവുമെല്ലാം. സീരീസ് പറഞ്ഞുവെക്കുന്ന രാഷ്ട്രീയം ഇതിനൊരു കാരണമായിരുന്നു. അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പടെ പ്രതിഷേധങ്ങളുടെ മുഖമായി ചുവന്ന ജമ്പ് സ്യൂട്ടും സാല്‍വദോര്‍ മാസ്‌കും മാറി.

കുറ്റവാളികള്‍ തിരിച്ചറിയപ്പെടാതിരിക്കുക എന്ന ഉദ്ദേശത്തില്‍ മാത്രം രൂപം നല്‍കിയതല്ല പരമ്പരയിലെ കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം. സീരീസ് പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയത്തെ പിന്തുണക്കുന്നത് കൂടിയാണ് ചുവന്ന നിറത്തിലുള്ള ജമ്പ് സ്യൂട്ട് എന്നാണ് അണിയറക്കാരുടെ വാദം. എക്കാലത്തും വിപ്ലവത്തിന്റെയും കലാപത്തിന്റെയും നിറം തന്നെയാണ് ചുവപ്പ്. സാവല്‍വദോര്‍ ഡാലി മാസ്‌കും ചരിത്രത്തില്‍ മറ്റൊരു ദൗത്യത്തിന്റെ ചിഹ്നമായി.

മുതലാളിത്തത്തോട് തന്റെ കലയിലൂടെ കലഹിച്ചിരുന്ന സ്പാനിഷ് ചിത്രകാരനാണ് സാല്‍വദോര്‍ ഡാലി. വിപ്ലവത്തിന്റെ പ്രതീകമായി നിലനില്‍ക്കുന്ന സാര്‍വദോറിനെ കാരിക്കേച്ചര്‍ മുഖം മണി ഹെയ്സ്റ്റിലെ 'കൊള്ളക്കാരു'ടെ മാസ്‌കിനായി തെരഞ്ഞെടുത്തതും യാദൃശ്ചികമായിരിക്കില്ല.

ലോകം ഏറ്റ് പാടിയ 'ബെല്ലാ ചൗ'

ബെല്ലാ ചൗ എന്ന ഇറ്റാലിയന്‍ ഗാനം മണി ഹെയ്സ്റ്റിന്റെ തീമിന് പിന്തുണ നല്‍കിയ മറ്റൊരു ഘടകമായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനത്തിന് പിന്നിലുമുണ്ട് അവകാശ പോരാട്ടങ്ങളുടെ കഥ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ വയലുകളില്‍ ജോലിചെയ്തിരുന്ന തൊഴിലാളി സ്ത്രീകള്‍ പാടിയിരുന്ന നാടോടി ഗാനമായിരുന്നു ബെല്ലാ ചൗ എന്നാണ് ചരിത്രം.

ഗുഡ് ബൈ ബ്യൂട്ടിഫുള്‍ എന്നാണ് ഇംഗ്ലീഷില്‍ ഈ വരികളുടെ അര്‍ത്ഥം. തുച്ഛമായ കൂലിയില്‍ തങ്ങളെ മണിക്കൂറുകളോളം ജോലി ചെയ്യിച്ച ഭൂവുടമകള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് അന്ന് കാലത്ത് ആളുകള്‍ ഈ ഗാനം ഏറ്റുപാടിയത്. അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളി വര്‍ഗത്തിന്റെ പ്രതീകമായി മാറിയ ഗാനത്തിന്റെ സ്രഷ്ടാവ് ആരാണെന്ന് വ്യക്തമല്ല.

വടക്കെ ഇറ്റലിയിലെ നെല്‍പ്പാടങ്ങളില്‍ പണി ചെയ്തിരുന്ന സ്ത്രീകള്‍ തങ്ങളുടെ ജോലിക്കൊത്തുള്ള വേതനം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോള്‍, അവരുടെ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ഈ ഗാനും മുഴങ്ങിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസോളിനി ഇറ്റലിയെ നാസി ഭരണത്തിന്റെ കീഴില്‍ കൊണ്ടുവന്നതോടെയാണ് ഈ ഗാനം വിമോചന ഗാനമായി യൂറോപ്പിലാകെ പ്രസിദ്ധിയാര്‍ജിച്ചത്. നാസിസത്തിനും ഫാസിസത്തിനും എതിരെ തെരുവിലിറങ്ങിയവര്‍ ഈ ഗാനം ഏറ്റുപാടി.

ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷവും ഈ ഗാനം പല ഗായകരിലൂടെ പുതിയ ഈണങ്ങളില്‍ നിലനിന്നു. യൂറോപ്പില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നടന്ന ഭൂരിഭാഗം വിമോചന സമരങ്ങളിലും ബെല്ലാ ചൗ എന്ന ഗാനം മുഴങ്ങിയിട്ടുണ്ട്.

അല്‍വാരോ മോര്‍ട്ടെ 'ദ പ്രൊഫസര്‍'

ഹൈടെക്ക് കൊള്ളയുടെ ആസൂത്രകന്‍, അതിബുദ്ധിമാനായ നിഗൂഢതകള്‍ നിറഞ്ഞ 'പ്രൊഫസര്‍'. ഒരൊറ്റ കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാകര്‍. 2002ല്‍ ടെലിവിഷന്‍ രംഗത്തെത്തിയ അല്‍വാരോയുടെ കരിയറിലെ ടേണിങ് പോയന്റ് ആയിരുന്നു മണി ഹെയ്‌സ്റ്റ്. അഞ്ച് തവണ ഓഡീഷനില്‍ പങ്കെടുത്ത ശേഷമാണ് അല്‍വാരോ മണി ഹെയ്‌സ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

2002ലായിരുന്നു അല്‍വാരോ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2007ല്‍ സിനിമയിലെത്തിയെങ്കിലും പിന്നീട് സിനിമാഅവസരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. സ്പാനിഷ് ടെലിവിഷന്‍ ഷോകളിലെ കഥാപാത്രങ്ങളുമായി മുന്നോട്ട് പോകവെയാണ് മണി ഹെയ്‌സ്റ്റിലെ വേഷം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇന്ന് ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും ഉള്‍പ്പടെ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് അല്‍വാരോയ്ക്കുണ്ട്.

മണിഹെയ്‌സ്റ്റില്‍ എത്തുന്നതിനും മുമ്പ് തന്നെ കാന്‍സര്‍ ബാധിച്ച കാര്യം അല്‍വാരോ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2011ല്‍ നടന്റെ ഇടതുകാലിലാണ് ട്യൂമര്‍ കണ്ടെത്തുന്നത്. മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അതെന്നാണ് അല്‍വാരോ പറയുന്നത്. താന്‍ മരിക്കുമെന്നോ, കാല്‍ മുറിച്ചു മാറ്റേണ്ടി വരുമെന്നോ വിചാരിച്ചിരുന്നതായും, കാന്‍സറിനെ തോല്‍പ്പിച്ച ശേഷം തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ തുടങ്ങിയെന്നും നടന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അഞ്ചില്‍ തീരുമോ പഞ്ച്, ബിഞ്ച് വാച്ചാകുമോ സീസണ്‍

രണ്ട് ഭാഗങ്ങളിലായാണ് മണി ഹെയ്സ്റ്റ് അഞ്ചാം സീസണ്‍ എത്തുന്നത്. സെപ്റ്റംബര്‍ 3 ന് ആദ്യ ഭാഗവും, രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനും നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്യും. ഓരോ ഭാഗവും അഞ്ച് എപ്പിസോഡുകള്‍ വീതമാകും. ആരാധകരെ കൂടുതല്‍ അക്ഷമരാക്കി അവസാന എപ്പിസോഡുകളുടെ ടൈറ്റിലും കഥാസൂചനകളും നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

'എന്‍ഡ് ഓഫ് ദ റോഡ്, ഡു യു ബിലീവ് ഇന്‍ റീഇന്‍ക്രനേഷന്‍?, വെല്‍ക്കം ടു ദ ഷോ ഓഫ് ലൈഫ്, യുവര്‍ പ്ലേസ് ഈസ് ഹെവന്‍, ലൈവ് മെനി ലൈവ്‌സ്' എന്നാണ് ആദ്യ അഞ്ച് എപ്പിസോഡുകളുടെ ടൈറ്റിലുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in