പത്ത് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നവ്യ നായര്‍. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ'യാണ് നവ്യയുടെ പുതിയ സിനിമ. മാര്‍ച്ച് 18ന് റിലീസിനൊരുങ്ങുന്ന സിനിമയില്‍ രാധാമണി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. നിരന്തരമായി ബുദ്ധിമുട്ടിക്കപെടുമ്പോള്‍ നിവര്‍ത്തികേടുകൊണ്ട് പ്രതികരിക്കുന്ന കഥാപാത്രമാണ് രാധാമണി എന്ന് ദ ക്യു' ഓണ്‍ ചാറ്റില്‍ നവ്യ പറഞ്ഞു.
സ്ത്രീകളില്‍ പൊതുവെ നല്ല ഒരു ശതമാനം ആളുകളും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ പോട്ടെ എന്ന് കരുതി അത് വിട്ടു കളയുന്നവരാണ്. കാരണം പബ്ലിക് ആയി ഒരു സ്ത്രീ എന്ന നിലയില്‍ പ്രതികരിക്കാന്‍ ഒരു പരിധി ഉണ്ട്. സ്ത്രീകള്‍ക്ക് പരിമിതികള്‍ ഒരുപാടുണ്ട്. എത്രത്തോളം അത് മറികടക്കാന്‍ ശ്രമിച്ചാലും അതൊരു യാഥാര്‍ത്ഥ്യമാണെന്ന് നവ്യ പറഞ്ഞു. എന്തിനാണ് സ്ത്രീകളുടെ മാത്രം കാര്യം എടുക്കുന്നത്. ഒരു ജെന്‍ഡര്‍ മാത്രം ബെയ്സ് ചെയ്യാതെ നമുക്ക് ഇപ്പോള്‍ പബ്ലിക്കായി ഒരു പ്രശ്നം നേരിടേണ്ടി വന്നാല്‍ ഒരു 80 % അല്ലെങ്കില്‍ 70 % ആളുകളും പോട്ടെ എന്ന് വിചാരിക്കുമെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
ഒരു പ്രശ്നത്തില്‍ നിന്ന് വെളിയില്‍ വരാന്‍ ആരോട് ചോദിക്കണം, എന്താണ് ചെയ്യേണ്ടത് ഇതൊന്നും നമുക്ക് അറിയില്ലെന്നും, വേറെ മാര്‍ഗമില്ല എന്ന് തോന്നുമ്പോള്‍ മാത്രമാണ് എല്ലാവരും പ്രതികരിക്കുന്നതെന്നും നവ്യ പറഞ്ഞു. മനുഷ്യര്‍ അങ്ങനെ ആണെന്ന് തോന്നുന്നു. വളരെ ചുരുക്കം ആളുകളെ ഉള്ളു വളരെ പെട്ടന്ന് പ്രതികരിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമായിട്ട്. പുരുഷന്മാരേക്കാള്‍ കുറച്ചുകൂടി സ്ലോ ആയിട്ടാണ് സ്ത്രീകള്‍ പ്രതികരിക്കുക. അങ്ങനെ ഒരു നിവര്‍ത്തികേട് കൊണ്ട് ഒരു സാഹചര്യത്തെ നേരിടേണ്ടി വരുന്ന കഥാപാത്രമാണ് നവ്യയുടേതെന്നും നവ്യ വ്യക്തമാക്കി.
രാധാമണി എന്ന കഥാപാത്രം ഒരു ബോട്ടിലെ കണ്ടക്ടര്‍ ആണ്. ഇവര്‍ ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല, നേരത്തെ മുതലേ പെട്ടന്ന് പ്രതികരിക്കുന്ന ആളല്ല. ഇതിനകത്തു തന്നെ സിനിമ കാണുമ്പോള്‍ മനസ്സിലാവും, ആദ്യം അവര്‍ പ്രതികരിക്കുന്നില്ല. അവരുടെ വീട്ടില്‍ തന്നെ അവരുടെ ദേഷ്യം തീര്‍ക്കുകയാണ് ചെയ്യുന്നത്. പിന്നെയും പിന്നെയും അവര്‍ അപമാനിക്കപ്പെടുമ്പോള്‍, ഉപദ്രവിക്കപ്പെടുമ്പോള്‍, വേറെ നിവര്‍ത്തിയില്ലയെന്നു വരുമ്പോള്‍ നമ്മുടെ ഉള്ളിലെ തീ അല്ലെങ്കില്‍ നമ്മുടെ ഉള്ളിലെ ശക്തി തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മുടെ സിനിമയെന്നും നവ്യ പറഞ്ഞു.
എരീടക്ക് ശേഷം പുറത്തിറങ്ങുന്ന വി കെ പ്രകാശ് ചിത്രമാണ് ഒരുത്തീ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മ്മിക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. സൈജു കുറുപ്പ്, വിനായകന്‍, ഗീതി സംഗീത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.