'തന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് പറഞ്ഞു' ; ആദ്യ സിനിമ മുടങ്ങിയാൽ ഭാഗ്യമില്ലാത്തവനെന്ന് നഹാസ് ഹിദായത്ത്

'തന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് പറഞ്ഞു' ; ആദ്യ സിനിമ മുടങ്ങിയാൽ ഭാഗ്യമില്ലാത്തവനെന്ന് നഹാസ് ഹിദായത്ത്
Published on

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ആദ്യ സിനിമയായ ആരവം മുടങ്ങിപ്പോയപ്പോൾ അത് തനിക്ക് പണി അറിയാത്തതിന്റെ പേരിലാണെന്ന് കഥകൾ പരക്കാൻ തുടങ്ങിയെന്നും പല നിർമാതാക്കളുടെ അടുത്ത് ചെല്ലുമ്പോൾ കേൾക്കുന്ന കഥ പലതായിരുന്നുവെന്നും സംവിധായകൻ നഹാസ് ഹിദായത്ത്. കോവിഡ് കാരണം നിർമ്മാതാക്കൾക്ക് ബിസിനെസ്സ് സാധ്യതകൾ ബുദ്ധിമുട്ടായതുകൊണ്ടാണ് ആരവം നിന്ന് പോയത്. ആദ്യ സിനിമ നിന്ന് പോയ സംവിധായകനെ പിന്നെ കാണുന്നത് തന്നെ വേറെ തലത്തിലാണ്. സിനിമ മുടങ്ങിയത് കാരണം പലരും തന്നെ ഭാഗ്യമില്ലാത്തവനെന്ന് വിധിയെഴുതി. പലർക്കും കഥ കേട്ട് ഇഷ്ടമാകുന്നുണ്ട് പക്ഷെ മറ്റൊരു ഡിസ്കഷൻ എത്തുമ്പോൾ ഇത് വേണോ എന്ന് അവർ ചിന്തിക്കുന്നു. തന്റെ നിർമാതാവിനെ വിളിച്ച് നഹാസിന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് പറഞ്ഞവവർ വരെയുണ്ടെന്ന് നഹാസ് ഹിദായത്ത് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നഹാസ് ഹിദായത്ത് പറഞ്ഞത് :

ആദ്യ സിനിമയായ ആരവം ഓണാക്കാൻ തന്നെ നല്ല ടൈം എടുത്തു. അതിനിടെ കോവിഡ് വന്നതോടെ സിനിമ മാറി ബിസിനെസ്സ് മാറി സാറ്റലൈറ്റ് എന്നൊന്ന് ഇല്ല എന്ന് മനസ്സിലായി. പിന്നെ അവിടന്ന് ആ പടം പൊക്കിയെടുക്കുന്നത് പ്രയാസമായി. കാരണം ആരവം ക്രൗഡ് ഡിമാൻഡ് ചെയ്യുന്ന സിനിമയായിരുന്നു. ഒരു ക്യാമ്പസ് സിനിമയാണ് അപ്പൊ എങ്ങനെ നോക്കിയാലും ആയിരം ആയിരത്തിയഞ്ഞൂറ് പേര് കോളേജിൽ ഉണ്ടെങ്കിലേ ഷൂട്ട് നടക്കുകയുള്ളൂ. അങ്ങനത്തെ സാഹചര്യം അല്ലായിരുന്നു അന്ന്. പിന്നീട് നിർമ്മാതാക്കൾക്കും ബിസിനെസ്സ് സാധ്യതകൾ ബുദ്ധിമുട്ടായതുകൊണ്ടാണ് ആ പടം നിന്ന് പോയത്. ആദ്യ സിനിമ നിന്ന് പോയ സംവിധായകനെ പിന്നെ കാണുന്നത് തന്നെ വേറെ തലത്തിലാണ്. ഇവന് പണിയറിയാത്തതിന്റെ പേരിലാണ് സിനിമ നിന്ന് പോയത് തുടങ്ങിയ കഥകൾ പരക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ കോവിഡും ബജറ്റ് പ്രശനം മൂലം നിന്ന് പോയതാണെന്ന് വിട്ടിട്ട് വേറെ കഥകൾ ഉണ്ടായി. പല നിർമാതാക്കളുടെ അടുത്ത് ചെല്ലുമ്പോൾ കേൾക്കുന്ന കഥ പലതായി. പലർക്കും കഥ കേട്ട് ഇഷ്ടമാകുന്നുണ്ട് പക്ഷെ മറ്റൊരു ഡിസ്കഷൻ എത്തുമ്പോൾ ഇത് വേണോ എന്ന് അവർ ചിന്തിക്കുന്നു. എന്റെ നിർമാതാവിനെ വിളിച്ച് നഹാസിന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് പറഞ്ഞവരുണ്ട്. അങ്ങനെ ഷോർട്ട് ഫിലിംസ് ഒക്കെ ചെയ്ത് നിൽക്കുമ്പോഴാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിലേക്ക് വഴി തുറക്കുന്നത്.

ഓഗസ്റ്റ് 25 ന് റിലീസ് ചെയ്ത ആർ ഡി എക്സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറായ ചിത്രം നിർമിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in