പണം ആണ് തുണിവ് തീം, ആക്ഷനും റേസിം​ഗിനുമപ്പുറത്തെ അജിത്; ​ മഞ്ജു വാര്യരുടെ ​ഗൺ ഷോട്ടുകൾ കാണാം: സംവിധായകൻ എച്ച് വിനോദ് അഭിമുഖം

പണം ആണ് തുണിവ് തീം, ആക്ഷനും റേസിം​ഗിനുമപ്പുറത്തെ അജിത്; ​ മഞ്ജു വാര്യരുടെ ​ഗൺ ഷോട്ടുകൾ കാണാം: സംവിധായകൻ എച്ച് വിനോദ് അഭിമുഖം

Published on

തുടര്‍ച്ചയായി മൂന്നാം തവണ അജിത് കുമാറും എച്ച് വിനോദും കൈകോര്‍ക്കുന്ന തമിഴ് ചിത്രമാണ് തുണിവ്. നേര്‍കൊണ്ട പാര്‍വെ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ചിത്രം. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും തുണിവ് എന്നും ആക്ഷന് വേണ്ടിയുള്ള ആക്ഷന്‍ സീക്വന്‍സുകളല്ല സിനിമയിലേതെന്നും സംവിധായകന്‍ എച്ച് വിനോദ് ദ ക്യു' വിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Q

വലിയ ഇടവേളക്ക് ശേഷം അജിത് ചിത്രവും വിജയ് ചിത്രവും ഒന്നിച്ച് തീയേറ്ററില്‍ എത്തുകയാണ്, തുണിവും വാരിസും. പ്രേക്ഷകര്‍ എങ്ങനെ സിനിമയെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

A

പൊങ്കല്‍ ഒരു വലിയ ഉത്സവമാണ്. നാല് അഞ്ച് ദിവസത്തെ അവധിയാണുള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ചോയ്സസ് ഉണ്ട്. അവര്‍ രണ്ട് സിനിമയും കാണും എന്നാണ് പ്രതീക്ഷിക്കുന്നത്. ആരുടെ കയ്യിലാണോ കാശുള്ളത് അവര്‍ രണ്ട് സിനിമയും കാണും. അല്ലെങ്കില്‍ റിവ്യൂസ് കേള്‍ക്കാനും മറ്റ് റെസ്‌പോണ്‍സ് വരാനും കാത്തിരുന്ന് ഏതെങ്കിലും ഒരു സിനിമ കാണുകയും ചെയ്യുമായിരിക്കാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം അജിത് സാറിന്റെയും വിജയ് സാറിന്റെയും സിനിമ നല്ല രീതിയില്‍ ഓടണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരുപാട് കാലങ്ങള്‍ക്ക് ശേഷം വിജയ്-അജിത് സിനിമ ഒന്നിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ആര് നന്നായി ചെയ്തിട്ടുണ്ട്, ആരാണ് സൂപ്പര്‍ ആയിരിക്കുന്നത് എന്ന ഒരു ഗെയിം മൈന്‍ഡ് സെറ്റ് പ്രേക്ഷകരിലും കാണും. അതുകൊണ്ട് രണ്ടു സിനിമകളും നന്നായി ഓടണം എന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്.

Q

അജിത് കുമാറിന് വലിയ ആരാധകവൃന്ദം കേരളത്തിലുമുണ്ട്. തുണിവ് കേരളത്തിലെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് കരുതുന്നത് ?

A

പണം എന്ന തുണിവ് എന്ന സിനിമയുടെ പ്രധാന തീം ആണ്. പണം എന്നത് ഒരു യൂണിവേഴ്‌സല്‍ ഫാക്ട് തന്നെയാണല്ലോ. അതിനൊപ്പം മഞ്ജു വാര്യര്‍ മാഡം ഇതിലെ മുഖ്യകഥാപാത്രമായി അജിത് സാറിനൊപ്പമുണ്ട്. മഞ്ജു മാഡം മുമ്പ് ധാരാളം സീരിയസ് വേഷങ്ങളും പെര്‍ഫോമന്‍സ് ഓറിയന്റഡ് വേഷങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍ തുണിവ് എന്ന സിനിമയില്‍ അതില്‍ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി ആക്ഷനാണ് ചെയ്തിട്ടുള്ളത്. മുമ്പ് ചെയ്തിട്ടില്ലാത്ത ആക്ഷന്‍ സീക്വന്‍സുകളും അഗ്രസിവ് ആയ ചില രംഗങ്ങളും സിനിമയില്‍ കാണാം. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്കും അവരുടെ പ്രേക്ഷകര്‍ക്കും പുതുമ അനുഭവപ്പെടുത്തുന്ന വേഷമാണ് ഈ സിനിമയിലേത്. മഞ്ജു വാര്യര്‍ ഈ ചിത്രത്തിലുള്ളതുകൊണ്ട് കേരളത്തില്‍ കുറച്ചുകൂടി സ്വീകരണമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അജിത് സാര്‍ ഫാന്‍സും മഞ്ജു മാഡം ഫാന്‍സും ചേര്‍ന്ന് സിനിമയെ വലിയ രീതിയില്‍ വരവേല്‍ക്കുമെന്നാണ് കരുതുന്നത്.

Q

മഞ്ജു വാര്യരെ ഒരു ആക്ഷന്‍ വേഷത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ല, കഥാപാത്രത്തക്കുറിച്ച് കൂടുതലായി പറയാനാകുമോ?

A

സ്‌ക്രീനില്‍ കുറച്ച് നേരം മാത്രമാണെങ്കിലും വളരെ നിര്‍ണായക കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ തുണിവില്‍ അവതരിപ്പിക്കുന്നത്. തുണിവിന്റെ കഥ പറച്ചിലില്‍ വളരെ പ്രാമുഖ്യമുള്ള കഥാപാത്രവുമാണ്. ഇതില്‍ ഒരു ടീം ഉണ്ട്. അജിത് സാര്‍ , മഞ്ജു മാഡം അത് കൂടാതെ മറ്റ് മൂന്ന് പേര്‍. ആ ടീമിലെ പ്രധാനികളാണ് അജിത് സാറും മഞ്ജു മാഡവും. അതുകൊണ്ട് തന്നെ ഈ എത്രത്തോളം സുപ്രധാന റോളാണ് ചെയ്തിരിക്കുന്നതെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും.

Q

അജിത് കുമാര്‍ എന്ന താരത്തിനൊപ്പം തുടര്‍ച്ചയായി മൂന്നാം സിനിമ. അജിത് കുമാര്‍ എന്ന നടനിലും താരത്തിലും എച്ച് വിനോദ് എന്ന സംവിധായകന് ലഭിക്കുന്ന കംഫര്‍ട്ട് എന്താണ്

A

തുണിവ് അജിത് സാര്‍ സിനിമയാണ്, ഇത് അജിത് സാര്‍ മൂവി , നാന്‍ താ അതിലിറുക്കെ.

ഇതില്‍ നമ്മളുടെ കംഫര്‍ട്ട് എന്നതല്ല കാര്യം. തമിഴിനെ സംബന്ധിച്ചിടത്തോളം ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയുടെ പ്രൊജക്റ്റ് എങ്ങനെയാണ് റെഡി ആകുന്നതെന്നു വച്ചാല്‍, ഒരു ഹീറോക്ക് ഒരു ഡയറക്ടറെയും, അവരോട് പറഞ്ഞ നമ്മുടെ കഥയും ഓകെ ആണെങ്കില്‍ അവര്‍ ആ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയും പ്രൊഡ്യൂസറിലേക്ക് എത്തുകയുമാണ്. ഈ സിനിമ ചെയ്യണമെന്ന് അവര്‍ തന്നെയാണ് തീരുമാനമെടുക്കുന്നത്. ഇവിടെ ഒരു സ്റ്റാര്‍ സിനിമയെ സംബന്ധിച്ച് അത് സ്റ്റാറിന്റെ തീരുമാനമാണ്. അവര്‍ക്ക് നമ്മള്‍ പറഞ്ഞ കഥയും അതിലെ കഥാപാത്രവും കംഫര്‍ട്ടബിളാണോ എന്നതിലാണ് കാര്യം. അങ്ങനെ ഒരു കംഫര്‍ട്ടിലേക്ക് എത്തുകയാണ് പ്രധാനം.

സിനിമയില്‍ വര്‍ക്ക് ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ നമുക്ക് തന്നെ ഒരു താരത്തിനൊപ്പം സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ടാകുമല്ലോ. വിജയ് സാറിന്റെ കൂടെ ചെയ്യണം, അജിത് സാറിന്റെ കൂടെ ചെയ്യണം, കമല്‍ സാറിനൊപ്പം ചെയ്യണം എന്ന് എല്ലാവര്‍ക്കും തന്നെ ആഗ്രഹം ഉണ്ടാകും. ഓരോ നാട്ടിലും ആ നാട്ടിലെ പ്രധാന താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യണമെന്നത് അവിടെയുള്ള ഒട്ടുമിക്ക ഡയറക്ടേഴ്‌സിന്റെയും ആഗ്രഹമായിരിക്കും.

Q

അജിതിനൊപ്പം ഒടുവില്‍ ചെയ്ത വലിമൈ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്തുകൊണ്ടായിരുന്നു സിനിമ തിരിച്ചടി നേരിട്ടത്. ഒരു തിരിച്ചുവരവ് ആയിരിക്കുമോ തുണിവ്?

A

ആദ്യം തന്നെ, കോവിഡിന് ശേഷം ഒരു സിനിമ ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. ഷൂട്ടിങ്ങിലും അത്തരം പ്രതിസന്ധികളുണ്ടായി. ഇത്തരം ഒരു സിനിമ ചെയ്യുമ്പോള്‍ അതിനുള്ള മാര്‍ക്കറ്റ് ഡിമാന്‍ഡ് കൂടി നമ്മള്‍ പ്രെഡിക്ട് ചെയ്യേണ്ടതുണ്ട്. ഏതു തരത്തിലുള്ള സിനിമയായിരിക്കണം എന്നുള്ളത്. വലിമൈ എന്ന സിനിമയുടെ തീമില്‍ ഫാമിലി റിലേറ്റഡ് വിഷയങ്ങള്‍ കൂടി ഉണ്ടായിരിക്കണം എന്ന് ഞങ്ങള്‍ കരുതിയിരുന്നു. അത്തരത്തിലാണ് സിനിമ ട്രീറ്റ് ചെയ്തത്. പ്രേക്ഷകര്‍ക്ക് നിരവധി മുന്‍വിധികളും പ്രതീക്ഷകളും അവരുടേതായി വലിമൈയെക്കുറിച്ച് കരുതി വച്ചിരുന്നു.

അതുകൊണ്ട് തന്നെ വലിമൈയെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞതിനുമപ്പുറം ഒരു ഹൈപ്പ് ആണ് പുറത്തുണ്ടായിരുന്നത്. റിലീസിന് ശേഷം ആദ്യത്തെ രണ്ട് ദിവസം ഞങ്ങള്‍ക്ക് അത്തരത്തിലൊരു പ്രതിസന്ധിയുണ്ടായി. മിക്‌സഡ് റിവ്യൂസാണ് തുടക്കത്തില്‍ വന്നിരുന്നത്. എന്നാല്‍ മൂന്നാം ദിവസം മുതല്‍ കുടുംബ പ്രേക്ഷകരുടെ വരവ് കൂടി. ഫെബ്രുവരിയില്‍ റിലീസ് ചെയ്തിട്ടും തമിഴ്‌നാട്ടിലെ തന്നെ ടോപ് കളക്ഷനാണ് തുണിവ്നേടിയത്. നല്ല നിലക്ക് വാണിജ്യപരമായി വിജയിച്ച സിനിമ തന്നെയാണ് വലിമൈ. അതുകൊണ്ട് ഞങ്ങള്‍ക്ക് അതില്‍ നിരാശയില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം വലിമൈ എങ്ങനെയാണ് സ്വീകരിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. പക്ഷെ തമിഴ്നാട്ടല്‍ വലിമൈ വലിയ നേട്ടമുണ്ടാക്കിയ ചിത്രമാണ്. അത് മാത്രമല്ല, ബോധപൂര്‍വം തന്നെ ഞങ്ങള്‍ വളരെ ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്ത ചിത്രം കൂടിയാണ് വലിമൈ.

വരുന്ന വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമൂഹം ചര്‍ച്ചചെയ്യാന്‍ പോകുന്ന സാമൂഹ്യ വിപത്തിനെക്കുറിച്ചാണ് വലിമൈ ചര്‍ച്ച ചെയ്തത്.

Q

കൊവിഡിന് ശേഷം രാജ്യത്ത് മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മാതൃകയാവുന്ന വിധത്തിലുള്ള വളര്‍ച്ചയിലാണ് തെന്നിന്ത്യന്‍ സിനിമ. സൗത്ത് ഇന്ത്യന്‍ സിനിമയുടെ മുന്നേറ്റത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്

A

ദക്ഷിണേന്ത്യന്‍ സിനിമയുടെ വിജയത്തിന് പിന്നിലെ മാജിക് എന്താണെന്ന് വച്ചാല്‍, ആളുകള്‍ റിയാലിറ്റിയില്‍ നിന്നും മാറി ഫാന്റസിയില്‍ ജീവിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വളരെ ഫാന്റസിക്കലായ ചിന്തകള്‍ വന്നിട്ടുണ്ട് അവര്‍ക്ക്. നമ്മുടെ റിയാലിറ്റിയിലുള്ള വിഷയങ്ങളെ അഭിമുഖീകരിക്കാതെ നമ്മള്‍ ഒരു വെര്‍ച്വല്‍ ലോകത്തിലേക്ക് പോയിരിക്കുകയാണ്. നിറയെ ഇമാജിനേഷനില്‍ ജീവിക്കകുയാണ് നമ്മളില്‍ പലരും. അപ്പോള്‍ അതിനനുസരിച്ച് നമ്മുടെ ഡിമാന്‍ഡ്സും മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ആ ഡിമാന്‍ഡിനനുസരിച്ചുള്ള സിനിമകളാണ് വേണ്ടത്. അത് ഒരു പോയിന്റ്, മറ്റൊരു പോയിന്റ് മികച്ച വിഷ്വല്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന സിനിമകള്‍ ഏത് ഭാഷയിലാണെങ്കിലും സ്വീകരിക്കപ്പെടും.

അതായത് നമ്മള്‍ ചെയ്യുന്ന ഒരു സിനിമ ഏതൊരു പ്രേക്ഷകനെക്കൊണ്ടും ചെയ്യാന്‍ കഴിയും, അത് അവരെകൊണ്ട് എഴുതാന്‍ കഴിയും എന്നുണ്ടെങ്കില്‍ എന്തിന് അവര്‍ ആ സിനിമ തീയേറ്ററില്‍ വന്നു കാണണം ഇതൊരു പ്രശ്‌നമാണ്. അവരുടെ ഫോണില്‍ ക്യാമറയുണ്ട്, എഡിറ്റിംഗ് ഓപ്ഷന്‍സ് ഉണ്ട്, മ്യൂസിക് ഉണ്ട്. അവരെക്കൊണ്ട് എല്ലാം ക്രിയേറ്റ് ചെയ്യാനാവും. അവരെക്കൊണ്ട് കോമഡി ചെയ്യാനാവും. ചെറിയ ചെറിയ ഡ്രാമകളും, മറ്റും അവര്‍ക്കു തന്നെ യൂട്യൂബിലുമൊക്കെയായി റീല്‍ ചെയ്തിടാന്‍ സാധിക്കും. അപ്പോള്‍ ഞാന്‍ തീയേറ്ററില്‍ വന്നു കാണാന്‍ പാകത്തിന് നീയെന്ത് ചെയ്തു എന്ന ചോദ്യം ഉണ്ടാവും.

ഗ്ലോബലൈസേഷന്‍ ഇഫക്ട് സിനിമയിലും വന്നിട്ടുണ്ട്. അപ്പോള്‍ നിങ്ങള്‍ സിനിമയില്‍ മത്സരിക്കുന്നത് ലോക സിനിമകളോടാണ്. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ അവതാര്‍ സെക്കന്‍ഡ് ഒരു സൂപ്പര്‍ ഹീറോ സിനിമയായി, വമ്പന്‍ റിലീസായി വരികയാണ്. അവതാറിനും നമ്മള്‍ ചെയ്യുന്ന സിനിമക്കും ഒരേ പൈസയാണല്ലോ തിയറ്ററില്‍ കൊടുക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ചിന്തിക്കുക. അതുകൊണ്ട് തന്നെ ലോകത്തിന്റെ മറ്റേതൊരു കോണില്‍ നിന്നിറങ്ങുന്ന സിനിമയുടെ അതേ വിഷ്വല്‍ എക്‌സീപീരിയന്‍സും എക്‌സ്‌പെക്ടേഷനുമാണ് ആളുകൾക്കുണ്ടാവുന്നത്. അതുകൊണ്ടുതന്നെ അവരുടെ എക്‌സ്‌പെക്ടഷനും നിങ്ങള്‍ എന്തെങ്കിലും വലുതായി തന്നെ ചെയ്യണം എന്നുള്ളതാണ്.

പിന്നെ ഒരു സെറ്റ് ഓഫ് ആളുകള്‍ക്ക് ഞങ്ങള്‍ രണ്ട് രണ്ടര മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റിനായി തീയേറ്ററിലേക്ക് വരികയാണ്. അപ്പോള്‍ നിങ്ങള്‍ ഞങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി എന്റെര്‍റ്റൈന്‍ ചെയ്യിക്കൂ, ഞങ്ങളെ റിഫ്രഷ് ചെയ്യിക്കൂ എന്ന ആഗ്രഹമാണ്. മറ്റൊരു വശത്ത് നിങ്ങള്‍ എന്തെങ്കിലും ഒരു സാമൂഹിക വിഷയത്തെകുറിച്ച് സംസാരിക്കൂ എന്ന് ആവശ്യപ്പെടുന്നവരാണ്.സിനിമയില്‍ എന്തെങ്കിലും ഒരു സന്ദേശം ഉണ്ടായിരിക്കണം, വെറുതെ ഒരു സിനിമയല്ലാതെ അതില്‍ നിന്നും എന്തെങ്കിലുമൊരു മെസ്സേജ് വേണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഇത്തരം സാഹചര്യം എല്ലാ പ്രേക്ഷകരെയും തീയേറ്ററിലേക്ക് കൊണ്ടുവരണമെങ്കിൽ ഈ പോയിന്റുകളെല്ലാം ഉള്‍പ്പെടുത്തിയ സിനിമകൽ എടുക്കേണ്ടതുണ്ടെന്ന നിർബന്ധത്തിലേക്ക് പ്രൊഡ്യൂസേഴ്‌സിനെ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. ഓവറോള്‍ ആയി ഒരു ഫ്രഷ് കണ്ടെന്റിന്റെ ആവശ്യകത ഇവിടെയുണ്ടാവുണ്ട്. ധാരാളം കണ്ടന്റുകൾ പ്രേക്ഷകന് ഇന്ന് കാണുന്നതുകൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം ഇവിടെയുണ്ടാകുന്ന സാധാരണ കണ്ടെന്റുകളത്രയും ക്രിഞ്ചാണ്. ഒരു റെഗുലര്‍ ഡയലോഗ് പോലും ഇന്ന് സിനിമയിൽ നമുക്ക് പറയാനാവില്ല. അതും അവര്‍ക്ക് ക്രിഞ്ചായി തോന്നുന്ന പോയിന്റിലേക്ക് എത്തിയിട്ടുണ്ട്.

ഇതെല്ലാം തന്നെ സൗത്ത് ഇന്‍ഡസ്ടറി നേരത്തെ തന്നെ സെന്‍സ് ചെയ്തു. ഇത്തരം മാറ്റങ്ങളാണ് പ്രേക്ഷകരിൽ വരാനിരിക്കുന്നതെന്നും, അതിനായി ഏതു തരാം മാറ്റങ്ങളാണ് നമ്മൾ കൊണ്ടുവരേണ്ടത് എന്നുമുള്ളത് സൗത്ത് ഇന്‍ഡസ്ടറി നേരത്തെ തന്നെ മനസ്സിലാക്കി. പ്രത്യേകിച്ചും തെലുഗ്, കന്നഡ ഇന്‍ഡസ്ടറികൾ. ആ സമയം, മലയാളം ഇന്‍ഡസ്ടറി ചെറിയ ബജറ്റ് സിനിമകളുടെ മാര്‍ക്കറ്റാണ് എടുത്തവച്ചത്. പ്രത്യേകിച്ചും ഓ ടി ടി സിനിമകളൊക്കെ. അതെയിടത്താണ് തെലുഗ്, കന്നഡ സിനിമകള്‍ പക്ഷെ ബിഗ് ബജറ്റ് സിനിമകളുമായാണ് വന്നത്. ബാഹുബലി, ആര്‍ അര്‍ ആര്‍, കെ ജി എഫ് പോലെ. മലയാളം ഇന്‍ഡസ്ട്രിയും തമിഴ് ഇന്‍ഡസ്ട്രിയും അതില്‍ ഇപ്പോഴും സ്ട്രഗിള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഏത് തരം കണ്‍ടെന്റ് എടുക്കണം, അത് എങ്ങനെ എടുക്കണം എന്നുള്ള കാര്യത്തില്‍ ഒരു വ്യക്തതയായിട്ടില്ല. എന്ത് ചേഞ്ച് ആണ് വന്നത് എന്നൊക്കെ നമുക്ക് അറിയാമെങ്കിലും, അത് പ്രവർത്തിയിൽ കൊണ്ടുവരേണ്ടതില്ലേ? അതിനായി അഭിനേതാക്കളും, നിർമ്മാതാക്കളും കൂടി തയ്യാറാവേണ്ടതുണ്ട്. ആ കാര്യത്തിൽ തമിഴ് ഇന്‍ഡസ്ടറി ഇപ്പോൾ മാറിത്തുടങ്ങുന്നുണ്ട്. മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് തമിഴ് ഇന്‍ഡസ്ടറി ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുകയാണ് എന്നത് ശരിയാണ്.

Q

തമിഴ് സിനിമയിലെ കോവിഡിന് ശേഷം വന്ന ഇത്തരം മാറ്റങ്ങളെ എത്രത്തോളം ബൂസ്റ്റ് ചെയ്യുന്നതായിരിക്കും തുണിവ് ?

A

തുണിവില്‍ ഓടിയന്‍സ് എക്സ്പെക്ട് ചെയ്യുന്നത് എല്ലാം തന്നെ ഉണ്ട്.

Q

തുണിവില്‍ ഓടിയന്‍സ് എക്സ്പെക്ട് ചെയ്യുന്നത് എല്ലാം തന്നെ ഉണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകള്‍ ചെയ്യാനുള്ള കാരണം?

A

അങ്ങനെ റിയലിസ്റ്റിക് സിനിമകള്‍ അല്ല, ചെയ്യുന്ന റിയല്‍ സ്റ്റോറികള്‍ക്കുള്ളില്‍ ഫാന്റസി ഉണ്ടായിരിക്കാനാണ് ശ്രമിക്കാറ്. തുണിവിലും കുറച്ചുകൂടെ റിയലിസ്റ്റിക് രീതിയില്‍ ഒരു ഫാന്റസി ഒരുക്കുകയാണ്.

Q

തുനിവ് 1987 ല്‍ നടന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് റോബറിയെ അടിസ്ഥാനമാക്കിയാണെന്ന് പറയപ്പെടുന്നത് ശരിയാണോ?

A

ഒരിക്കലുമല്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം ധാരാളം പ്രവചനങ്ങള്‍ വരുന്നുണ്ട്. പക്ഷെ അതെല്ലാം തെറ്റും കെട്ടിച്ചമച്ചതുമാണ്. തുനിവ് യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുക്കിയിട്ടുള്ള ഫാന്റസിയാണ്. നിങ്ങള്‍ക്കിതിനെ 'അയോഗ്യർകളിൻ ആട്ടം' എന്ന് വിളിക്കാം.

Q

അജിത്തിന്റെ റേസിംഗ് ക്രേസ് ഫാൻസിനെ ഏറെ സ്വാധീനിക്കുന്നതാണ്. ചിത്രത്തിന്റെ സ്റ്റില്ലുകളില്‍ ഓള്‍ ഇന്ത്യാ ട്രിപ്പുകളൊക്കെ ഉണ്ടായിരുന്നു. തുനിവിലും അത്തരം റേസിങ്ങുകളുടെ ആഘോഷം ഉണ്ടായിരിക്കുമോ?

A

അജിത്ത് സാര്‍ ചിത്രത്തില്‍ റേസിംഗ് മാത്രമല്ല ചെയ്തിരിക്കുന്നത്. വിമാനമോടിക്കുകയും ചെയ്യുന്നുണ്ട്. പൈലറ്റ് െൈലസന്‍സ് കൈവശമുള്ളയാളാണ് അദ്ദേഹം. റേസിംഗിന് അപ്പുറം ധാരാളം ഇത്തരം ഹോബികള്‍ ഉള്ളയാളാണ് അജിത് സാര്‍. അതിലൊന്ന് മാത്രമാണ് റേസിംഗ്. അതില്‍ പലതും തുണിവ് സിനിമയിലുണ്ട്.

Q

അജിത്തുമായി പ്രാര്‍ത്തിച്ചിട്ടുള്ള ഡയറക്ടര്‍സ് പലപ്പോഴായും പറയാറുണ്ട്, സിനിമക്ക് പുറത്തും വളരെ ഹംപിള്‍ ആയിട്ടുള്ള ആളാണ് അജിത് എന്ന്. വലിയ ഫാന്‍ ബേസ് ഉള്ള സ്റ്റാര്‍ എന്നതിനുമപ്പുറം, അജിത് എന്ന വ്യക്തിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

A

അദ്ദേഹം വളരെ കംഫര്‍ട്ടബിളായിട്ടുള്ള, വളരെ എളിമയുള്ള വ്യക്തിയാണ്. ലൊക്കേഷനില്‍ എല്ലാവരെയും തുല്യരായാണ് ട്രീറ്റ് ചെയ്യുന്നത് എന്ന് വ്യക്തിപരമായി ഉറപ്പുവരുത്തുന്നയാളാണ് അജിത് സര്‍. പ്രത്യേകിച്ചും സ്ത്രീകളെ. സ്ത്രീകള്‍ക്കെതിരെ യാതൊരുവിധ അതിക്രമങ്ങളും നടന്നുകൂടാ, പ്രോപ്പര്‍ റെസ്പെക്ട് നല്കപ്പെടണം എന്ന നിര്‍ബന്ധമുള്ളയാളാണ് അദ്ദേഹം. എല്ലാവരിലും പ്രചോദനമുണ്ടാക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്.

Q

മഞ്ജുവാരിയരെ കാസ്റ്റ് ചെയ്യാനുണ്ടായ കാര്യം?

A

ഒരു വര്‍ഷം മുന്‍പ് തന്നെ ഈ കഥയുമായി അവരെ സമീപിച്ചിരുന്നു. കഥ കേട്ട ശേഷം, വളരെ ഇന്നസെന്റ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ബോറടിച്ചു, എന്തെങ്കിലും നെഗറ്റീവ് ഷേഡ് ഉള്ളതോ ഗ്രേ ആയിട്ടുള്ളതോ ആയ കഥാപാത്രങ്ങള്‍ തരൂ എന്നാണ് പറഞ്ഞത്. അപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഇല്ലെന്ന് പറഞ്ഞു തിരികെ പോരുകയായിരുന്നു. പിന്നീട് മറ്റൊരു ഹീറോയിനെ കണ്ട് സംസാരിച്ചു അവരെ വച്ചുതന്നെ ചെയ്യാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് കഥയില്‍ ചില മാറ്റങ്ങള്‍ വന്നത്. അവര്‍ ചോദിച്ചതുപോലെയുള്ള ഗ്രേ ഷേഡുള്ള കഥാപാത്രമായി മാറിയപ്പോള്‍ വീണ്ടും മഞ്ജു മാഡത്തെ അപ്പ്രോച്ച് ചെയ്തു. അവര്‍ക്ക് ആ കഥാപാത്രം ഇഷ്ട്ടമായി. അങ്ങനെയാണ് അവരും സിനിമയുടെ ഭാഗമാവുന്നത്. സിനിമയില്‍ അജിത് സാറും മഞ്ജു മാഡവും ഒരു ടീമിന്റെ ഭാഗമാണ്. റൊമാന്റിക് പെയര്‍ എന്ന നിലക്കല്ല അവരെ അവതരിപ്പിച്ചിരിക്കുന്നത്.

Q

തുനിവ് പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് സിനിമയായിരിക്കുമോ?

A

ഒരിക്കലുമല്ല. തുനിവ് പൂര്‍ണ്ണമായും അങ്ങനെ ആക്ഷന്‍ ഓറിയന്റഡ് അല്ല. തുണിവില്‍ ഒരു കഥയുണ്ട്, അതിന്റെ ഭാഗമാണ് ആക്ഷന്‍. മഞ്ജു വാരിയരും അതിലൊരു നല്ല ആക്ഷന്‍ റോള്‍ ചെയ്യുന്നുണ്ട്. അടിയിടി എന്ന മട്ടിലല്ല. ഗണ്‍ ഷോട്ടുകളുള്ള ആക്ഷന്‍ സിനിമയില്‍ കാണാം.

logo
The Cue
www.thecue.in