മോണ്‍സ്റ്റര്‍ എന്ന സിനിമ വ്യത്യസ്തമായൊരു ചിന്തയാണെന്ന് നടന്‍ മോഹന്‍ലാല്‍. ആര്‍ക്കും പെട്ടന്ന് എടുക്കാന്‍ സാധിക്കുന്ന ഒരു പ്രമേയമല്ല മോണ്‍സ്റ്ററിന്റേതെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാല്‍ പറഞ്ഞത്:
മോണ്‍സ്റ്റര്‍ എന്ന സിനിമ വളരെ വ്യത്യസ്തമായ ഒരു ചിന്തയാണ്. ആര്‍ക്കും അങ്ങനെ പെട്ടന്ന് എടുക്കാന്‍ സാധിക്കുന്ന പ്രമേയമല്ല. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. പിന്നെ പുതിയ ആശയം എന്നതിലുപരി ആ ആശയത്തെ എങ്ങനെ നമ്മള്‍ സിനിമയിലൂടെ കാണിച്ചിരിക്കുന്നു എന്നുള്ളതാണ്. ഒരു പുതിയ ആശയം കിട്ടിയാല്‍ അത് പ്രസന്റ് ചെയ്യുക എന്ന ബാധ്യതയുണ്ട്.
അത് ഏറ്റവും മനോഹരമായി സംവിധായകന്‍ വൈശാഖ് ചെയ്തിരിക്കുന്നു. ഏറ്റവും നന്നായി തിരക്കഥാകൃത്ത് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നു. ഞാന്‍ മോണ്‍സ്റ്റര്‍ കണ്ടതാണ്. അപ്പോള്‍ അതില്‍ അഭിനയിച്ച എല്ലാവരും മനോഹരമായി തന്നെ അവരുടെ ഭാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഇത്തരം വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ സാധിക്കുക എന്നത് ഒരു നടനെ സംബന്ധിച്ചെടത്തോളം വലിയ കാര്യമാണ്. ഈ സിനിമ ചെയ്തതില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്.
പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.