മഹേഷ് നാരായണൻ ഫഹദ് ഫാസിൽ ചിത്രം മാലിക്കിനെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. മാലിക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’ എന്നാണ് ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ക്യാംപസ് രാഷ്ട്രീയം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് മെക്സിക്കൻ അപാരത.
മഹാരാജാസിൽ കെ.എസ്.യു നേടിയ വിജയത്തെ എസ്.എഫ്.ഐയുടെ വിജയം എന്ന രീതിയിൽ മെക്സിക്കൻ അപാരതയിൽ അവതരിപ്പിച്ചുവെന്ന് റിലീസ് വേളയിൽ വിമർശനം വന്നിരുന്നു. 2011ൽ മഹാരാജാസ് കോളേജിൽ കെ.എസ്.യു നേതാവായിരുന്ന ജിനോ ജോൺ ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയിച്ചിരുന്നു. സിനിമയിൽ എസ്.എഫ്.ഐ വിജയിക്കുന്നതായാണ് കാണിക്കുന്നത്.
ഇടത് സംഘടനകളെ വെള്ളപൂശാനുള്ള ശ്രമമാണ് ചിത്രമെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ‘പോസ്റ്റ് മനസ്സിലാകാത്തവർക്കായി’ എന്ന കുറിപ്പോടെ പ്രസ്തുത സംഭവത്തിന്റെ ഒരു വാർത്ത കട്ടിങ്ങും ഒമർ ലുലു കമന്റിൽ പങ്കുവെച്ചിട്ടുണ്ട്. അന്ന് വിജയിച്ച ജിനോ ജോൺ മെക്സിക്കന്‍ അപാരതയിൽ കെ.എസ്.യു നേതാവിന്റെ റോളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
മാലിക് ബീമാപള്ളി വെടിവെപ്പ് വിഷയത്തിൽ സിപിഎമ്മിനേയും ആഭ്യന്തരമന്ത്രി ആയിരുന്ന കൊടിയേരി ബാലകൃഷ്ണനെയും വെള്ള പൂശുന്ന നിലപാട് സ്വീകരിച്ചു എന്ന വിമർശനം ചിലർ ഉയർത്തിയിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് ഒമർ ലുലുവിന്റെ വിമര്ശനം. മാലിക്ക് ബീമാപള്ളി വെടിവെപ്പ് പ്രമേയമാക്കിയ സിനിമ അല്ലെന്നും ഫിക്ഷനൽ ആയി ഒരുക്കിയ സിനിമ എന്നുമാണ് മഹേഷ് നാരായണൻ അഭിമുഖങ്ങളിൽ പറഞ്ഞത്.