മീടൂ: വൈരമുത്തുവിനെ അതിഥിയായി ക്ഷണിച്ച് കമല്‍, വേദി പങ്കിട്ട് രജനി;  പരിഹസിച്ച് ചിന്മയി  

മീടൂ: വൈരമുത്തുവിനെ അതിഥിയായി ക്ഷണിച്ച് കമല്‍, വേദി പങ്കിട്ട് രജനി; പരിഹസിച്ച് ചിന്മയി  

Published on

മീടൂ ആരോപണ വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ തന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ഓഫീസ് കെട്ടിട ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച കമല്‍ഹാസനെതിരെ വിമര്‍ശനം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട്് കഴിഞ്ഞ വര്‍ഷം മുന്‍പ് മീടൂ കാമ്പയിന് കമല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തമിഴ്‌സിനിമാ മേഖലയില്‍ ഏറ്റവും അധികം ചര്‍ച്ചയായ മീടൂ ആരോപണങ്ങള്‍ നേരിട്ട വൈരമുത്തുവിനെ ഒരു വര്‍ഷത്തിന് ശേഷം കമല്‍ സ്വന്തം കമ്പനിയുടെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് വിവാദമായിരിക്കുന്നത്. തമിഴിലെ തന്നെ മറ്റൊരു സൂപ്പര്‍താരമായ രജനികാന്തും ഇതേ വേദിയിലുണ്ടായിരുന്നു.

മീടൂ കാമ്പയിന് പിന്തുണ നല്‍കിയ പ്രമുഖരില്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു കമല്‍. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം സ്വന്തം ചടങ്ങിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ വൈരമുത്തുവിനെ ക്ഷണിച്ചതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കമല്‍, രജനി, മണിരത്‌നം തുടങ്ങിയവരുടെ പ്രവൃത്തി ഉത്തരവാദിത്വമില്ലാത്തതും, നിരുത്സാഹപ്പെടുത്തുന്നതുമാണെന്ന് ചിലര്‍ ട്വിറ്ററില്‍ കുറിച്ചു,

പൊതുഇടങ്ങില്‍ നില്‍ക്കുന്ന പീഡകര്‍ക്ക് പ്രതിച്ഛായ എങ്ങനെ കെട്ടിപ്പടുക്കണമെന്ന് അറിയാം. പൊതുവേദികളില്‍ കരുത്തും പിന്തുണയും പ്രദര്‍ശിപ്പിച്ച്, അവര്‍ക്ക് ശക്തരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരിക്കും. ഇതാണ് വര്‍ഷങ്ങളോളം എന്നെ ഭയപ്പെടുത്തിയിരുന്നത്

ചിന്മയി

മീടൂ ആരോപണങ്ങള്‍ നേരിട്ട പുരുഷന്മാരുടെ ജീവിതം തകര്‍ത്തു എന്ന പരിഹാസത്തോടെയാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ച ഗായിക ചിന്മയി ചടങ്ങിലെ ചിത്രം പങ്കുവെച്ചത്. പലരും ആരോപണങ്ങള്‍ പുരുഷന്മാരുടെ കരിയറും ജീവിതവും തകര്‍ക്കുമെന്നും അയാള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നും പറയുന്നു. എന്നാല്‍ വൈരമുത്തു പല ഡിഎംകെ നടത്തിയ ചടങ്ങുകളിലും ഐഎഎസ് അക്കാദമി പരിപാടികളിലും തമിഴ് ഭാഷാ പരിപാടികളിലും, പുസ്തക പ്രകാശനങ്ങളിലുമെല്ലാം മുഖ്യാതിഥിയായിരുന്നു, അയാള്‍ക്ക് ഒന്നും സംഭവിച്ചില്ല, എന്നാല്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉടനെ താന്‍ വിലക്കപ്പെട്ടുവെന്നും ചിന്മയി കുറിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in