മറിമായത്തെ സ്നേഹിക്കുന്ന പ്രേക്ഷകർ സിനിമയിലുള്ള ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് സ്നേഹ ശ്രീകുമാർ. 14 വർഷമായി സംപ്രേഷണം ചെയ്യുന്ന മറിമായത്തിലെ അനുഭവങ്ങൾ സിനിമയിൽ ഗുണം ചെയ്തുവെന്നും പഞ്ചായത്ത് ജെട്ടി സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടപ്പോൾ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നുണ്ടായതെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്നേഹ ശ്രീകുമാർ പറഞ്ഞു. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ സിറ്റ് കോം പരമ്പരയാണ് 'മറിമായം'. മറിമായത്തിലെ അഭിനേതാക്കളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി' യുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു സ്നേഹ ശ്രീകുമാർ.
സ്നേഹ ശ്രീകുമാർ പറഞ്ഞത്:
ഞങ്ങൾ 'മറിമായം' ചെയ്യുന്നത് ഒരു കൂട്ടായ്മയുടെ ശ്രമമായിട്ടാണ്. ഒറ്റയ്ക്ക് ഒരാൾക്ക് നന്നാക്കാവുന്ന ഒരു പരിപാടി ആയിരുന്നില്ല മറിമായം. അതിൽ നിൽക്കുന്ന എല്ലാവരും ഒരു മനസ്സോടെ നിന്നെങ്കിലെ ആ പരിപാടി മുന്നോട്ട് പോകൂ. മറിമായം പതിനാലാം വർഷത്തിലേക്ക് കടക്കുകയാണ്. 2011ൽ മഴവിൽ മനോരമയിലൂടെ ആരംഭിച്ച പരിപാടിയാണ് അത്. അത്രയും വർഷത്തെ അനുഭവങ്ങൾ ഞങ്ങൾക്ക് ഈ സിനിമയിൽ ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സംവിധായകർക്ക് കുറച്ചുകൂടി എളുപ്പമായിരിക്കും മറിമായത്തിലെ അഭിനേതാക്കളോടൊപ്പം സിനിമ ചെയ്യാൻ. നമ്മൾ എവിടെ വരെ പോകും എന്ന് അവർക്ക് അറിയാൻ പറ്റും. സിനിമയിലേക്ക് വരുമ്പോൾ ഉത്തരവാദിത്തം കൂടുകയാണ്. കാരണം, മറിമായത്തെ സ്നേഹിക്കുന്ന പ്രേക്ഷകർ ഇപ്പോഴുമുണ്ട്. സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതീക്ഷളോടെയുള്ള മറുപടികളാണ് എനിക്ക് വ്യക്തിപരമായി ലഭിച്ചത്. ആരും മോശമായി ആ പോസ്റ്ററിനോട് പ്രതികരിച്ചില്ല. അത്രയും ആളുകൾ പ്രതീക്ഷിക്കുന്നു എന്നുള്ളത് നമ്മളുടെ ഉത്തരവാദിത്തം കൂട്ടുന്നുണ്ട്.
കുടുങ്ങാശ്ശേരി പഞ്ചായത്ത് എന്നൊരു പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ട് നടക്കുന്ന കഥയാണ് പഞ്ചായത്ത് ജെട്ടി. പ്രധാനമായും യാത്രാസൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻ പുറത്തിൻ്റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നാട്ടിലെ വിവിധ പ്രശ്നങ്ങൾ ഈ ചിത്രത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രശ്നങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, അവർക്കിടയിലെ കിടമത്സരങ്ങൾ രാഷ്ടീയക്കാരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് സംവിധായകർ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സമൂഹത്തിൻ്റെ പ്രതീകങ്ങൾ എന്ന തരത്തിലാണ് അവതരണം. പഞ്ചായത്ത് പ്രസിഡൻ്റും, മെംബർമാരുമൊക്കെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. റിയലിസ്റ്റിക്കായ കഥാതന്തുവിനെ നർമ്മത്തിൻ്റെ അകമ്പടിയോടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്ന ചിത്രത്തിൽ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവരെക്കൂടാതെ സലിം കുമാർ, നിയാസ് ബക്കർ, റിയാസ്, വിനോദ് കോവൂർ, രചനാ നാരായണൻകുട്ടി, സ്നേഹാ ശ്രീകുമാർ, ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ, എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ക്രിഷ് കൈമൾ എഡിറ്റിംഗ് - ശ്യാം ശശിധരൻ കലാസംവിധാനം -സാബു മോഹൻ മേക്കപ്പ് - ഹസൻ വണ്ടൂർ. കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ - അനിൽ അലക്സാണ്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - പ്രേം പെപ് കോ, ബാലൻ കെ. മങ്ങാട്ട് 'ഓഫീസ് നിർവ്വഹണം -- ജിതിൻ' ടി.വേണുഗോപാൽ പ്രൊഡക്ഷൻ മാനേജർ - അതുൽ അശോക് പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രഭാകരൻ കാസർകോഡ്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. വാഴൂർ ജോസ്. ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര