മരക്കാര്‍ മലയാളത്തിലെ ബാഹുബലി, 101 ശതമാനം എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന സിനിമയെന്ന് ദേശീയ അവാര്‍ഡ് ജൂറിയംഗം

മരക്കാര്‍ മലയാളത്തിലെ ബാഹുബലി, 101 ശതമാനം എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന സിനിമയെന്ന് ദേശീയ അവാര്‍ഡ് ജൂറിയംഗം
Published on

മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ മലയാളത്തിന്റെ ബാഹുബലിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് ജൂറി അംഗം സന്ദീപ് പാമ്പള്ളി. ''വളരെ നല്ല സിനിമയാണ്. കോമേഷ്യലി 101 ശതമാനം ജനങ്ങളെ എന്റര്‍ട്ടെയിന്‍ ചെയ്യുന്ന വളരെ കലാ മൂല്യമുള്ള നല്ല സിനിമയാണ്. ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ മലയാളം ഉള്‍പ്പെടെ ഭാഷാ ചിത്രങ്ങള്‍ പരിഗണിച്ച സൗത്ത് വണ്‍ ജൂറിയിലായിരുന്നു സംവിധായകന്‍ സന്ദീപ് പാമ്പള്ളി.

ദേശീയ പുരസ്‌കാരത്തിലെ മറ്റ് പാനലുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത് സൗത്ത് പാനലിനാണ്. കണ്ട മലയാള സിനിമകളില്‍ പകുതി എണ്ണം മാത്രമാണ് മത്സരത്തിനുള്ള നിലവാരം പുലര്‍ത്തിയിരുന്നത്. ബാക്കിയുള്ള സിനിമകളൊക്കെ വെറുതെ അയക്കുന്നതായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. അത് അവരുടെ ആഗ്രഹത്തിന് അവര്‍ അയച്ചതായിരിക്കാമെന്നും സന്ദീപ്. മാതൃഭൂമി ചാനലിലാണ് പ്രതികരണം. മലയാളം തമിഴ് ഭാഷകളിലെ എല്ലാ സിനിമകളും ഞങ്ങളാണ് തിരഞ്ഞെടുത്ത് അന്തിമ റൗണ്ടിലേക്ക് പറഞ്ഞയച്ചത്. പ്രാഥമിക തിരഞ്ഞെടുപ്പിന് ശേഷം ഏകദേശം 110 സിനിമകളാണ് നമ്മുടെ മുന്നില്‍ വന്നത്. 110 സിനിമകളും ഞങ്ങള്‍ പൂര്‍ണ്ണമായി കാണുകയും വിലയിരുത്തുകയും ചെയ്തു. ഞങ്ങള്‍ അഞ്ച് പേര്‍ അടങ്ങുന്ന ഒരു ജൂറിയായിരുന്നു ഉണ്ടായിരുന്നത്. ഇടക്കാലത്ത് അവാര്‍ഡ് സിനിമകള്‍ എന്ന് പറഞ്ഞ് ചില സിനിമകളെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. കാരണം നല്ല വിഷയങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസിലാകുന്ന രീതിയിലും, സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലുള്ള എല്ലാ സിനിമകളും മത്സരത്തിന് അര്‍ഹമാണ്. ഫൈനല്‍ ജൂറി എടുത്തിരിക്കുന്ന തീരുമാനങ്ങളും നല്ലതായാണ് തോന്നിയത്.

മേയ് 13നാണ് മരക്കാര്‍ തിയറ്ററുകളിലെത്തുക. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. സ്‌കൂളില്‍ പഠിച്ച മരക്കാറിനെ സര്‍ഗാത്മക സ്വാതന്ത്ര്യത്തോടെ സിനിമയില്‍ അവതരിപ്പിക്കുകയാണെന്ന് പ്രിയദര്‍ശന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ ഇഫക്ട്‌സ് കാറ്റഗറിയില്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും മരക്കാറിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ.

Related Stories

No stories found.
logo
The Cue
www.thecue.in