‘അസുരനേക്കാള്‍ വലിയ തമിഴ് ഓപ്പണിങ്ങ് ഇല്ല’; ധനുഷ്- വെട്രിമാരന്‍ ചിത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍
വെട്രിമാരന്‍-ധനുഷ് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് മഞ്ജു വാര്യര്‍. തമിഴില്‍ നിന്ന് മുന്‍പ് പല ഓഫറുകള്‍ മുന്‍പ് വന്നിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും അവസാനനിമിഷം നടക്കാതെ വരുകയായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ അത് നല്ലതിനായിരുന്നുവെന്ന് തോന്നുന്നുവെന്നും മഞ്ജു പറഞ്ഞു.
മഞ്ജു നായികയാകുന്ന തമിഴ് ചിത്രം ‘അസുരന്‍’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രചരണാര്‍ഥം ‘ഇന്ത്യഗില്‍റ്റ്‌സി’ന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം.
അസുരന്‍ ആദ്യ തമിഴ് ചിത്രമാവുകയാണ്, ഇതിലും വലിയ ഒരു ഓപ്പണിങ്ങ് ആലോചിക്കാന്‍ കഴിയില്ല. ധനുഷ് വര്‍ഷങ്ങളായി അറിയാവുന്ന സുഹൃത്താണ്. മുന്‍പ് കുറച്ചു ചിത്രങ്ങള്‍ ധനുഷുമായി ചേര്‍ന്നും സംസാരിച്ചിട്ടുണ്ട് പക്ഷേ അതൊന്നും നടന്നിരുന്നില്ല. വെട്രിമാരന്‍ സിനിമ ചെയ്യാന്‍ റെഡിയാണോ എന്ന് ചോദിച്ചപ്പോള്‍ സൂപ്പര്‍ എക്‌സൈറ്റ്ഡ് ആയിരുന്നു
മഞ്ജു വാര്യര്‍
വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ കാണാന്‍ കേരളത്തിലും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. കുറച്ചു ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും എല്ലാം അതിന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളവയാണ്. വെട്രിമാരന്‍ ചിത്രങ്ങളിലെ സ്ത്രീ കേന്ദ്രകഥാപാത്രങ്ങളുടെ കരുത്ത് ശ്രദ്ധിച്ചിട്ടുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ നാലിനാണ് അസുരന്‍ റിലീസ് ചെയ്യുന്നത്.