പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുമായി നടി മഞ്ജു വാരിയർ. കന്മദം എന്ന സിനിമയിലെ ലൊക്കേഷനിൽ ലോഹിതദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുക്കൊണ്ടായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ താരം പങ്കുവെച്ചത്. ലോഹിതദാസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് 1998 -ൽ പുറത്തിറങ്ങിയ ഒരു ചിത്രമായിരുന്നു കന്മദം. ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ, കെ.പി.എ.സി. ലളിത എന്നിവരാണ് പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിച്ചത്. സിനിമയിൽ മഞ്ജു വാരിയർ അവതരിപ്പിച്ച ഭാനുവെന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ലോഹിതദാസിനെ കുറിച്ച് മഞ്ജു വാരിയർ
ഇന്നലെയും ആലോചിച്ചു... ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക... 'ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ 'അണു'കുടുംബങ്ങളായത് '! ഉറപ്പാണ്, കഥകൾക്ക് വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യർ 'തനിയാവർത്തനത്തിലെ' ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓർമകൾക്ക് പ്രണാമം...