‘സ്ത്രീകളെ ശല്യം ചെയ്യാന്‍ താരങ്ങളുടെ വ്യാജന്മാര്‍’; സനൂപ് സന്തോഷിന് പിന്നാലെ ഉണ്ണി മുകുന്ദനും പരാതി നല്‍കി

‘സ്ത്രീകളെ ശല്യം ചെയ്യാന്‍ താരങ്ങളുടെ വ്യാജന്മാര്‍’; സനൂപ് സന്തോഷിന് പിന്നാലെ ഉണ്ണി മുകുന്ദനും പരാതി നല്‍കി

Published on

സിനിമാതാരങ്ങളുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്യുന്നത് വ്യാപകമാകുന്നു. സിനിമാതാരം സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ മൊബൈലില്‍ വിളിച്ച് സംസാരിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നടന്‍ ഉണ്ണി മുകുന്ദനും സമാനമായ മറ്റൊരു പരാതി നല്‍കി.

ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ പിതാവ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി. iam unni mukundan എന്ന പ്രൊഫൈലിന് സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് കബളിപ്പിക്കല്‍ നടന്നത്. പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറയുന്നു. വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ ഉറവിടം തേടിയിട്ടുണ്ട്.

സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കിയ മലപ്പുറം പൊന്നാനി സ്വദേശിയായ രാഹുലിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഹോദരന്‍ വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിക്കുന്നതായും സനുഷയോട് പല നടികളും പറഞ്ഞതായിരുന്നു സംശയത്തിനിടയാക്കിയത്.

സംഭവം അറിഞ്ഞ ഉടനെ സനൂപിന്റെ പിതാവ് സന്തോഷ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സനുഷയോടൊപ്പമുള്ള സനൂപിന്റെ ചിത്രമായിരുന്നു വാട്സാപ്പ് അക്കൗണ്ടില്‍ പ്രൊഫൈല്‍ പിക്ചറാക്കിയിരുന്നത്. രണ്ടുവര്‍ഷംമുമ്പ് മോഷ്ടിച്ച സിംകാര്‍ഡാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആണ് പ്രതി ഉപയോഗിച്ചത്. മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ജാമ്യത്തില്‍ വിട്ടു.

മുന്‍പും തന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയ പലര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു. എന്നാല്‍ അന്ന് അവര്‍ ചെറുപ്പമല്ലേയെന്നും കൈയബദ്ധം പറ്റിപ്പോയെന്നുമെല്ലാം അവരുടെ മാതാപിതാക്കളും സുഹൃത്തുക്കളും ഒക്കെ വന്നു കരഞ്ഞു പറഞ്ഞതുകൊണ്ട് താക്കീത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു. മാട്രിമോണിയല്‍ സൈറ്റിലടക്കം വ്യാജ അക്കൗണ്ടുകളുണ്ടാക്കിയിട്ടുണ്ട്. ഇനി അത്തരക്കാരായാലും പ്രായം നോക്കാതെ തന്നെയായിരിക്കും നടപടിയെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in