മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടി ചിത്രവും തുടങ്ങുന്നു, ദ പ്രീസ്റ്റ് 20നും, ദൃശ്യം സെക്കന്‍ഡ് 22നും

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടി ചിത്രവും തുടങ്ങുന്നു, ദ പ്രീസ്റ്റ് 20നും, ദൃശ്യം സെക്കന്‍ഡ് 22നും
Published on

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും, ആള്‍ക്കൂട്ടമൊഴിവാക്കിയും മലയാള സിനിമ വീണ്ടും സജീവമാകുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും ഈ മാസം തുടങ്ങും. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റ്' സെപ്തംബര്‍ 22ന് വാഗമണ്ണില്‍ പുനരാരംഭിക്കും. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ഈ മാസം 15ന് തുടങ്ങുമെന്ന് നേരത്തെ അറിയിച്ചെങ്കിലും മോഹന്‍ലാലിന്റെ ആയുര്‍വേദ ചികില്‍സ പൂര്‍ത്തിയായ ശേഷം 22ന് തുടങ്ങും. കൊച്ചിയിലും തൊടുപുഴയിലുമാണ് ദൃശ്യം സെക്കന്‍ഡ് ചിത്രീകരണം. ദ പ്രീസ്റ്റ് എന്ന ചിത്രം മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന പ്രൊജക്ട് കൂടിയാണ്.

സെപ്തംബറില്‍ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ഹോം, വാലാട്ടി എന്നീ സിനിമകള്‍ തുടങ്ങിയിരുന്നു. ടൊവിനോ തോമസ് നായകനായ കള, ഫഹദ് ഫാസില്‍-സൗബിന്‍ ഷാഹിര്‍ ചിത്രം ഇരുള്‍ എന്നിവയും ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടി ചിത്രവും തുടങ്ങുന്നു, ദ പ്രീസ്റ്റ് 20നും, ദൃശ്യം സെക്കന്‍ഡ് 22നും
മമ്മൂക്കയുടെ സീനുകള്‍ തീര്‍ക്കാനായത് ഭാഗ്യം,ലോക്ക് ഡൗണില്‍ പാതിയിലായ സിനിമകളെക്കുറിച്ച്

ഷൂട്ടിംഗ് കര്‍ശന നിയന്ത്രണങ്ങളോടെ

ഷൂട്ടിംഗിന് രണ്ട് ദിവസം മുമ്പ് മുഴുവന്‍ അംഗങ്ങള്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തും. കൊവിഡ് നെഗറ്റീവ് ആകുന്നവരെ മാത്രം ഉള്‍പ്പെടുത്തിയാകും ചിത്രീകരണം. ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ പ്രത്യേകം പാക്ക് ചെയ്ത് വെവ്വേറെ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. ഷൂട്ടിംഗ് അംഗങ്ങളുടെ ഹോട്ടലുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. സാനിറ്റൈസ് ചെയ്ത ശേഷമായിരിക്കും മേക്കപ്പ് ഉള്‍പ്പെടെ സാമഗ്രികളും നല്‍കുക. ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്ന സമയമൊഴികെ അഭിനേതാക്കള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ഷൂട്ടിംഗ് യൂണിറ്റിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പ്രത്യേകമായി സാനറ്റൈസര്‍ നല്‍കും.

കൊവിഡിനിടയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം 'ഹോമി'ന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ 'ദ ക്യു'വിനോട്,

മുൻകരുതലുകളും ലോക്കേഷനുള്ളിലെ നിയന്ത്രണങ്ങളും

ഷൂട്ടിങ് തുടങ്ങുന്നതിന് കുറച്ച് മുമ്പ് തന്നെ ആർട്ട്, കോസ്റ്റ്യൂംസ്, അങ്ങനെ കൂടുതൽ ആളുകൾ ജോലി ചെയ്യേണ്ട ഇടങ്ങളിലെ പണികളെല്ലാം മുമ്പേ തീർത്തിരുന്നു. ഷൂട്ട് തുടങ്ങിയപ്പോൾ ലൊക്കേഷനിൽ ആളുകളുടെ എണ്ണം കുറച്ചു. സാധാരണ ഷൂട്ടിങ് സമയത്ത് കോസ്റ്റ്യൂംസ് എല്ലാം പാരലലി ചെയ്യലായിരുന്നു പതിവ്. അത് പൂർണ്ണമായും ഒഴിവാക്കി. ക്രെയ്നിൽ 4 പേരും യൂണിറ്റിൽ 5 പേരും പ്രൊഡക്ഷനിൽ 3 പേരുമാണ് ഇപ്പോൾ ഉളളത്. സാധാരണ ക്രെയ്നിൽ 7 പേരും പ്രൊഡക്ഷനിൽ 9 പേരും യൂണിറ്റിൽ 12 മുതൽ 13 വരെ ആളുകളും വർക്ക് ചെയ്തിരുന്ന ഇടത്താണ് ഇപ്പോൾ ആകെ 13 പേർ ജോലി ചെയ്യുന്നത്. ഫുഡ് കണ്ടൈനറിൽ പാഴ്സലായി സൈറ്റ്ലേയ്ക്ക് എത്തും. ഓരോരുത്തർക്കും ഓരോ പാഴ്സൽ വീതം നൽകുന്നു. റൂമിലേയ്ക്ക് ഒരു കാൻ കുടിവെള്ളവും കൊടുത്തുവിടുന്നു. അതാണ് ഇപ്പോൾ ഉള്ള രീതി. മുമ്പ് റൂമിലേയ്ക്ക് സേർവ് ചെയ്യുമായിരുന്നു. ഇപ്പോൾ അതില്ല. ചായ ഇടാൻ മാത്രമാണ് പ്രൊഡക്ഷനിൽ ആളുളളത്. സാധാരണ ലൊക്കേഷനിൽ റണ്ട് വാഹനങ്ങൾ ഉപയോ​ഗിക്കുന്നിടത്ത് ഇപ്പോൾ ഒന്നു മാത്രമാണ് ഉണ്ടാവുന്നുള്ളു. അങ്ങനെ വണ്ടികളുടെ എണ്ണവും കുറഞ്ഞു.

പുതിയ ഷൂട്ടിങ് രീതി കൊണ്ടുളള ലാഭം

ഈ സമയം സിനിമ നടക്കണമെങ്കിൽ ചിലവുചുരുക്കൽ അനിവാര്യമാണ്. സാധാരണ 100 മുതൽ 120 വരെ ആളുകളാണ് സൈറ്റിൽ ഉണ്ടാവാറ്. ഈ ചിത്രത്തിന് 63 പേർ മാത്രമാണ് ലൊക്കേഷനിൽ ഉളളത്. ഇതൊരു ചെറിയ സിനിമ ആയതുകൊണ്ടും കോവിഡിന്റെ സമയത്ത് ചിത്രീകരണം നടക്കുന്നതുകൊണ്ടും ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യൻസിനും മറ്റ് ജോലി ചെയ്യുന്നവർക്കുമെല്ലാം ഒരുമിച്ച് ഒരിടത്താണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങൾ മനസിലാക്കി ചെറിയ സൗകര്യങ്ങളിൽ താമസിക്കാൻ ഇന്ദ്രൻസേട്ടനും മറ്റ് ആക്ടേഴ്സും തയ്യാറായി. മൊത്തം തൊഴിലാളികൾക്കും ജോലി കൊടുക്കാൻ കഴിയുന്നില്ല. ചിലവ് ചുരുക്കി നല്ല സിനിമ എടുക്കുക എന്നത് മാത്രമാണ് ഇപ്പോൾ നോക്കുന്നത്. അങ്ങനെ എല്ലാവരും എടുത്തു തുടങ്ങുമ്പോൾ സാവധാനം എല്ലാവർക്കും ജോലി ആകുമെന്ന് കരുതുന്നു. ഇപ്പോൾ ആർട്ടിസ്റ്റ്സും സഹകരിക്കുന്നുണ്ട്. മുമ്പ് 20, 25 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നവർ 10നും 15നും ചെയ്യാൻ തയ്യാറാവുന്നുണ്ട്. കുറഞ്ഞ ചിലവിൽ മുമ്പത്തിനേക്കാൾ നന്നായി കാര്യങ്ങൾ നടക്കുന്നു എന്നതാണ് എടുത്തു പറയേണ്ട ലാഭം.

കോവിഡ് കാരണം സ്ക്രിപ്റ്റിൽ മാറ്റം?

2017ൽ സെലക്ട് ചെയ്ത സ്ക്രിപ്റ്റ് ആണ്. കോവിഡ് കാരണം സ്ക്രിപ്റ്റിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ക്രൗഡ് വരുന്ന 2 ദിവസത്തെ ഔട്ട് ഡോർ ഷൂട്ടുകളാണ് നടക്കാനുളളത്. ​ആ 2 ദിവസം ഒഴികെയുളള ഷൂട്ട് ഇപ്പോൾ തീർക്കും. പിന്നീട് ഡബ്ബിങും മറ്റ് കാര്യങ്ങളും നടക്കുന്നതിനിടയിൽ ഗവൺമെന്റിന്റെ പെർമിഷൻ ലഭിച്ചതിന് ശേഷം ക്രൗഡ് ഷൂട്ടും പൂർത്തിയാക്കും.

Related Stories

No stories found.
logo
The Cue
www.thecue.in