പൃഥ്വിരാജ് സുകുമാരന്‍ മുരളി ഗോപിയുടെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണ്. ലൂസിഫറിന് പിന്നാലെ എമ്പുരാന്‍ എന്ന സീക്വല്‍ ഈ ടീം അനൗണ്‍സ് ചെയ്തിരുന്നുവെങ്കിലും കൊവിഡ് മൂലം പ്രൊജക്ട് നീണ്ടു.
2022ല്‍ എമ്പുരാന്‍ നടക്കുമെന്നാണ് പൃഥ്വിയും മുരളി ഗോപിയും പിന്നീട് വ്യക്തമാക്കിയത്. മമ്മൂട്ടിയെ നായകനാക്കി തന്റെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് മുരളി ഗോപി. മമ്മൂട്ടി എന്ന മെഗാസ്റ്റാറിനും നടനുമുള്ള ട്രിബ്യൂട്ടായിരിക്കും ആ ചിത്രമെന്നും റെഡ് എഫ്എം അഭിമുഖത്തില്‍ ആര്‍ജെ മൈക്കിനോട് മുരളി ഗോപി.
മുരളി ഗോപി പറഞ്ഞത്
തീര്‍ച്ചയായും അത് ആലോചനയിലുള്ള സിനിമയാണ്. ഞങ്ങള്‍ അത് പ്ലാന്‍ ചെയ്തിട്ടുള്ള ഒരു സാധനമാണ്. മമ്മൂട്ടി എന്ന നടനും മെഗാസ്റ്റാറിനുമുള്ള ട്രിബ്യൂട്ട് ആയിരിക്കും അത്. അത് വരുന്നുണ്ട്. അങ്ങനെയൊരു സാധനം പ്ലാന്‍ ചെയ്യുന്നുണ്ട്. നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രോജക്റ്റുകള്‍ കഴിഞ്ഞിട്ട് ചെയ്യാം എന്നാണ് പ്ലാന്‍
മമ്മൂട്ടിയെ നായകനാക്കി മുരളി ഗോപിയുടെ രചനയില്‍ നവാഗതനായ ഷിബു ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. 2022ലായിരിക്കും ഈ ചിത്രമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു ദ ക്യു'വിനോട് പറഞ്ഞിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ സ്വപ്നമായിരുന്നു. മമ്മൂക്കക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്‍ സീക്വല്‍ ഉള്‍പ്പെടെ പ്ലാന്‍ ചെയ്തിരുന്നത്. ആ സ്വപ്നം സഫലമാവുകയാണെന്ന് വിജയ് ബാബു.
ലോക്ക് ഡൗണില്‍ മുരളി ഗോപി മമ്മൂട്ടിയോട് കഥ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചുവെന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്. അന്നത്തെ പോസ്റ്റിന് പൃഥ്വിരാജ് കമന്റിട്ടതിന് പിന്നാലെ എമ്പുരാനില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എമ്പുരാനെക്കുറിച്ച് മുരളി ഗോപി നേരത്തെ പറഞ്ഞത്
2022 മധ്യത്തോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. കോവിഡ് പ്രോട്ടോകോള്‍ കാരണമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാന്‍ സാധിക്കാത്തത്. വലിയ ക്യാന്‍വാസിലുള്ള ചിത്രമാണ് എമ്പുരാന്‍. വിദേശത്തും സിനിമ ചിത്രീകരിക്കേണ്ടതാണ്. മോഹന്‍ലാലിന്റെ കഥാപാത്രമായ എബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ച പോലെ സിനിമയിലെ പ്രിത്വിരാജിന്റെ കഥാപാത്രത്തിനും തുടര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദി ക്യൂ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ മുരളി ഗോപി പങ്കുവെച്ചത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി നേരത്തെ സൂചന നല്‍കിയിരുന്നു. സൂചന നല്‍കി മുരളി ഗോപി. എപ്പിസോഡിക് സ്വഭാവത്തില്‍ സിനിമയെക്കാള്‍ വെബ് സീരീസിന് അനുയോജ്യമായ രീതിയിലാണ് ലൂസിഫര്‍ ആലോചിച്ചിരുന്നത്. സിനിമയാക്കാമെന്ന തീരുമാനത്തില്‍ എത്തിയപ്പോഴും ട്രിലജി എന്ന നിലയ്ക്കാണ് ആലോചിച്ചതെന്ന് മുരളി ഗോപി മുന്‍പ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 200 കോടി ബോക്സ് ഓഫീസില്‍ നേടിയ മലയാളത്തിലെ ആദ്യ സിനിമയുമാണ്. ലൂസിഫറിനെക്കാള്‍ ഉയര്‍ന്ന ബജറ്റിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം.