‘മാമാങ്ക’ത്തിന് പ്രദര്‍ശനാനുമതി, കഥ സജീവ് പിള്ളയുടേത് തന്നെയെന്ന് ഹൈക്കോടതി; തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കാന്‍ നിര്‍ദേശം

‘മാമാങ്ക’ത്തിന് പ്രദര്‍ശനാനുമതി, കഥ സജീവ് പിള്ളയുടേത് തന്നെയെന്ന് ഹൈക്കോടതി; തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കാന്‍ നിര്‍ദേശം

Published on

മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന്റെ രചയിതാവ് ആദ്യ സംവിധായകന്‍ സജീവ് പിള്ള തന്നെയാണെന്ന് ബോധ്യപ്പെട്ടതായി അറിയിച്ച ഹൈക്കോടതി തിരക്കഥാകൃത്തിന്റെ പേരൊഴിവാക്കി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ നിര്‍ദേശിച്ചു. മാമാങ്കത്തിന്റെ കഥ തന്റെയാണന്നും തന്റെ പേര് ഒഴിവാക്കിയത് നിയമ വിരുദ്ധമാണന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് സജീവ് പിള്ള സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്.

നിലവില്‍ അവലംബിത തിരക്കഥയെന്ന പേരില്‍ ശങ്കര്‍ രാമകൃഷ്ണന്റെ പേരായിരുന്നു ചിത്രത്തില്‍ ചേര്‍ത്തിരുന്നത്. അത് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. കഥയുടെ പകര്‍പ്പവകാശം താന്‍ വാങ്ങിയതാണെന്ന നിര്‍മാതാവ് വേണു കുന്നപ്പിള്ളിയുടെ വാദം തള്ളിക്കൊണ്ടാണ് കോടതി തീരുമാനം. നാളെയാണ് സിനിമയുടെ റിലീസ്. നിരവധി ആളുകളുടെ അധ്വാനഫലം കലാസൃഷ്ടിക്ക് പിന്നിലുള്ളത് കണക്കിലെടുത്താണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും കോടതി വ്യക്തമാക്കി.

കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന 'ഫസ്റ്റ് ലുക്ക്' പോസ്റ്ററില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സ്‌ക്രിപ്റ്റ് വികലമാക്കാന്‍ കഴിയില്ല എന്ന തന്റെ നിലപാടായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ഇപ്പോള്‍ അതിനെ സൂത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ മറികടന്നിരിക്കുകയാണെന്നും സജീവ് പിള്ള പറഞ്ഞിരുന്നു. മാമാങ്കം നോവലും സജീവ് പിള്ള പുറത്തിറക്കിയിട്ടുണ്ട്.

മാമാങ്കം ചിത്രീകരണത്തില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നുവെന്നും നിര്‍മ്മാതാവിന് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് മുന്‍പ് സജീവ് പിള്ള പറഞ്ഞിരുന്നത്. 13 കോടിയോളം നഷ്ടം വരുത്തിയെന്നും സജീവ് പിള്ളയുടെ പരിചയക്കുറവ് സിനിമയെ ദോഷകരമായി ബാധിച്ചെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ മറുപടി. എം പത്മകുമാര്‍ ചിത്രം ആണ് പിന്നീട് സംവിധാനം ചെയ്തത്.

മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലുമെത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, അനു സിത്താര സുദേവ് നായര്‍, കനിഹ, സിദ്ധിഖ്, പ്രാചി തെഹ്ലാന്‍, തരുണ്‍ അറോറ, മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങി വലിയ താര നിര തന്നെ മാമാങ്കത്തിലുണ്ട്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. മനോജ് പിള്ളയാണ് ക്യാമറ.

logo
The Cue
www.thecue.in