ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം വിമര്‍ശനാത്മകമായ പ്രേക്ഷകര്‍ മലയാളികളാണെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. അവരെ ജയിക്കുക എന്നത് വലിയ കാര്യമാണ്. മലയാളി പ്രേക്ഷകര്‍ക്ക് തന്നെ ഇഷ്ടപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു എന്ന് കല്യാണി ദ ക്യുവിനോട് പറഞ്ഞു.
'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ക്രിട്ടിക്കലായ പ്രേക്ഷകര്‍ മലയാളികളാണ്. അവരെ ജയിക്കുക എന്നത് വലിയ കാര്യമാണ്. എന്താണെങ്കിലും സ്‌നേഹിക്കും എന്നൊന്നില്ല അവര്‍ക്ക്. ഒരു സിനിമയില്‍ അവര്‍ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാല്‍ അവര്‍ നിങ്ങളെ സ്‌നേഹിക്കും. ഒരു പക്ഷെ ആ സിനിമയില്‍ അവര്‍ക്ക് നിങ്ങളുടെ അഭിനയം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ അവര്‍ നിങ്ങളെ ഇഷ്ടമാണെന്ന് പറയില്ല. എന്റെ അനുഭവം വെച്ച് മലയാളി പ്രേക്ഷകര്‍ അങ്ങനെയാണ്. അതുകൊണ്ട് അവര്‍ക്ക് എന്നെ ഇഷ്ടപെടില്ലെന്ന പേടി എനിക്ക് ഉണ്ടായിരുന്നു', കല്യാണി പറയുന്നു.
'അതുകൊണ്ട് തന്നെ എനിക്ക് ആദ്യം മലയാള സിനിമ ചെയ്യാന്‍ പേടിയായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ആദ്യ ദിവസം ഞാന്‍ റിവ്യൂസ് നോക്കാന്‍ ഫോണിലൂടെ സ്‌ക്രോള്‍ ചെയ്യുകയായിരുന്നു. അന്ന് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു എന്നെ കുറിച്ച്. അത് കണ്ട് സത്യം പറഞ്ഞാല്‍ ഞാന്‍ പൊട്ടികരഞ്ഞു'വെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണ് അവസനാമായി റിലീസ് ചെയ്ത കല്യാണി പ്രിയദര്‍ശന്റെ മലയാള ചിത്രം. ആഗസ്റ്റ് 12ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ ബീപാത്തു എന്ന വ്‌ലോഗറുടെ വേഷമാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. ലുക്മാന്‍ അവറാന്‍, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.