വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലെ കഥാപാത്രം നിവിൻ പോളിയുടെ കയ്യിൽ നിൽക്കുന്ന റോളുകളിലൊന്നാണെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. രണ്ട് കാലഘട്ടത്തിലെ സിനിമാന്തരീക്ഷം പ്രമേയമാകുന്ന സിനിമയിൽ പുതിയ കാലത്തെ സൂപ്പർതാരമായാണ് നിവിൻ എത്തുന്നത്. ഗസ്റ്റ് റോളിലാണ് നിവിൻ ചിത്രത്തിലുള്ളത്. നിവിൻ നല്ല കൺവിക്ഷനോടെയാണ് ഈ കഥാപാത്രം ചെയ്തിരിക്കുന്നതെന്നും വിനീത് ശ്രീനിവാസൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ കഥാപാത്രത്തിനെ കുറിച്ച് കൂടുതൽ സൂചനകൾ നൽകിയിട്ടില്ല. തിയറ്ററിൽ തന്നെ കാണട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും വിനീത്.
വിനീത് ശ്രീനിവാസൻ പറഞ്ഞത്
തട്ടത്തിന് മുൻപ് നിവിന് അത്ര നല്ലതല്ലാത്ത ഒരു ഘട്ടം ഉണ്ടായിരുന്നു പക്ഷെ 2012 മുതൽ 2016 വരെ നിവിന്റെ പടങ്ങൾ ബാക്ക് ടു ബാക്ക് ഗംഭീരമായി വർക്ക് ആയിരുന്നു. ആ സമയത്താണ് ഞങ്ങൾ ജേക്കബിന്റെ സ്വർഗ്ഗരാജ്യം ചെയ്യുന്നത്. നമുക്ക് എല്ലാവർക്കും കരിയറിൽ ഓരോ ഘട്ടം ഉണ്ടാകുമല്ലോ, എല്ലാവർക്കും എല്ലാ സിനിമകളും വർക്ക് ആകണമെന്നില്ല. നിവിന്റെ ഇനി വരാനുള്ള ഡിജോ ജോസിന്റെ പടം മലയാളി ഫ്രം ഇന്ത്യ ഗംഭീര സിനിമ ആയിരിക്കും. അതിൽ ആർക്കും സംശയമില്ല. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ കഥാപാത്രം നിവിന്റെ കയ്യിൽ നിൽക്കുന്നൊരു സാധനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിവിൻ അത് നല്ല കൺവിക്ഷനോടെ ചെയ്തിട്ടുമുണ്ട്. അധികം സൂചനകൾ നമ്മൾ നിവിന്റെ കഥാപാത്രത്തിനെപ്പറ്റി കൊടുത്തിട്ടില്ല. അത് തിയറ്ററിൽ തന്നെ കാണട്ടെ എന്ന് കരുതിയാണ്.
ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം' . കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തും. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.