സംവിധായകന്‍ കമലിനെതിരെ യുവനടി ലൈംഗിക പീഡന പരാതി ഉന്നയിച്ചെന്ന വാര്‍ത്തയിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി മഹേഷ് പഞ്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജനംടിവിയാണ് ഒരു വര്‍ഷം മുമ്പ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് അയച്ച വക്കീല്‍ നോട്ടീസ് പുറത്തുവിട്ട് കമലിനെതിരെ യുവനടി ലൈംഗിക പീഡനത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത നല്‍കിയത്. വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്തുപോയ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമല്‍ ആരോപിച്ചിരുന്നു. കമലിനെതിരായി ഉയര്‍ന്ന വ്യക്തിപരമായ ആരോപണത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് മഹേഷ് പഞ്ചു ദ ക്യുവിനോട് പ്രതികരിച്ചു.
ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിലേക്കാണ് എന്നെ വലിച്ചിഴക്കുന്നത്. അദ്ദേഹത്തിനെതിരെ വ്യക്തിപരമായി ഉയര്‍ന്ന ആരോപണമാണ്. അതില്‍ എനിക്ക് എങ്ങനെ ബന്ധമുണ്ടാകും. വക്കീല്‍ നോട്ടീസ് അയച്ച ആള്‍ക്കെതിരെ കേസ് കൊടുക്കുകയല്ലേ അദ്ദേഹം ചെയ്യേണ്ടത്.
നേരത്തെ കമല്‍ പ്രതികരിച്ചത്
വാസ്തവ വിരുദ്ധമായ ആരോപണമാണ്. കഴിഞ്ഞ വര്‍ഷം ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്നത് സത്യമാണ്. ഓഫീസില്‍ ഇല്ലാത്തതിനാല്‍ അക്കാദമി ചെയര്‍മാന്‍ എന്ന നിലക്ക് വന്ന കത്താണെന്ന് കരുതി സെക്രട്ടറിയോട് പൊട്ടിച്ച് ഉള്ളടക്കം എന്താണെന്ന് നോക്കാമോ എന്ന് ചോദിച്ചു. അടിസ്ഥാന രഹിതമായ ആരോപണമായിരുന്നു വക്കീല്‍ നോട്ടീസില്‍. ആരോപണം കെട്ടിച്ചമച്ചതാണെന്ന് മനസിലാക്കിയതിന് പിന്നാലെ വക്കീലിനെ ഇക്കാര്യം അറിയിച്ചു. പരാതിക്കാരിയില്‍ നിന്നോ അവരുടെ വക്കീലില്‍ നിന്നോ തുടര്‍പ്രതികരണം ഉണ്ടായിരുന്നില്ല. അതോടെ ആരോപണത്തെ ആ വഴിക്ക് വിട്ടു. ജനം ചാനലിനോടുള്ള പ്രതികരണവും തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്. പ്രതിഫലത്തെ ചൊല്ലി നിര്‍മ്മാതാവുമായി ഉണ്ടായിരുന്ന പ്രശ്‌നം ഒത്തുതീര്‍ന്നിരുന്നോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഈ ആരോപണത്തില്‍ ഒത്തുതീര്‍പ്പുണ്ടായി എന്ന പ്രതികരണമായി ചാനല്‍ നല്‍കിയത്. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് നീക്കിയ ഭാരവാഹിക്കും എന്റെ അഭിഭാഷകനുമാണ് വക്കീല്‍ നോട്ടീസിന്റെ കാര്യം അറിയാവുന്നത്. അക്കാദമിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാനുണ്ടായ സാഹചര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. അപ്പോള്‍ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകും. വ്യക്തിപരമായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലക്കും തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്നാണ് കരുതുന്നത്. ഇങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ എനിക്കെതിരെ പരാതിക്കാരി കേസ് കെടുക്കാത്തതും,പരസ്യമായി രംഗത്ത് വരാത്തതും എന്തുകൊണ്ടാണ്. സിനിമാ ജീവിതത്തിലുടനീളം കമല്‍ എന്നറിയപ്പെടുന്ന എന്നെ കമാലുദ്ദീന്‍ മുഹമ്മദ് എന്ന് വിളിക്കുന്നവര്‍ക്കും ചാനലിനും എന്റെ മതസ്വത്വത്തെ മുന്‍നിര്‍ത്തി ആക്രമിക്കാനുള്ള നീക്കവുമായിരിക്കാം ഇത്. എന്റെ സിനിമയില്‍ താരനിര്‍ണയം നടത്തുന്നത് കാസ്റ്റിംഗ് ടീമും സഹസംവിധായകരുമായി ചേര്‍ന്നാണ്, അല്ലാതെ ഞാന്‍ നേരിട്ടല്ല.
വക്കീല്‍ നോട്ടീസിലെ ഉള്ളടക്കം
ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്ടതായും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വക്കീല്‍ നോട്ടീസിലെ ആരോപണം.
വാഗ്ദാനം ചെയ്ത നായികാ വേഷം നല്‍കിയില്ലെന്നും ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമല്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയണമെന്നും പെണ്‍കുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് 2019 ഏപ്രില്‍ 26ന് അയച്ച വക്കീല്‍ നോട്ടീസിലെ ഉള്ളടക്കം.