മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ്ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് ഓണം റിലീസായി തീയറ്ററുകളിൽ റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നിശ്ചയിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുവാൻ സാധിക്കുമെന്ന് സിനിമയുടെ നിർമ്മാതാക്കൾക്ക് പോലും വിശ്വാസമില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ.
റിലീസുമായി ബന്ധപ്പെട്ട സിനിമയുടെ വർക്കുകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷ തങ്ങൾക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി തിയേറ്ററുകൾ തുറന്നാൽ തന്നെ പ്രേക്ഷകർ വരാൻ പോകുന്നില്ല. പിന്നെന്തിന് തുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾ ഇത്രയും ഭയപ്പെടുന്ന ഈ അവസ്ഥയിൽ കുടുംബങ്ങൾ തിയേറ്ററിലേക്ക് വരില്ല. വെറുതെ തുറന്നിടാം എന്നേയുള്ളു. തിയേറ്റർ തുറന്നാൽ കറന്റ് ബില്ലിനും എസിയ്ക്കുമായി ഭീമമായ നഷ്ടമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൾട്ടിപ്ലക്സുകൾ ഉൾപ്പടെ 600ൽ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അതെ സമയം സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഒടിടിക്ക് നൽകില്ലെന്നും സംവിധായകൻ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. എപ്പോൾ റിലീസ് ചെയ്താലും ചിത്രത്തിന് ആളുകൂടുമെന്നും പ്രിയദര്‍ശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.