'അന്ന് ഞാന്‍ രാശിയില്ലാത്തവളായി മുദ്രകുത്തപ്പെട്ടു', ഏഴ് സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് വിദ്യാ ബാലന്‍

'അന്ന് ഞാന്‍ രാശിയില്ലാത്തവളായി മുദ്രകുത്തപ്പെട്ടു', ഏഴ് സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് വിദ്യാ ബാലന്‍
Published on

മോഹന്‍ലാലിനൊപ്പമുളള മലയാള സിനിമ 'ചക്രം' നടക്കാതെ പോയതോടെ ചലച്ചിത്രമേഖലയില്‍ രാശിയില്ലാത്തവളായി മുദ്രകുത്തപ്പെട്ടിരുന്നുവെന്ന് വിദ്യാ ബാലന്‍. ആദ്യ ഷെഡ്യൂളിന് പിന്നാലെ ഏഴിലധികം സിനിമകള്‍ തന്നെ തേടിയെത്തിയിരുന്നു. എന്നാല്‍ മലയാളത്തിലെ ആദ്യ ചിത്രം തന്നെ മുടങ്ങിയതോടെ തീരുമാനിച്ചുറപ്പിച്ച എല്ലാ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കി. മോഹന്‍ലാല്‍, വിദ്യാ ബാലന്‍, ദിലീപ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ലോറിത്താവളത്തിന്റെ പശ്ചാത്തലത്തില്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ ആലോചിച്ച സിനിമ ആദ്യ ഷെഡ്യൂളിന് പിന്നാലെ ഉപേക്ഷിക്കുകയായിരുന്നു. തിരക്കഥയില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സിനിമ നിന്നുപോയതിന് പിന്നിലെന്ന് ലോഹിതദാസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 'ചക്രം' എന്ന പേരില്‍ തന്നെ ലോഹിതദാസ് പിന്നീട് ഈ തിരക്കഥയില്‍ സിനിമയൊരുക്കി.

വലിയ നിരാശകള്‍ക്കൊടുവില്‍ ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സര്‍ക്കാരിനെ കണ്ടതോടെയാണ് തന്റെ ജീവിതം വഴിമാറിയതെന്നും വിദ്യ ബാലന്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ആദ്യകാലത്ത് അവസരങ്ങള്‍ക്കായി ശ്രമിക്കുന്ന സമയത്ത് നേരിട്ട ബോഡിഷേമിങ്ങിനെക്കുറിച്ചും കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചും താരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഒരുപാട് ചിത്രങ്ങളില്‍ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷങ്ങളില്‍ മാറ്റി. ചിലതില്‍ നിന്ന് ഷൂട്ട് തുടങ്ങിയതിന് ശേഷം മാറ്റിയിരുന്നതായും താരം പറയുന്നു.

'പിന്നീട് വലിയ പ്രതീക്ഷയോടെ ഏറ്റെടുത്ത തമിഴ് ചിത്രത്തില്‍ നിന്നുകൂടി ഒഴിവാക്കിയതോടെ ജീവിതത്തില്‍ വലിയ നിരാശയും ദേഷ്യവുമായി. ഞാന്‍ ആ സമയത്ത് എന്റെ ദേഷ്യമെല്ലാം തീര്‍ത്തത് അമ്മയോടായിരുന്നു. പ്രാര്‍ത്ഥിക്കാനും മെഡിറ്റേഷൻ ചെയ്യാനും അമ്മ പറയുമായിരുന്നു. പക്ഷേ എന്റെ നിരാശ കാരണം ഞാന്‍ എപ്പോഴും വഴക്കിട്ടുകൊണ്ടിരുന്നു.' വിദ്യ പറയുന്നു.

ഗണിതശാസ്ത്രഞ്ജ ശകുന്തളാദേവിയുടെ ബയോപ്പിക്കിന് ശേഷം അമിത് വി മസുര്‍കര്‍ സംവിധാനം ചെയ്യുന്ന 'ഷെര്‍ണി' ആണ് വിദ്യാ ബാലന്റെ വരാനിരിക്കുന്ന ചിത്രം.

'ചക്രം' ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് ലോഹിതദാസ് മുമ്പ് പറഞ്ഞത്:

'കമലും മോഹന്‍ലാലും നിര്‍മാതാവ് ജോണിയുമെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവര്‍ക്കു വേണ്ടിയെന്നല്ല ആര്‍ക്കു വേണ്ടിയും ഞാനൊരിക്കലും ഒരു മോശപ്പെട്ട കഥയെഴുതില്ല. തിരക്കഥയില്‍ കമലിന് ചില മാറ്റങ്ങള്‍ വേണമെന്ന് പറയുന്നു. കമല്‍ ഇതുവരെ എന്നോടൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഞാനതിന് തയ്യാറാണ്. ഒരു മോഹന്‍ലാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഞാനിടവരുത്തില്ല.'

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയില്‍ വിദ്യാ ബാലനെയാണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. പിന്നീട് വിദ്യാ ബാലന്‍ പിന്മാറി. രാഷ്ട്രീയ കാരണങ്ങളാണ് പിന്‍മാറ്റത്തിന് കാരണമെന്ന് വാദങ്ങളുണ്ടായി. മഞ്ജു വാര്യരാണ് പിന്നീട് മാധവിക്കുട്ടിയുടെ റോളിലെത്തിയത്. ചക്രം ഉപേക്ഷിക്കപ്പെട്ടതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി കമല്‍ സിനിമ ചെയ്തിട്ടുമില്ല. ഒന്ന് രണ്ട് സിനിമകള്‍ മോഹന്‍ലാലിന് വേണ്ടി ആലോചിച്ചെങ്കിലും മുന്നോട്ട് പോയില്ലെന്നാണ് ഇതേക്കുറിച്ച് കമല്‍ പറഞ്ഞിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in