നായാട്ടിലെ ഇന്‍ട്രോ വന്നിട്ടും അമ്മയുടെ കമന്റില്ല, 'എടാ അത് നീയായിരുന്നോ' എന്ന് ചോദിച്ചു

നായാട്ടിലെ ഇന്‍ട്രോ വന്നിട്ടും അമ്മയുടെ കമന്റില്ല, 'എടാ അത് നീയായിരുന്നോ' എന്ന് ചോദിച്ചു
Published on

കുഞ്ചാക്കോ ബോബന്റെ രണ്ട് സിനിമകളാണ് ഒരേ സമയം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് നെറ്റ്ഫള്കിസിലും അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ ആമസോണ്‍ പ്രൈം വീഡിയോയിലും. നായാട്ട് എന്ന സിനിമ തിയറ്ററില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഒടിടിയിലാണ് കണ്ടെതെന്നും ചാക്കോച്ചന്‍. നായാട്ട് കണ്ടുതുടങ്ങിയപ്പോല്‍ അമ്മ ;അത് നീയായിരുന്നോ; എന്ന് ചോദിച്ചത് ഏറെ ആഹ്ലാദിപ്പിച്ചതായി കുഞ്ചാക്കോ ബോബന്‍.

മനോരമ വാരാന്തപ്പതിപ്പ് അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസുകാരനെയാണ് ചാക്കോച്ചന്‍ നായാട്ടില്‍ അവതരിപ്പിച്ചത്. ജോണ്‍ ബേബി എന്ന ജഡ്ജിനെയാണ് നിഴലില്‍ അവതരിപ്പിച്ചത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

നായാട്ട് ഒ.ടി.ടിയില്‍ വന്ന അന്ന് രാത്രി 12ന് സിനിമ കാണാനിരുന്നത് അമ്മക്കൊപ്പമാണ്. പടം തുടങ്ങി എന്റെ ഇന്‍ട്രോഡക്ഷന്‍ സീന്‍ വന്നുപോയി. അമ്മയുടെ കമന്റ് ഒന്നുമില്ല. സാധാരണ എന്തെങ്കിലും പറയുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തട്ടിവിളിച്ചുചോദിച്ചു. ''എടാ അത് നീയാരുന്നോ?''. നായാട്ടില്‍ 'ചാക്കോച്ചനെ കാണാനില്ല' എന്ന് പലരും വിളിച്ചു പറഞ്ഞിരുന്നുവെങ്കിലും അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി. പതിവ് താരസങ്കല്‍പ്പങ്ങള്‍ ചേരാത്ത പൊലീസുകാരനാണ് പ്രവീണ്‍ മൈക്കിള്‍. വലിയ തയ്യാറെടുപ്പുണ്ട് ആ കഥാപാത്രത്തിന് പിന്നില്‍. ഷൂട്ടിന് മുമ്പ് ഞങ്ങള്‍ ചങ്ങനാശേരി പൊലീസ് സ്റ്റേഷനില്‍ പോയി പ്രവര്‍ത്തനങ്ങള്‍ കണ്ടുമനസിലാക്കിയിരുന്നു. ഡയലോഗ് കുറവും ഭാവങ്ങള്‍ക്ക് പ്രാധാന്യം കൂടുതലുമാണ് പ്രവീണിന്. ചലനങ്ങള്‍, നടത്തം, കണ്ണിന്റെയും പുരികത്തിന്റെയും ചെറിയ അനക്കങ്ങള്‍ എങ്ങനെ വേണം എന്നതില്‍ പോലും മാര്‍ട്ടിന് കൃത്യമായ ധാരണയുണ്ടായിരുന്നു.

ഷാഹി കബീറിന്റെ തിരക്കഥയിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ട് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ കൂടാതെ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാണ്. ജോജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു കഴിഞ്ഞ ദിവസം സന്ദേശമയച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in