ഷാഹിദ് കപൂര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ കബീര്‍ സിംഗ് എന്ന ചിത്രം സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. വിജയ് ദേവരകൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് കബീര്‍ സിംഗ്. ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രം കിയാര അദ്വാനിയുടെ പ്രീതി എന്ന കഥാപാത്രത്തെ അടിക്കുന്ന സീനാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.
എന്നാല്‍ ചിത്രത്തിലെ അടിക്കുന്ന സീനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ അനാവശ്യമായിരുന്നു എന്നാണ് നടി കിയാര അദ്വാനി പറയുന്നത്. അടുത്തിടെ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'അനാവശ്യമായി വലിയ പ്രശ്നമാക്കിയ ആ ഇന്റര്‍വെല്‍ സീനിലെ അടിക്ക് ശേഷം പ്രീതി അയാളുമായുള്ള ബന്ധം വേണ്ടെന്ന് വെക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ആരും അത് കാണുന്നില്ല. അത് നിങ്ങള്‍ എല്ലാവരും മറക്കുകയാണ് ചെയ്യുന്നത്. പിന്നീട് അവളുടെ അടുത്തേക്ക് അവന്‍ തിരിച്ച് വരുമ്പോള്‍ അവള്‍ അയാളെ സ്വീകരിക്കുകയാണ്. അത് ആരും അയാളെ അവള്‍ സ്വീകരിക്കരുത് എന്ന് ആഗ്രഹിച്ചപ്പോഴായിരുന്നു. അവസാനം അവര്‍ പരസ്പരം നേരിട്ട് സംസാരിക്കുമ്പോഴും പ്രീതി കബീറിനോട് പറയുന്നത്, അയാള്‍ക്ക് തെറ്റി പറ്റിയെന്ന്', കിയാര പറയുന്നു.
'പക്ഷെ അവളുടെ മുന്നിലുള്ളത് അവളുടെ പ്രണയമാണ്. അതുകൊണ്ട് അവള്‍ കബീറിനെ സ്വീകരിക്കുന്നു. അതാണ് സ്നേഹം എന്നാണ് ഞാന്‍ കരുതുന്നത്. സിനിമയിലെ ഒരു സീന്‍ മാത്രം എടുത്ത് അനാവശ്യമായി വലിയ പ്രശ്നമാക്കുമ്പോള്‍ നിങ്ങള്‍ ആ സീനിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ ആ സിനിമ മുഴുവനായി കണ്ടിട്ടില്ലെന്നാണെ'ന്നും കിയാര കൂട്ടിച്ചേര്‍ത്തു.
'എന്നെ സംബന്ധിച്ച് ഇതൊരു പ്രണയ കഥയാണ്. ജീവിതത്തില്‍ ഇത്തരം ചില പെരുമാറ്റങ്ങളോട് നമ്മളെ ക്ഷമിക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രണയം മാത്രമാണ്. ബന്ധങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഒരു ബന്ധത്തെ കുറിച്ച് മൂന്നാമതൊരാള്‍ക്ക് പറയാന്‍ വലിയ എളുപ്പമാണ്. ഒരു ബന്ധത്തില്‍ ആരെങ്കിലും ഒരാള്‍ വഞ്ചിക്കുകയാണെങ്കിലും, ഒരാള്‍ മറ്റൊരാളോട് ബഹുമാനമില്ലാതെ പെരുമാറുകയാണെങ്കിലും തല്ലുകയാണെങ്കിലും എല്ലാം പുറത്ത് നിന്ന് ഒരാള്‍ക്ക് ആ ബന്ധം ഉപേക്ഷിക്കാന്‍ പറയാന്‍ പറ്റും. പക്ഷെ ആ ബന്ധത്തിലായിരിക്കുന്ന രണ്ട് പേര്‍ക്ക് അത് മറ്റൊരു സങ്കീര്‍ണ്ണതയാണ്', കിയാര പറഞ്ഞു.