എന്ത് കൊണ്ട് ഡബ് ചെയ്തില്ലെന്ന് ലാൽ, കർണൻ കണ്ട് കരഞ്ഞെന്ന് അൽഫോൺസ്

എന്ത് കൊണ്ട് ഡബ് ചെയ്തില്ലെന്ന് ലാൽ, കർണൻ കണ്ട് കരഞ്ഞെന്ന് അൽഫോൺസ്
Published on

തമിഴ് നവനിരയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ മാരി സെല്‍വരാജ് ഒരുക്കിയ കര്‍ണന്‍ ഒടിടി റിലീസിന് പിന്നാലെയും വലിയ ചര്‍ച്ചയാണ് സൃഷ്ടിക്കുന്നത്. തമിഴകത്തെ ജാതിരാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് രണ്ടാം ചിത്രവും മാരി സെല്‍വരാജ് സംവിധാനം ചെയ്തിരിക്കുന്നത്. പൊടിയംകുളം എന്ന ഗ്രാമം നേരിടുന്ന ജാതീയ അവഗണനയും സമൂഹവും ഭരണകൂടവും കീഴാളജനതക്ക് മേല്‍ നടത്തുന്ന ജാതിയാക്രമണങ്ങളുമാണ് സിനിമയുടെ തീം. ധനുഷിനൊപ്പം ചിത്രത്തില്‍ യമരാജ എന്ന ശക്തമായ കഥാപാത്രമായെത്തിയത് സംവിധായകനും നടനുമായ ലാല്‍ ആണ്. ലാലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമെന്ന വിലയിരുത്തലാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്.

ഗാഭീര്യമുള്ള ശബ്ദം കൊണ്ട് കഥാപാത്രത്തിന് വേറിട്ട ഭാവുകത്വം നല്‍കുന്ന താരം, കര്‍ണ്ണനില്‍ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിനെ ചൊല്ലിയും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്തുകൊണ്ട് സിനിമയില്‍ സ്വന്തം ശബ്ദം നല്‍കിയില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ലാല്‍. സിനിമയില്‍ ലാലിന്റെ ഗംഭീരമായ അഭിനയമായിരുന്നുവെന്നും സിനിമ കണ്ട് അവസാനം കരഞ്ഞ് പോയെന്നും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റില്‍ പ്രതികരിച്ചു.

ലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

കർണ്ണൻ എന്ന സിനിമയിലെ യമ രാജ എന്ന കഥാപാത്രത്തിന് എന്റെ സ്വന്തം ശബ്ദം എന്തുകൊണ്ട് നൽകിയില്ല എന്ന് നിങ്ങളിൽ പലരും ചോദിക്കുന്നുണ്ട്. തിരുനെൽവേലി പശ്ചാത്തലമാക്കിയാണ് കർണ്ണൻ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ചെന്നൈ തമിഴും തിരുനെൽവേലി തമിഴും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇപ്പോൾ മലയാളത്തിൽ ആണെങ്കിൽ പോലും, ഒരാളോട് തൃശ്ശൂർ ഭാഷ സംസാരിക്കാൻ പറഞ്ഞാൽ അത് വെറും അനുകരണം മാത്രമായി പോകും. യഥാർത്ഥ തൃശ്ശൂർക്കാരൻ സംസാരിക്കുന്നത് പോലെയാകില്ല.

ഭാഷയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ് കർണ്ണൻ. ഭൂരിഭാഗം അഭിനേതാക്കളും ആ ഭാഗത്ത് നിന്നുള്ളവർ തന്നെ ആയിരുന്നു . ഞാൻ എന്റെ ശബ്ദം നൽകിയിരുന്നെങ്കിൽ എന്റെ ഡബ്ബിങ് അവരുടെ ഭാഷ ശൈലിയിലുമായി പൊരുത്തപ്പെടില്ലായിരുന്നു. ആ സിനിമയ്ക്കായി നൂറു ശതമാനത്തിൽ കുറഞ്ഞത് ഒന്നും നൽകാൻ എനിക്ക് താല്പര്യമില്ലായിരുന്നു.

സംവിധായകൻ മാരി സെൽവരാജിന്റെയും നിർമ്മാതാവിന്റെയും നിർബന്ധം മൂലം ഡബ്ബിങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു . എന്നാൽ സിനിമയുടെ ഗുണത്തിനായി തിരുനെൽവേലി സ്വദേശിയെക്കൊണ്ടാണ് ഡബ്ബ് ചെയ്ച്ചത്.

പരിയേറും പെരുമാള്‍ എന്ന സിനിമക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണനില്‍ ടൈറ്റില്‍ റോളിലാണ് ധനുഷ്. രജിഷ വിജയനാണ് നായിക.

Related Stories

No stories found.
logo
The Cue
www.thecue.in