അശ്‌ളീല തമാശകളോ ജാതീയതയോ കരിക്ക് ചെയ്യുന്ന വീഡിയോയില്‍ വരരുതെന്ന് ടീമിന് നിര്‍ബന്ധമുണ്ടെന്ന് ജോര്‍ജിനെ അവതരിപ്പിക്കുന്ന അനു.കെ.അനിയനും ലോലനെ അവതരിപ്പിക്കുന്ന ശബരീഷും. ''ഞങ്ങളുടെ എല്ലാവരുടെയും ചിന്താഗതി അങ്ങനെയായതുകൊണ്ടാണത്. എന്നാലും ഇടയ്ക്ക് അറിയാതെ എന്തെങ്കിലും വന്നുപോയാല്‍ നിഖിലേട്ടന്‍ അത് തിരുത്താറുണ്ട്. '' ഗൃഹലക്ഷ്മി അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കളിയാക്കലോ ബോഡിഷെയ്മിങ്ങ് പോലുള്ള കാര്യങ്ങളോ ഞങ്ങളുടെ വീഡിയോയില്‍ ഉള്‍പ്പെടുത്താറില്ലെന്നും അനുവും ശബരീഷും
'ഞങ്ങളുടെ തമാശകളും അങ്ങനെയല്ല. കരിക്കിന്റെ വീഡിയോ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കൊരു പ്രത്യേക അജണ്ട തന്നെയുണ്ട്. അശ്ലീല തമാശകളോ ജാതീയതയോ വരരുതെന്ന് നിര്‍ബന്ധമുണ്ട്. കാരണം ഇത് കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകള്‍ വരെ കാണുന്നതാണ്. എല്ലാവരും എന്‍ജോയ് ചെയ്യാനും അവരുടെ മറ്റ് അസ്വസ്ഥതകളൊക്കെ കളഞ്ഞ് മനസ്സ് തണുപ്പിക്കാനുമൊക്കെയാണ് കരിക്ക് കാണുന്നത്.''
കരിക്ക് തുടങ്ങിയിട്ട് മൂന്നു കൊല്ലമായിട്ടേയുള്ളൂ. തുടക്കത്തില്‍ ഒരുപാട് പേര്‍ക്ക് നമുക്ക് ഉത്തരം കൊടുക്കണമായിരുന്നു. ഇതെന്താണെന്ന് പലരെയും മനസ്സിലാക്കി കൊടുക്കേണ്ടി വന്നു. തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ് ഞങ്ങള്‍. ഇങ്ങനെ പണിയില്ലാതെ നടക്കണോ, യുടൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെ ചോദിച്ചവരുണ്ടെന്നും ഇരുവരും പറയുന്നു. ബന്ധുക്കളുടെ അടുത്ത് നിന്നുപോലും വലിയ വിമര്‍ശനമായിരുന്നു. അങ്ങനെ ചോദിച്ചവരുടെയൊക്കെ ചിന്താഗതി ഞങ്ങള്‍ക്ക് മാറ്റാന്‍ പറ്റി. ഇപ്പോ അവരൊക്കെ പരിപാടി നന്നാവുന്നുണ്ട്, അടുത്ത വീഡിയോ എന്നാണ് ഇടുന്നത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി.