രഞ്ജിത്തിനൊപ്പം അസിസ്റ്റ് ചെയ്ത കാലത്ത് കിട്ടിയ ത്രെഡ്, കപ്പേളയെക്കുറിച്ച് സംവിധായകന്‍ മുഹമ്മദ് മുസ്തഫ

രഞ്ജിത്തിനൊപ്പം അസിസ്റ്റ് ചെയ്ത കാലത്ത് കിട്ടിയ ത്രെഡ്, കപ്പേളയെക്കുറിച്ച് സംവിധായകന്‍ മുഹമ്മദ് മുസ്തഫ
Published on
Summary

ദേശീയ പുരസ്‌കാര ജേതാവായ നടന്‍ മുഹമ്മദ് മുസ്തഫ സംവിധായകനാകുന്ന സിനിമയാണ് കപ്പേള. അന്ന ബെന്‍,റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി,തന്‍വി റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കപ്പേളയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഹൈറേഞ്ചില്‍ നിന്നും നഗരത്തിലെത്തുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയെക്കുറിച്ച് മുസ്തഫ സംസാരിക്കുന്നു.

Q

നടനില്‍ നിന്നും സംവിധായകനിലേയ്ക്കുള്ള ദൂരം?

A

ആ ദൂരം വളരെ വലുതാണെന്ന് പറയാം. വര്‍ഷങ്ങളായുള്ള ആലോചനകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ശേഷമാണ് ഈ കുപ്പായം ഞാന്‍ എടുത്ത് അണിയുന്നത്. ഏറെ ഇഷ്ടത്തോടെയും ഉത്തരവാദിത്വത്തോടെയുമാണ് ഞാന്‍ സംവിധാനത്തിലേയ്ക്ക് തിരിഞ്ഞത്.

Q

സംവിധാനം തന്നെയായിരുന്നോ ആഗ്രഹം?

A

വര്‍ഷങ്ങളായി മനസ്സില്‍ കിടക്കുന്ന ഒരു ആഗ്രഹമാണ് സംവിധായകന്‍ ആവുകയെന്നത്. കാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോഴും അതിന് പിന്നിലുള്ള പ്രയത്നങ്ങളെകുറിച്ച് അറിയണമെന്ന് തോന്നി. കാരണം അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിശ്രമങ്ങള്‍ എപ്പോഴും അതിന്റെ പിന്നാമ്പുറങ്ങളില്‍ സംഭവിക്കുന്നുണ്ട്. അങ്ങനെയാണ് സംവിധായകന്‍ ആകാന്‍ തീരുമാനിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന സമയത്താണ് സുഹൃത്തുക്കളില്‍ നിന്നും ഈ കഥയുടെ ത്രെഡ് തനിക്ക് ലഭിക്കുന്നത്. അങ്ങനെ ആ കഥയെ പരിഷ്‌കരിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂടുകയും ഒടുവില്‍ കപ്പേള പിറവി എടുക്കുകയും ചെയ്തു.

Q

കപ്പേള പോസ്റ്ററില്‍ നിന്ന് നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് പ്രേക്ഷകര്‍ക്ക് ആദ്യ സൂചന കിട്ടുന്നുണ്ടാകും?

A

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നല്ല അഭിപ്രായമാണ് ലഭിച്ചത്. നേരത്തേ പറഞ്ഞതുപോലെ ഒരു പെണ്‍കുട്ടിയുടെ കഥയാണ് കപ്പേള. ഒരു സ്റ്റോറി ടെല്ലര്‍ എന്ന രീതിയിലാണ് കഥ നീങ്ങുന്നത്. പോസ്റ്ററില്‍ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന അന്നാ ബെന്നിനെ കാണാം. റൊമാന്റിക് മൂഡിലാണ് ചിത്രം. കഥ പുരോഗമിക്കുമ്പോള്‍ ഉദ്വേഗജനകമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്കായി കരുതി വെച്ചിട്ടുണ്ട്. ഹൈറേഞ്ചില്‍ നിന്നും നഗരജീവിതത്തിലേയ്ക്ക് എത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ഇതിവൃത്തം. ബാക്കിയെല്ലാം തീയറ്ററില്‍ നിന്നറിയാം.

സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രമായതിനാല്‍ സുഷിന്‍ ശ്യാമിനെയാണ് സംഗീത സംവീധാനം ഏല്‍പിച്ചത്. ഇന്ന് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരുടെ നിരയില്‍ മുന്‍നിരയില്‍ തന്നെയുള്ള ആളാണ് സുഷിന്‍ ശ്യാം. സുഷിന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇന്നും ഹിറ്റ് ലിസ്റ്റിലുള്ളവയാണ്. വൈറസ്, അഞ്ചാം പാതിര എന്നിവയ്ക്കും സംഗീതം പകര്‍ന്നിരിക്കുന്നത് സുഷിന്‍ തന്നെയാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി കരുതുന്നു.

Q

അന്നയെ കൂടാതെ വലിയൊരു താരനിര തന്നെ സിനിമയില്‍ ഉണ്ട്?

A

തീര്‍ച്ചയായും. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, തന്‍വി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധി കോപ്പ, വിജിലേഷ്, നവാസ് വള്ളിക്കുന്ന് എന്നിവരെപ്പോലെയുള്ള മികച്ച താരങ്ങളും എന്റെ ചിത്രത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചു. സുധി കോപ്പയും വിജിലേഷുമെല്ലാം ഇന്നത്തെ സെന്‍സേഷന്‍ ആക്ടേഴ്സാണല്ലോ. അവര്‍ക്കൊപ്പമൊക്കെ നടനെന്ന നിലയിലും ഇപ്പോള്‍ സംവിധാകന്‍ എന്ന നിലയിലും സഹകരിക്കാന്‍ സാധിച്ചുവെന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. സുധീഷ്, നസീര്‍ സംക്രാന്തി, ആര്‍ ജെ നില്‍ജ തുടങ്ങി മറ്റ് നിരവധി താരങ്ങളും ചിത്രത്തില്‍ ഉണ്ട്.

നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് കപ്പേളയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥാസ് അണ്‍ടോള്‍സിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു ശോഭനയാണ് ഗാനരചയിതാവ്. ജിംഷി ഖാദിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ ജി മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ശ്രീരാജ്, ഡിക്സണ്‍ പൊടുത്താസ് എന്നിവരുടെ സംയുക്ത സംരംഭമായ ലോക്കല്‍ തിയറ്റേഴ്സ് ആണ്. കപ്പേളക്ക് ശേഷം ഒരു റോഡ് മൂവിയാണ് മനസ്സില്‍ ഉള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് വിവിധ സംസ്‌കാരങ്ങളും ഭാഷയും ഭക്ഷണവും ഒക്കെ അറിഞ്ഞൊരു റോഡ് മൂവി.

Related Stories

No stories found.
logo
The Cue
www.thecue.in