'സെൽഫി ക്യാമറ വന്നതിന് ശേഷം ആളുകളുടെ ശരീരഭാഷയിൽ വ്യത്യാസം വന്നിട്ടുണ്ട്': കനി കുസൃതി

'സെൽഫി ക്യാമറ വന്നതിന് ശേഷം ആളുകളുടെ ശരീരഭാഷയിൽ വ്യത്യാസം വന്നിട്ടുണ്ട്': കനി കുസൃതി
Published on

മൊബൈൽ ക്യാമറ വന്നതിന് ശേഷം ആളുകളുടെ ശരീരഭാഷയിൽ വലിയ വ്യത്യാസം വന്നിട്ടുണ്ടെന്ന് നടി കനി കുസൃതി. പുതിയ അഭിനേതാക്കൾ അഭിനയിക്കുമ്പോൾ അവരുടെ ഭംഗിയുള്ള ആംഗിളുകൾ ഒരുപാട് ശ്രദ്ധിക്കുന്നുണ്ടെന്നും നടി പറയുന്നു. 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് കനി കുസൃതി ഇക്കാര്യം പറഞ്ഞത്. അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ല, പൊതുവെ മറ്റാളുകളുമായി ഇടപെടുമ്പോൾ അവരും ഈ ആംഗിളുകൾ അനുസരിച്ചാണ് സഞ്ചരിക്കുന്നതെന്നും കനി കുസൃതി കൂട്ടിച്ചേർത്തു.

കനി കുസൃതി പറഞ്ഞത്:

എനിക്ക് പൊതുവെ തോന്നിയിട്ടുള്ള ഒരു നിരീക്ഷണം എന്താണെന്നു വെച്ചാൽ, ഈ മൊബൈൽ ക്യാമറയും സെൽഫി ക്യാമറയും വന്നതിന് ശേഷം ആളുകളുടെ ശരീരഭാഷയിൽ വലിയ വ്യത്യാസം വന്നിട്ടുണ്ട് എന്നതാണ്. സെൽഫി ക്യാമറകൾ വന്നതിന് ശേഷമുള്ള സിനിമകളിലെ അഭിനയവും അതിന് മുൻപുള്ള സിനിമകളിലും പൊതു ഇടങ്ങളിലെ സംസാര രീതിയിലുമെല്ലാം കാഴ്ചയിൽ ആളുകളുടെ ശരീരഭാഷ വ്യത്യാസമുള്ളത് പോലെ തോന്നിയിട്ടുണ്ട്. പുതിയ അഭിനേതാക്കൾ അഭിനയിക്കുമ്പോൾ തങ്ങളെ കാണാൻ ഏത് ആംഗിളിലാണ് ഭംഗി എന്ന് നോക്കിയാണ് ക്യാമറയുമായി ഇടപെടുന്നത്. അവർക്കറിയാം എങ്ങനെയാണ് തങ്ങൾ ക്യാമറയ്ക്ക് മുന്നിൽ ഉണ്ടാവുക എന്ന്. അങ്ങനെ ശ്രദ്ധിച്ചു അഭിനയിക്കുന്ന അവസ്ഥ കൂടുതലാണ് ഇപ്പോൾ. എല്ലാ അഭിനേതാക്കളെയും ഞാൻ ഇതിൽ ഉൾപ്പെടുത്തുന്നില്ല. ഇത് സിനിമയിൽ അഭിനയിക്കുന്നവർ മാത്രമല്ല. പൊതുവെ എല്ലാവരുടെയും കയ്യിൽ കാമറ ഉണ്ടല്ലോ ഇപ്പോൾ. പൊതുവെ ഇപ്പോൾ ആളുകളോട് സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും അവർ സഞ്ചരിക്കുന്നത് കുറച്ചു ആംഗിളുകളിലൂടെയാണ് എന്ന് തോന്നും. മുൻപ് അഭിനയിക്കുന്നവർ ക്യാമറയ്ക്ക് മുൻപിൽ നിൽക്കുന്ന രീതി തന്നെ വേറെയായിരുന്നു. അഭിനേതാക്കളോ അല്ലാത്തവരോ ഒക്കെ പണ്ട് ക്യാമറയെ നോക്കി സംസാരിക്കുന്ന രീതി തന്നെ വ്യത്യസ്തമായിരുന്നു.

സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ 'കാവൽ' എന്ന ചിത്രത്തിന് ശേഷം നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന വെബ്സീരീസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. ഒരു ജീവിതം, അഞ്ച് ഭാര്യമാർ എന്നാണ് വെബ് സീരീസിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. കനി കുസൃതിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി തുടങ്ങിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകൾ, വൈവിധ്യമാർന്ന വിവാഹ ശൈലികൾ എന്നിവയാൽ നിറഞ്ഞതാണ് ഈ വെബ് സീരീസ്. ജൂലൈ 19 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന സീരീസ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി തുടങ്ങി ഏഴ് ഭാഷകളിലായി ലഭ്യമാകും.

Related Stories

No stories found.
logo
The Cue
www.thecue.in