മറ്റെല്ലാവരും മനസ്സിലാക്കുന്നതിനു മുൻപേ ഓ.ടി.ടി യുഗം മുന്നിൽ കണ്ട ആളാണ് താനെന്ന് നടൻ കമൽ ഹാസൻ. അന്ന് താൻ ഈ ആശയം മുന്നോട്ട് വച്ചപ്പോൾ ഇൻഡസ്ടറിയിലെ എല്ലാവരും അതിനെ എതിർത്തു. എന്നാൽ ഇന്ന് താൻ പറയാൻ ശ്രമിച്ചത് എന്താണെന്ന് എല്ലാവർക്കും മനസ്സിലാക്കുന്നുവെന്നും കാരണം ഇപ്പോൾ ഇന്ത്യൻ പ്രേക്ഷകർ അന്താരാഷ്ട്ര സിനിമകൾ വരെ കാണാൻ തുടങ്ങിയെന്നും കമൽ ഹാസൻ പറഞ്ഞു. അബുദാബിയിൽ നടന്ന IIFA അവാർഡ്‌സിൽ ഔട്ട്‍സ്റ്റാന്ഡിങ് അച്ചീവ്‌മെന്റ് ഇൻ ഇന്ത്യൻ സിനിമക്കുള്ള അവാർഡ് സ്വന്തമാക്കിയതിന് ശേഷം പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
2013ൽ കമൽ ചിത്രമായ വിശ്വരൂപം തിയറ്ററിനോടപ്പം DTH ( ഡയറക്‌ട് ടു ഹോം) വഴി റിലീസ് ചെയ്യാൻ ശ്രമിച്ചപ്പോൾ തിയറ്റർ ഉടമകളുടെയും വിതരക്കാരുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ചിത്രം തിയേറ്ററിൽ റിലീസിന് ഒരു ദിവസം മുമ്പ് ഡിടിഎച്ചിൽ പ്രദർശിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, തിയേറ്റർ ഉടമകൾ പ്രതിഷേധം തുടരുകയും ചിത്രം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ചിത്രം ഡിടിഎച്ചിലും തിയേറ്ററുകളിലും ഒരേസമയം റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.പക്ഷെ, മറ്റ് പല കാരണങ്ങളാൽ, കമലഹാസന് പ്ലാൻ ചെയ്തതുപോലെ ഡിടിഎച്ചിൽ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല.
ശങ്കർ സംവിധാനം ചെയുന്ന 'ഇന്ത്യൻ 2' എന്ന ചിത്രമാണ് കമൽ ഹാസ്സന്റെതായി അടുത്ത പുറത്തിറങ്ങാനുള്ള ചിത്രം. ലൈക്ക പ്രൊഡക്ഷന്സും റെഡ് ജയന്റ് മൂവിസ് ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ 27 വർഷങ്ങൾക്ക് ശേഷം സേനാപതി എന്ന കഥാപാത്രത്തെയാണ് കമൽ ഹസ്സൻ അവതരിപ്പിക്കുന്നത്. കൂടാതെ 'പൊന്നിയിൻ സെൽവന്' ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെയും നായകൻ കമൽ ഹാസ്സനാണ്.