ഫഹദ്, നവാസുദ്ദീന്‍ സിദ്ധിഖി, ശശാങ്ക് അറോറ; പിറന്നാള്‍ ദിനത്തില്‍ ഇഷ്ടനടന്മാരെക്കുറിച്ച് കമല്‍ഹാസന്‍
പിറന്നാള്‍ ദിനത്തില്‍ തന്റെ ഇഷ്ട അഭിനേതാക്കളെക്കുറിച്ച് തുറന്നു പറഞ്ഞ് കമല്‍ഹാസന്‍. തമിഴ് മാധ്യമമായ വികടനിലെ മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കവെയാണ് മറ്റ് ഭാഷകളിലെ ഇഷ്ട നടന്മാരെക്കുറിച്ച് കമല്‍ഹാസന്‍ വെളിപ്പെടുത്തിയത്. മലയാളത്തില്‍ ഫഹദ് ഫാസിലാണ് തന്റെ ഇഷ്ട നടനെന്ന് കമല്‍ പറഞ്ഞു, തമിഴില്‍ ആരെയാണ് ഇഷ്ടമെന്ന് പറയുന്നില്ലെന്ന് പറഞ്ഞ താരം ഹിന്ദിയില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ധിഖിയും ശശാങ്ക് അറോറയെയുമാണ് തെരഞ്ഞെടുത്തത്.
എല്ലാ മികച്ച അഭിനേതാക്കളും എന്റെ പിന്‍ഗാമികളാകണമെന്നാണ് ആഗ്രഹം, തമിഴില്‍ നിന്ന് ഒരു അഭിനേതാവിനെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാനത് ചെയ്യില്ല, പക്ഷേ അടുത്ത സംസ്ഥാനങ്ങളിലാണെങ്കില്‍ കേരളത്തില്‍ ഫഹദ് ഫാസിലാണ് ഇഷ്ട നടന്‍, ഹിന്ദിയിലാണെങ്കില്‍ ഹേ റാമില്‍ എന്റെ സഹായിയായി കൂടി പ്രവര്‍ത്തിച്ചിട്ടുള്ള നവാസുദ്ദീന്‍ സിദ്ധിഖിയുടെ പ്രകടനം ഏറെ മികച്ചതാണ്, അതുപോലെ തന്നെ ശശാങ്ക് അറോറയുടേതും മികച്ച പ്രകടനമാണ്.
കമല്‍ഹാസന്‍
അഭിനേതാവ്, സംവിധായകന്‍,തിരക്കഥാകൃത്ത്, നിര്‍മാതാവ്, കൊറിയോഗ്രാഫര്‍, ഗായകന്‍ തുടങ്ങി സിനിമയുടെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള കമല്‍ഹാസന്റെ അറുപത്തിയഞ്ചാം പിറന്നാളാണ് ഇന്ന്.
ജന്മനാടായ പരമക്കുടിയിലാണ് താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള പിറന്നാള്‍ ആഘോഷം. തന്റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഡി ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യുവാന്‍ കൂടിയാണ് താരം നാട്ടിലെത്തിയിരിക്കുന്നത്. കമലിന്റെ പിതാവിന്റെ ചരമവാര്‍ഷികം കൂടിയാണ് ഇന്ന്. നാളെ ചെന്നൈയിലെ രാജ്കമല്‍ ഫിലിംസിന്റെ പുതിയ ഓഫീസില്‍ തന്റെ ഗുരുവായ കെ ബാലചന്ദറിന്റെ പ്രതിമയുടെ അനാച്ഛാദനവും താരം നടത്തും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം